തമാശയും പ്രണയവും തീവ്രനൊമ്പരവും സമന്വയിപ്പിച്ച സര്‍വ്വകലാശാല@37.
തമാശയില്‍ പൊതിഞ്ഞ് ഹൃദയം നുറുങ്ങുന്ന വേദന അനുഭവിപ്പിച്ച് നന്‍മയിലേക്ക് ചുവടുവെക്കുന്ന സിനിമയാണ് വേണുനാഗവള്ളി സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമയായ സര്‍വകലാശാല. ആനന്ദ് മൂവീസിന്റെ ബാനറില്‍ ആനന്ദ് നിര്‍മ്മിച്ച സിനിമയുടെ കഥ ചെറിയാന്‍ കല്‍പ്പകവാടിയാണ്. തിരക്കഥയും സംഭാഷണവും വേണുനാഗവള്ളി. കാമ്പസിന്റെ പശ്ചാത്തലത്തില്‍ കഥപറഞ്ഞ സിനിമ ഇന്ന് കാണുമ്പോഴും പുതുമ അനുഭവിപ്പിക്കുന്ന ഒരു മോഹന്‍ലാല്‍ സിനിമയാണ്.

തെറ്റിദ്ധാരണയുടെ പ്രായത്തില്‍ തെറ്റിദ്ധരിക്കപ്പെടുന്ന യുവത്വത്തിന്റെ കഥയാണ് സര്‍വ്വകലാശാല പറഞ്ഞത്. മൂന്നാം പിജിക്ക് പഠിക്കുന്ന ലാല്‍, ജീവന്‍ (ശ്രീനാഥ്), അയാളുടെ സഹോദരി (ലിസി), അച്ചന്മാര്‍ (അടൂര്‍ ഭാസി, ജഗതി, ശങ്കരാടി), സ്‌പോര്‍ട്ട്‌സ് സാര്‍ (ഇന്നസെന്റ്), ലാലിന്റെ പഴയ സഹപാഠി ഇപ്പോള്‍ കോളേജ് ലക്ച്ചറര്‍ (സന്ധ്യ) എന്നീ പ്രമുഖ കോളേജ് താരങ്ങള്‍ക്കൊപ്പം അവധൂതനായ സിദ്ധനും (നെടുമുടി) ചേര്‍ന്ന് കാല്പനികവും റിയലിസവും ചേര്‍ന്ന ഗൃഹാതുരലോകം സമ്മാനിച്ചു ഈ ചിത്രം.
കോളേജിലെ കലോത്സവം കഴിഞ്ഞ് ലിസിയെ കയറിപ്പിടിച്ചത് ലാലേട്ടനാണെന്ന് വിചാരിച്ച് ലാലിനെ മാനേജ്മെന്റ് സസ്പെന്‍ഡ് ചെയ്യുകയാണ്. കോളേജില്‍ ലഹള. പോലീസ് ലാലിനെ അറസ്റ്റ് ചെയ്തു. യഥാര്‍ത്ഥ പ്രതിയെ (ജഗദീഷ്) കാണുകയും കോളേജ് മൊത്തം പോലീസ് സ്റ്റേഷന് മുന്നില്‍ ഹാജരായി. പ്രിന്‍സിപ്പലച്ചന്‍ ലാലിനോട് മാപ്പ് ചോദിക്കുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ ബാനര്‍ ചുരുള്‍ നിവര്‍ന്നു-ലാലേട്ടാ മാപ്പ്.
കാവാലം-എംജി രാധാകൃഷ്ണന്‍ ടീമിന്റെ ഗാനങ്ങള്‍ ചിത്രത്തെപ്പോലെ തന്നെ ഹൃദയഹാരിയായി. ‘അതിര് കാക്കും മലയൊന്ന് തുടുത്തേ’ കാവാലത്തിന്റെ തനത് ശൈലീ നാടന്‍പാട്ടാണ്. ‘അത്തിന്തോ തെയ്യന്താരോ’ അടിപൊളി ഗണത്തില്‍പ്പെടുത്താം. ‘പൊരുന്നിരിക്കും ചൂടില്‍’ ലാലിന്റെ കുട്ടിക്കാലം കാണിക്കുന്ന പാട്ട്. ‘പനിനീര്‍ പൂവിതളില്‍’ എന്ന പ്രണയ ഗാനത്തിന്, ഭരതന്റെ ‘ചാമര’ത്തിലെ ‘കതിരാടും വയലില്‍’ എന്ന ഗാനത്തിന്റെ ഈണം എംജി രാധാകൃഷ്ണന്‍ വീണ്ടും ഉപയോഗിച്ചു. വിപിന്‍ മോഹനാണ് ക്യാമറ. എഡിറ്റര്‍-ഹരിഹരപുത്രന്‍. സീമ, ജലജ, സുകുമാരന്‍, ജഗതി ശ്രീകുമാര്‍, കെ.പി.ഉമ്മര്‍, മണിയന്‍പിള്ള രാജു, ബാലന്‍.കെ.നായര്‍, ലിസി, കെ.ബി.ഗണേഷ്‌കുമാര്‍,നന്ദു,ടി.പി.മാധവന്‍, സുകുമാരി എന്നിവരും കഥാപാത്രങ്ങളായെത്തി.
മംഗളം വാരികയിലെ ‘ഇലഞ്ഞിപ്പൂക്കള്‍’ സിനിമയായപ്പോള്‍ അതിലൂടെ വന്ന നടിയാണ് സന്ധ്യ. ‘സര്‍വകലാശാല’യ്ക്ക് ശേഷം ‘കാട്ടുകുതിര’യിലെ തമ്പുരാട്ടി വേഷം ശ്രദ്ധിക്കപ്പെട്ടു. കഥാപാത്രങ്ങളുടെ പേരുകള്‍ക്ക് പകരം നടീനടന്മാരുടെ പേരുകളാണ് ഇതില്‍ കൂടുതലായും ഉപയോഗിച്ചത്. 1987 ഏപ്രില്‍ 21 നാണ് 37 വര്‍ഷം മുമ്പ് സിനിമ റിലീസ് ചെയ്തത്.
