കണ്ണൂരില്‍ നിന്ന് മറ്റൊരു കുഞ്ഞിക്കഥ; കുഞ്ഞിനെ കിട്ടാനായി അച്ഛന്‍ ബാലാവകാശ കമ്മീഷനില്‍
തളിപ്പറമ്പ്:വ്യക്തമായ ആസൂത്രണത്തോടെ ഭാര്യവീട്ടുകാര്‍ ഭാര്യയേയും കുഞ്ഞിനേയും തന്നില്‍ നിന്നും തട്ടിയെടുത്തുവെന്നാരോപിച്ച് ഭര്‍ത്താവ് ബാലാവകാശ കമ്മീഷനിലും ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ക്കും പരാതി നല്‍കി.
പ്രസവാനന്തര വിഷാദം ബാധിച്ചിരുന്ന യുവതിയും കുഞ്ഞും മാസങ്ങളായി പുറംലോകവുമായി കാര്യമായ ബന്ധമില്ലാതെ വീട്ടില്‍ തളച്ചിടപ്പെട്ട നിലയിലാണെന്നും ഇത് ഇരുവരുടെയും ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുന്ന സാഹചര്യമാണെന്നും പരാതിയില്‍ പറയുന്നു.
ഇതുസംബന്ധിച്ച് പോലീസിലും മറ്റും പരാതി നല്‍കിയപ്പോഴും ഭാര്യയുടെ അമ്മ പറയുന്ന കാര്യങ്ങള്‍ അതേപടി ആവര്‍ത്തിക്കുക മാത്രമാണ് യുവതി ചെയ്തതെന്നും പരാതിയില്‍ പറയുന്നു.
ഇരിട്ടി സ്വദേശിനിയായ യുവതിയുടെ വീട്ടുകാര്‍ക്ക് ഇവര്‍ തമ്മിലുള്ള വിവാഹത്തില്‍ നേരത്തേ താല്‍പര്യമുണ്ടായിരുന്നില്ലെന്ന് പറയപ്പെടുന്നു. യുവാവിന്റെ കുടുംബാംഗങ്ങളുടെ മുന്‍കൈയില്‍ ഇവരുടെ നാട്ടില്‍വച്ചാണ് വിവാഹം നടന്നത്.
യുവതിയുടെ വീട്ടുകാരും അതില്‍ പങ്കാളികളായിരുന്നു. ഭാര്യയുടെ അമ്മ വനിതാ ശിശുവികസന വകുപ്പിനു കീഴില്‍ ജോലിചെയ്യുന്ന ആളാണ്.
വിവാഹം കഴിഞ്ഞ ആദ്യനാളുകളില്‍ തന്നെ യുവതിയുടെ അമ്മയും അവരുടെ സഹോദരിയും ഇവരുടെ കുടുംബകാര്യങ്ങളില്‍ അമിതമായി ഇടപെടാന്‍ ശ്രമിക്കുന്നതിന്റെ പേരില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു.
പിന്നീട് ഇതെല്ലാം പരിഹരിക്കുകയും യുവതി പയ്യന്നൂരിന് സമീപം ഒരു സ്വകാര്യ കോളജില്‍ അധ്യാപികയായി ജോലിചെയ്യുകയും ചെയ്തിരുന്നു.
യുവതി ഗര്‍ഭിണിയായ കാലത്ത് ലോക്ഡൗണ്‍ ആയിരുന്നതിനാല്‍ സ്വന്തം ഇഷ്ടപ്രകാരം ഭര്‍ത്താവിന്റെ വീട്ടില്‍ തന്നെയാണ് കഴിഞ്ഞിരുന്നത്.
എന്നാല്‍ പ്രസവം കഴിഞ്ഞാലുടന്‍ മകളെയും കുഞ്ഞിനെയും തങ്ങളുടെ വീട്ടിലേക്ക് മാറ്റണമെന്ന് ഭാര്യയുടെ അമ്മ ആവശ്യപ്പെട്ടിരുന്നു. യുവതിയുടെ വീട്ടുകാരുടെ പ്രത്യേക സ്വഭാവരീതികള്‍ മൂലം അയല്‍വാസികള്‍ക്കോ നാട്ടുകാര്‍ക്കോ ഇവരുമായി കാര്യമായ അടുപ്പമില്ലാത്ത നിലയാണ്.
അച്ഛനും അമ്മയും ഏറെക്കാലം വേര്‍പിരിഞ്ഞു താമസിച്ചിരുന്നതാണ്. വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചുവന്നിട്ടും വീടിന്റെ എല്ലാ മുറികളിലും യുവതിയുടെ അമ്മയ്ക്ക് പ്രവേശനം അനുവദിക്കുന്നതിനോ ഇവര്‍ ഉണ്ടാക്കിയ ഭക്ഷണം കഴിക്കുന്നതിനോ യഥാവിധി വീടിന്റെ അറ്റകുറ്റപണികള്‍ നടത്തുന്നതിനോ പോലും യുവതിയുടെ അച്ഛന്‍ തയ്യാറായിരുന്നില്ല.
പലപ്പോഴും യുവതിയുടെ അമ്മയെ ഇയാള്‍ വീട്ടില്‍ കയറ്റാതിരുന്ന സംഭവങ്ങളും ഉണ്ടായിരുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ മൂലമാണ് നാട്ടുകാരും ഈ കുടുംബത്തില്‍നിന്നും അകലം പാലിച്ചിരുന്നത്.
യുവതിയുടെ അച്ഛന് പാരമ്പര്യമായി ലഭിച്ച സ്വത്തുവകകളില്‍ മിക്കതും ഇതിനകം വില്‍പന നടത്തിയിരുന്നു. മകളെയും കുഞ്ഞിനെയും എങ്ങനെയെങ്കിലും വീട്ടിലെത്തിക്കാനായാല്‍ അവരെ ഉപയോഗപ്പെടുത്തി അവശേഷിക്കുന്ന സ്വത്തുക്കളെങ്കിലും തങ്ങള്‍ക്ക് ലഭിക്കുന്നതിനുള്ള ശ്രമം നടത്താന്‍ യുവതിയുടെ അമ്മ ആസൂത്രണം ചെയ്തിരുന്നതായും എന്നാല്‍ അവരുടെ കാര്യലാഭത്തിനുവേണ്ടി കുഞ്ഞിനെ ഉപയോഗപ്പെടുത്താന്‍ അനുവദിക്കില്ലെന്ന നിലപാടാണ് താന്‍ സ്വീകരിച്ചതെന്നും പരാതിയില്‍ പറയുന്നു.
മകള്‍ക്ക് ജനിക്കാന്‍ പോകുന്ന മകന്‍ തന്റെ കുടുംബത്തിലെ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കുമെന്നും തനിക്ക് നഷ്ടപ്പെട്ടുപോയ സൗഭാഗ്യങ്ങള്‍ തിരിച്ചുപിടിക്കുമെന്നുമുള്ള വിശ്വാസം ഭാര്യയുടെ അമ്മ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ജനിച്ചത് പെണ്‍കുഞ്ഞായതിന്റെ പേരില്‍ തുടക്കത്തില്‍ നിരാശ പ്രകടിപ്പിക്കുകയും ചെയ്തു.
മകളേയും കുഞ്ഞിനെയും സ്വന്തം വീട്ടിലെത്തിക്കുകയെന്ന പദ്ധതി മരുമകന്റെ എതിര്‍പ്പുമൂലം നടക്കാതെ പോയതില്‍ ഇവര്‍ക്ക് കടുത്ത അതൃപ്തിയുണ്ടായിരുന്നു.
ഇതോടെ ഇവര്‍ അത് പ്രാവര്‍ത്തികമാക്കുന്നതിനായി സ്വന്തം സഹോദരിയുടെ സഹായത്തോടെ ആസൂത്രണം നടത്തുകയായിരുന്നുവെന്ന് യുവാവിന്റെ പരാതിയില്‍ പറയുന്നു.
യുവതിയുടെ പ്രസവശുശ്രൂഷയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു ഇതിന്റെ ആദ്യപടി. പ്രസവാനന്തരം യുവതിക്ക് അലോപ്പതി മരുന്നുകള്‍ നല്‍കരുതെന്ന് ഇവര്‍ നിര്‍ബന്ധം പിടിച്ചു.
പ്രശ്‌നങ്ങളൊഴിവാക്കാന്‍ വേണ്ടി താന്‍ തന്നെ ബിഎഎംഎസ് ഡോക്ടറെ കണ്ട് ആയുര്‍വേദമരുന്നുകള്‍ വാങ്ങിവന്നപ്പോള്‍ അവയും നിരസിച്ചതായും പകരം പാരമ്പര്യ മരുന്നുകളെന്ന പേരില്‍ ഊരും പേരുമില്ലാത്ത മരുന്നുകളെത്തിച്ച് നല്‍കിയതായും യുവാവിന്റെ പരാതിയില്‍ പറയുന്നു.
പ്രസവാനന്തരം യുവതിയുടെ മുറിയില്‍ പ്രവേശിക്കുന്നതില്‍നിന്നു പോലും ഭര്‍ത്താവിനെ യുവതിയുടെ അമ്മ കര്‍ശനമായി വിലക്കി. ഭര്‍ത്താവിന്റെ അമ്മയുള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ കുഞ്ഞിനെ എടുക്കുന്നതുപോലും തടസപ്പെടുത്തി.
പെണ്‍കുഞ്ഞായതിനാല്‍ മഞ്ഞള്‍ തേച്ച് കുളിപ്പിക്കണമെന്നും ചേലാകര്‍മമെന്ന് തോന്നാവുന്ന ചില ആചാരങ്ങള്‍ നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു.
ഇതിന്റെയെല്ലാം പേരില്‍ മരുമകനുമായി കലഹിച്ച് സ്വന്തം വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.
മടങ്ങിയതിനു ശേഷം അമ്മയും അവരുടെ സഹോദരിയും എല്ലാ ദിവസവും മണിക്കൂറുകളോളം യുവതിയെ ഫോണില്‍ വിളിച്ച് ഭര്‍ത്താവിനെ ഉപേക്ഷിച്ച് വീട്ടിലേക്ക് വരുന്നതിനായി കടുത്ത സമ്മര്‍ദം ചെലുത്തി.
പല കാര്യങ്ങളും പറഞ്ഞ് യുവതിയില്‍ അപകര്‍ഷതാ ബോധം വളര്‍ത്തി. ഓരോ കാര്യങ്ങള്‍ ചുണ്ടിക്കാട്ടി യുവതി ഭര്‍ത്താവിന്റെ വീട്ടില്‍ അവഗണനയും പീഡനവും നേരിടുകയാണെന്നും ഇതില്‍നിന്നും അതിജീവനം ലഭിക്കണമെങ്കില്‍ ഒറ്റയ്ക്ക് ജീവിച്ച് കാണിച്ചുകൊടുക്കണമെന്നും ആവശ്യപ്പെട്ടു.
ഉത്രയുടെയും വിസ്മയയുടെയും പയ്യന്നുരിലെ സുനിഷയുടെയും കഥകള്‍ പോലും ഉദാഹരിച്ചു. കുഞ്ഞ് സ്വന്തം അച്ഛനും കുടുംബാംഗങ്ങളുമായി അടുക്കാന്‍ അനുവദിച്ചാല്‍ ഭാവിയില്‍ യുവതിക്ക് കുഞ്ഞിനുമേലുള്ള നിയന്ത്രണം പോലും നഷ്ടമാകുമെന്നും പറഞ്ഞു.
അമ്മയുമായി കാര്യമായ ബന്ധമില്ലെങ്കിലും മകളെ അതിരറ്റു സ്‌നേഹിക്കുന്ന അച്ഛന്‍ മകള്‍ക്കു വേണ്ടി എന്തു വേണമെങ്കിലും ചെയ്തുതരാനും എത്ര പണം ചെലവാക്കാനും തയ്യാറാകുമെന്നും അദ്ദേഹം ജീവിച്ചിരിക്കുന്ന കാലത്ത് അത് ഉപയോഗപ്പെടുത്തിയില്ലെങ്കില്‍ ഭാവിയില്‍ ആജീവനാന്തം ഭര്‍ത്താവിന്റെ അടിമയായി കഴിയേണ്ടിവരുമെന്നും ഇവര്‍ യുവതിയോട് പറഞ്ഞു.
ഇതിനിടയില്‍ ഭര്‍ത്താവിനെ ഫോണില്‍ വിളിച്ച് യുവതിയേയും കുഞ്ഞിനേയും വിട്ടുതരണമെന്നാവശ്യപ്പെട്ട് പ്രകോപിപ്പിക്കുകയും തിരിച്ചുള്ള പ്രതികരണങ്ങള്‍ റിക്കാര്‍ഡ് ചെയ്ത് യുവതിക്ക് അയച്ചുകൊടുക്കുകയും ചെയ്തു.
അമ്മയേയും കുടുംബാംഗങ്ങളേയും യുവാവ് നിരന്തരം അവഹേളിക്കുകയാണെന്ന പ്രതീതി സൃഷ്ടിച്ച് യുവതിയുടെ മനസ്സില്‍ ഭര്‍ത്താവിനോട് വെറുപ്പുണ്ടാക്കുന്നതിനുവേണ്ടിയായിരുന്നു ഇത്.
ഇതേ രീതിയില്‍ യുവതിയുടെ അച്ഛനോടും കഥകള്‍ പറഞ്ഞ് മകളുടെ ഭര്‍ത്താവിനോട് വിരോധം വളര്‍ത്തി. പിന്നീട് യുവതിയെക്കൊണ്ടുതന്നെ അച്ഛനോട് പരാതികള്‍ പറയിപ്പിച്ചു.
യുവാവിന്റെ ബന്ധുക്കളുടെ ഫോണിലേക്കുപോലും യുവതിയുടെ അമ്മ വിളിച്ച് അപവാദങ്ങള്‍ പറഞ്ഞിരുന്നതായി പരാതിയില്‍ പറയുന്നു.
അമ്മയുടെയും ഇളയമ്മയുടെയും ആവശ്യപ്രകാരം രണ്ടരമാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞുമായി ആരും കാണാതെ ഭര്‍ത്താവിന്റെ വീട്ടില്‍നിന്നും കടന്നുകളയാന്‍പോലും യുവതി ശ്രമിച്ചു.
തക്കസമയത്ത് ഇത് കണ്ടെത്തിയ ഭര്‍ത്താവ് പോലീസിന്റെ സഹായത്തോടെ യുവതിയെ തടയുകയായിരുന്നു. തുടര്‍ന്ന് പോലീസിന്റെ നിര്‍ദേശപ്രകാരം യുവതിയെ കൗണ്‍സലിംഗിന് അയക്കുകയും ചെയ്തു.
എന്നാല്‍ ഇതിനിടയിലും അമ്മയുടെ ഭാഗത്തുനിന്നുള്ള സമ്മര്‍ദം വിടാതെ തുടര്‍ന്നതോടെ യുവതി വിഷാദരോഗത്തിലേക്ക് വഴുതിവീഴുകയായിരുന്നുവെന്നാണ് ഭര്‍ത്താവിന്റെ പരാതി.
ഇതേത്തുടര്‍ന്ന് കൗണ്‍സലറുടെയും യുവതിയുടെ അച്ഛന്റേയും നിര്‍ദേശ പ്രകാരം യുവതിയെ ഇടക്കാലത്തേക്ക് സ്വന്തം വീട്ടിലേക്ക് അയച്ചു.
എന്നാല്‍ അവിടെയെത്തി ദിവസങ്ങള്‍ക്കകം ഭാര്യയെ ഫോണില്‍ വിളിച്ചാല്‍പോലും കിട്ടാതെയായി. മകളെയും കുഞ്ഞിനെയും ഇനി തിരിച്ചയക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നു പറഞ്ഞുകൊണ്ട് യുവതിയുടെ അച്ഛന്റെ സന്ദേശമാണ് തൊട്ടുപിന്നാലെ കിട്ടിയത്.
തങ്ങളുടെ കുടുംബത്തിന്റെ തുടര്‍ച്ചയ്ക്കായി ഒരു കുഞ്ഞിനെ ലഭിച്ചതോടെ മകളുടെ ഭര്‍ത്താവിനെക്കൊണ്ടുള്ള ആവശ്യം കഴിഞ്ഞുവെന്നും പകുതി തമാശയായി പറഞ്ഞു.
പോലീസും നിയമസംവിധാനവും പല പ്രാവശ്യം ഇടപെട്ടതിനു ശേഷമാണ് ഒടുവില്‍ ഭര്‍ത്താവിന് ഭാര്യയേയും കുഞ്ഞിനേയും തിരികെ കിട്ടിയത്. പാടേ നിലതെറ്റിയ അവസ്ഥയിലാണ് യുവതി ഉണ്ടായിരുന്നത്. തിരിച്ചെത്തിയ ഉടന്‍ അമ്മയും കുടുംബാംഗങ്ങളും പഴയപടി സമ്മര്‍ദങ്ങള്‍ പുനരാരംഭിക്കുകയും ചെയ്തു.
പ്രസവം കഴിഞ്ഞ് ആറുമാസം കഴിഞ്ഞെങ്കിലും ഈ കാലത്ത് ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ യാത്രചെയ്തതിന്റെ പേരില്‍പോലും യുവതിക്ക് കുടുംബത്തില്‍നിന്നും ശകാരം കിട്ടിയിരുന്നു.
എങ്കിലും കാര്യങ്ങള്‍ ഒരുവിധം സാധാരണ നിലയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടയില്‍ കുഞ്ഞ് തങ്ങളുടേതു മാത്രമാണെന്നും കുഞ്ഞുമായി ബന്ധപ്പെട്ട ഒരു ചടങ്ങും ഭര്‍ത്താവിന്റെ വീട്ടില്‍വച്ച് നടത്താന്‍ അനുവദിക്കില്ലെന്നും യുവതിയുടെ കുടുംബാംഗങ്ങള്‍ നിലപാടെടുത്തു.
ഇത് മറികടന്ന് ഉത്രാടം നാളില്‍ നാട്ടിലെ ക്ഷേത്രത്തില്‍വച്ച് ചോറൂണ് നടത്തിയതോടെ ഭാര്യയുടെ അമ്മയും അവരുടെ സഹോദരിയും ടാക്‌സി കാറുമായി വന്ന് ബലമായിത്തന്നെ ഭാര്യയേയും കുഞ്ഞിനേയും വീണ്ടും കൂട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
ഭര്‍ത്താവ് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഇരുവിഭാഗങ്ങളേയും ഇരിട്ടി പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നെങ്കിലും കുഞ്ഞിനെ അച്ഛന് കാണിക്കാന്‍പോലും യുവതിയുടെ വീട്ടുകാര്‍ തയ്യാറായില്ല.
ഒടുവില്‍ പോലീസ് ഇടപെട്ടാണ് യുവാവിന് കുഞ്ഞിനെ കാണാന്‍ സൗകര്യമൊരുക്കിയത്. പിന്നീട് കുടുംബ കോടതി മുഖേന നോട്ടീസ് അയച്ചിട്ടും യുവതിയെയും കുഞ്ഞിനെയും ഹാജരാക്കാന്‍ വീട്ടുകാര്‍ തയ്യാറായില്ല. കുഞ്ഞിനെ തങ്ങളുടേതുമാത്രമായി വയ്ക്കാനാകുമെന്നതിനാല്‍ വിവാഹമോചനം നടന്നാലും പ്രശ്‌നമില്ലെന്ന നിലപാടാണ് അവര്‍ സ്വീകരിച്ചത്.
പ്രസവം കഴിയുന്നതോടെ യുവതിയുടെ വിവാഹബന്ധം ഏതുതരത്തിലും അവസാനിപ്പിക്കണമെന്നും കുഞ്ഞിനെ തങ്ങളുടെ കുടുംബത്തില്‍ തന്നെ വളര്‍ത്തണമെന്നുമുള്ള കാര്യത്തില്‍ ഏറ്റവുമധികം നിര്‍ബന്ധം യുവതിയുടെ അമ്മയ്ക്കും അവരുടെ സഹോദരിക്കുമായിരുന്നുവെന്നാണ് യുവാവിന്റെ പരാതിയില്‍ പറയുന്നത്.
ഇതിനായി ഇവര്‍ പ്രയോഗിച്ച കടുത്ത സമ്മര്‍ദം മൂലമാണ് യുവതിക്ക് മാനസികപ്രശ്‌നങ്ങള്‍ ഉണ്ടായതുതന്നെ. ഈ രീതിയില്‍ ഭാര്യാഭര്‍ത്താക്കന്മാരെ തമ്മില്‍ വേര്‍പെടുത്താന്‍ ശ്രമിക്കുന്നതിനെ ചൊല്ലി യുവതിയുടെ കുടുംബത്തില്‍ തന്നെ പ്രശ്‌നങ്ങളുണ്ടായിരുന്നു.
എന്നാല്‍ ഒറ്റ മകളെന്ന നിലയില്‍ യുവതി സ്ഥിരമായി അമ്മയ്‌ക്കൊപ്പം നില്‍ക്കുന്നതാവും ഭാവിയില്‍ കുടുംബത്തിന് നല്ലതെന്ന തരത്തിലാണ് അമ്മയും സഹോദരിയും ഇതിനെ ന്യായീകരിച്ചത്.
യുവാവിന് വേണമെങ്കില്‍ വേറെ വിവാഹം കഴിക്കാവുന്നതാണെന്നും ഇവര്‍ പറഞ്ഞിരുന്നു. ഇതിനിടയില്‍ അമ്മയുടെ സഹോദരിയുടെ ഭര്‍ത്താവ് പെട്ടെന്ന് മരിച്ചതുപോലും ഈ പ്രശ്‌നം മൂലമാണെന്നുപറഞ്ഞ് യുവതിയുടെ മനസ്സില്‍ ഭര്‍ത്താവിനോടുള്ള വിരോധം ആളിക്കത്തിക്കാനും ഇവര്‍ ശ്രമിച്ചു.
പിടിവാശി കാണിച്ച് കുഞ്ഞിനെ പിടിച്ചുവയ്ക്കുമ്പോഴും കുഞ്ഞിന്റെ ക്ഷേമത്തിനും വളര്‍ച്ചയ്ക്കുമാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ആ വീട്ടില്‍ ലഭ്യമാക്കാന്‍ ശ്രദ്ധിക്കുന്നില്ല.
യഥാര്‍ഥ അച്ഛന് കുഞ്ഞിനെ കാണാന്‍പോലും യുവതിയുടെ വീട്ടുകാര്‍ അനുവദിക്കുന്നില്ലെന്നും പരാതിയില്‍ പറയുന്നു. കുഞ്ഞിന് ന്യായമായി ലഭിക്കേണ്ട അവകാശങ്ങള്‍ പോലും നിഷേധിക്കപ്പെടുകയാണെന്നും പരാതിയില്‍ പറയുന്നു.