മലയാറ്റൂരിന്റെ തുടക്കവും ഒടുക്കവും ഒടുക്കം തുടക്കം-@42.
പ്രമുഖ എഴുത്തുകാരന്‍ മലയാറ്റൂര്‍ രാമകൃഷ്ണന്റെ അധികം വായിക്കപ്പെടാതെ പോയ നോവലാണ് തുടക്കം ഒടുക്കം.

1981 ല്‍ ഐ.എ.എസില്‍ നിന്ന് രാജിവെച്ച ശേഷം മലയാറ്റൂരിന്റെ പ്രധാന ആഗ്രഹങ്ങളിലൊന്നായിരുന്നു സിനിമാ സംവിധായകനാവുക എന്നത്.
മഞ്ഞിലാസ് എന്ന നിര്‍മ്മാണ കമ്പനിയുടെ ഉടമയും സുഹൃത്തുമായ എം.ഒ.ജോസഫ് സിനിമ നിര്‍മ്മിക്കാമെന്ന് ഏറ്റു.
നേരത്തെ മലയാറ്റൂരിന്റെ യക്ഷി, പൊന്നി എന്നീ സിനിമകള്‍ മഞ്ഞിലാസ് ചലച്ചിത്രമാക്കിയിരുന്നു.
ഹരിഹരന്റെ പഞ്ചമി, ശരപഞ്ജരം, ഭദ്രന്റെ അയ്യര്‍ ദി ഗേറ്റ് എന്നീ സിനിമകളുടെ കഥയും മലയാറ്റൂരിന്റെതായിരുന്നു.
എഴുതിയ നോവലുകളില്‍ വ്യത്യസ്തമായ തുടക്കം ഒടുക്കം സിനിമയാക്കാമെന്ന് തീരുമാനിച്ചു.
കമ്യൂണിസ്റ്റാണെങ്കിലും അറം പറ്റേണ്ടെന്ന് കരുതിയാണ് പേര് ഒടുക്കം തുടക്കമെന്ന് മാറ്റിയത്.
രതീഷ്, കെ.പി.ഉമ്മര്‍, രാജ്കുമാര്‍, നന്ദിതാബോസ്, കലാരഞ്ജിനി എന്നിവരാണ് മുഖ്യവേഷത്തില്‍.
വിപിന്‍ദാസ് ക്യാമറയും എം.എസ്.മണി എഡിറ്റിംഗും നിര്‍വ്വഹിച്ചു.
കലാസംവിധാനം എസ്.കൊന്നനാട്ട്, പരസ്യം-എസ്.എ.നായര്‍. ചലച്ചിത്ര ഫിലിംസായിരുന്നു വിതരണക്കാര്‍.
ഒരു എസ്റ്റേറ്റിന്റെ പശ്ചാത്തലത്തില്‍ സെക്‌സും ഹൊററും ഒക്കെയുള്ള സിനിമ പക്ഷെ ഒരു വലിയ ദുരന്തമായി മാറി.
സിനിമാസ്‌ക്കോപ്പില്‍ നിര്‍മ്മിച്ച ഒടുക്കം തുടക്കം സാമ്പത്തികമായി വന്‍ പരാജയമാവുകയും മഞ്ഞിലാസ് എന്ന നിര്‍മ്മാണ കമ്പനി ചലച്ചിത്ര നിര്‍മ്മാണം തന്നെ ഉപേക്ഷിക്കേണ്ട അവസ്ഥയിലെത്തുകയും ചെയ്തു.
സംവിധാനം തനിക്ക് ചേര്‍ന്ന പണിയല്ലെന്ന് മനസിലാക്കിയ മലയാറ്റൂര്‍ പിന്നീട് പൂര്‍ണമായും സാഹിത്യരചനയിലേക്ക് മാറി.
സിനിമ സാമ്പത്തികമായി പരാജയപ്പെട്ടുവെങ്കിലും മലയാറ്റൂര്‍ എന്ന പ്രതിഭയുടെ മാന്ത്രികസ്പര്‍ശം നിറഞ്ഞ സിനിമ തന്നെയായിരുന്നു ഒടുക്കം തുടക്കം.
ക്ലൈമാക്‌സ് രംഗങ്ങളുടെ ചിത്രീകരണം പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന വിധത്തില്‍ മനോഹരമായിരുന്നു.
വലിയ വിജയമാകേണ്ട സിനിമ പരാജയപ്പെട്ടതിന്റെ കാരണം ഇന്നും അജ്ഞാതം.
മൂന്ന് ഗാനങ്ങളാണ് ഈ സിനിമയിലുള്ളത്. കൃഷ്ണദേവ് എഴുതിയ അരോമലേ അമലേ ആരാധികേ അഴകേ എന്ന ഗാനവും പി.ഭാസ്‌ക്കരന്‍ എഴുതിയ എന്റെ സങ്കല്‍പ്പമന്ദാകിനി എന്നീ ഗാനവും പാടിയത് യേശുദാസ്. തമിഴ്കവിയും ഗാനരചയിതാവുമായ പുലമൈപിത്തന്‍ എഴുതിയ കാലൈവന്തസൂരിയനെ പാടിത് മാധുരി.
ഗാനങ്ങളും അവയുടെ ചിത്രീകരണവും മികച്ചതായിരുന്നു. ദേവരാജന്‍ ഈണമിട്ട ഗാനങ്ങള്‍ ഇന്നും ഹിറ്റ് ചാര്‍ട്ടില്‍ തുടരുന്നു.
1982 മാര്‍ച്ച് 12 നാണ് 42 വര്‍ഷം മുമ്പ് ഇതേദിവസം സിനിമ റിലീസ് ചെയ്തത്.
