ഇനി എന്തെങ്കിലുമൊക്കെ നല്ലത് നടക്കുമെന്ന് പ്രതീക്ഷ—ജനപക്ഷ തീരുമാനവുമായി അഡ്വ.മോഹന്‍ദാസിന്റെ തുടക്കം-

തളിപ്പറമ്പ്: തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്കില്‍ പൊതുജനസേവനത്തിനായി പ്രത്യേക ഹെല്‍പ് ഡെസ്‌ക്ക് ആരംഭിക്കും. ബാങ്കില്‍ എത്തുന്ന ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍

അറിഞ്ഞ് അവരെ സഹായിക്കുന്നതിനാണ് ഹെല്‍പ്പ് ഡെസ്‌ക്ക് തുടങ്ങുന്നതെന്ന് ആദ്യത്തെ ഭരണസമിതി യോഗത്തിന് ശേഷം അഡ്വ.മോഹന്‍ദാസ് പറഞ്ഞു.

ബാങ്കിനെ കൂടുതല്‍ ജനകീയമാക്കി മാറ്റാനുള്ള പദ്ധതികളും ആരംഭിക്കുമെന്ന് അദ്ദേഹം കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസിനോട് പറഞ്ഞു.

ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ചേര്‍ന്ന ഭരണസമിതി യോഗമാണ് മോഹന്‍ദാസിനെ ഏകകണ്ഠമായി പ്രസിഡന്റായി തെരഞ്ഞെടുത്തത്.

പ്രിസൈഡിങ്ങ് ഓഫീസര്‍ സഹകരണ വകുപ്പ് യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ എം.വി.നിഷയുടെ അധ്യക്ഷതയിലായിരുന്നു യോഗം. പി.വി.രുഗ്മിണി മോഹന്‍ദാസിന്റെ പേര് പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കുകയും വൈസ് പ്രസിഡന്റ് എ.പി.അബ്ദുല്‍ഖാദര്‍ പിന്താങ്ങുകയും ചെയ്തു.

തളിപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റും തളിപ്പറമ്പ് ബാറിലെ അഭിഭാഷകനുമാണ് മോഹന്‍ദാസ്. രാജിവെച്ച പ്രസിഡന്റും ബാങ്ക് ഡയരക്ടറുമായ കല്ലിങ്കീല്‍ പത്മനാഭന്‍ യോഗത്തില്‍ പങ്കെടുത്തില്ല.

പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മോഹന്‍ദാസിനെ വൈസ് പ്രസിഡന്റ് എ.പി.അബ്ദുള്‍ഖാദര്‍, ഡയരക്ടര്‍മാരായ പി.വി.രുഗ്മിണി, കുഞ്ഞമ്മതോമസ്, കെ.എന്‍.അഷറഫ്, ഓലിയന്‍ ജാഫര്‍, കളിയാട്ടം നാരായണന്‍ എന്നിവര്‍ അനുമോദിച്ചു.