അംഗങ്ങള്‍ക്ക് മദ്യപാന വിലക്ക് നീക്കി സിപിഐ

‘പൊതു സ്ഥലങ്ങളില്‍ മദ്യപിച്ച് പാര്‍ട്ടിയുടെ പ്രശസ്തിക്ക് മോശമുണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കരുത്’

തിരുവനന്തപുരം: സിപിഐ പ്രവര്‍ത്തകര്‍ മദ്യപിച്ചാല്‍ ഇനി പാര്‍ട്ടി ലൈനിന് വിരുദ്ധമാകില്ല. പ്രവര്‍ത്തകരുടെ മദ്യപാന വിലക്ക് പാര്‍ട്ടി സംസ്ഥാന നേതൃത്വം നീക്കി. എന്നാല്‍ വീശുന്നത് അധികമാകരുതെന്ന് നിര്‍ദേശവുമുണ്ട്. പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ അംഗീകരിച്ച പുതിയ പെരുമാറ്റച്ചട്ടത്തിലാണ് പുതിയ ഇളവ് വരുത്തിയിട്ടുള്ളതെന്ന് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ നേതാക്കളും പ്രവര്‍ത്തകരും മദ്യപാനം പതിവാക്കുന്നത് ഒഴിവാക്കാനും, പൊതു സ്ഥലങ്ങളില്‍ മദ്യപിച്ച് പാര്‍ട്ടിയുടെ അന്തസ്സിന് മോശമുണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കരുതെന്നും നിര്‍ദേശിക്കുന്നുണ്ട്. ‘നമ്മള്‍ സമൂഹത്തിന്റെ ധാര്‍മ്മിക മൂല്യങ്ങള്‍ സംരക്ഷിക്കുകയും, നമ്മുടെ വ്യക്തിജീവിതത്തിലൂടെ മറ്റുള്ളവര്‍ക്ക് മാതൃകയാകുകയും വേണം. പ്രവര്‍ത്തകര്‍ അവരുടെ പെരുമാറ്റത്തിലൂടെ, പൊതുജനങ്ങളുടെ ആദരവും വിശ്വാസവും നേടണം ‘പുതിയ പെരുമാറ്റച്ചട്ടം പറയുന്നു.

1992ല്‍ തൃശൂരില്‍ നടന്ന പ്രത്യേക ദേശീയ സംഘടനാ സമ്മേളനത്തിലാണ് സിപിഐ പ്രവര്‍ത്തകര്‍ക്ക് മദ്യവര്‍ജനം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ആദ്യ പെരുമാറ്റച്ചട്ടം പാസാക്കിയത്. 33 വര്‍ഷത്തിന് ശേഷമാണ് പാര്‍ട്ടി പഴയ നിലപാട് തിരുത്തുന്നത്. അതേസമയം മദ്യവര്‍ജനമാണ് പാര്‍ട്ടിയുടെ നയമെന്നും പെരുമാറ്റച്ചട്ടത്തില്‍ വ്യക്തമാക്കുന്നുണ്ട്. തെരഞ്ഞെടുക്കപ്പെട്ട പാര്‍ട്ടി പദവിയിലുള്ള നേതാക്കള്‍, ലെനിനിസ്റ്റ് സംഘടനാ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് മാതൃകാ രാഷ്ട്രീയക്കാരനായി പ്രവര്‍ത്തിക്കണം. പൊതു ജനങ്ങള്‍ അതാണ് പ്രതീക്ഷിക്കുന്നത് എന്നും പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടുന്നു.

നിലപാട് മാറ്റത്തില്‍ പാര്‍ട്ടി എക്സിക്യൂട്ടീവില്‍ കാര്യമായ വിമര്‍ശനം ഉണ്ടായില്ലെന്നാണ് വിവരം. മാറിക്കൊണ്ടിരിക്കുന്ന കാലത്തിനനുസരിച്ച് സ്വീകരിക്കുന്ന നിലപാടാണിതെന്ന്, ഒരു മുതിര്‍ന്ന സിപിഐ നേതാവ് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. പാര്‍ട്ടി കടുത്ത നിലപാട് സ്വീകരിക്കാന്‍ തീരുമാനിച്ചാല്‍, പ്രവര്‍ത്തകരെ എവിടെ നിന്ന് കണ്ടെത്തും? കാലം മാറിയിരിക്കുന്നു. നമുക്ക് ഒന്നും നിരോധിക്കാന്‍ കഴിയില്ല, അതിന്റെ സ്വാധീനം നിയന്ത്രിക്കുകയും കുറയ്ക്കുകയും ചെയ്യാനാണ് കഴിയുക. നേതാവ് കൂട്ടിച്ചേര്‍ത്തു. അതേസമയം സിപിഎം മദ്യത്തിനെതിരെ കടുത്ത നിലപാടാണ് സ്വീകരിച്ചു വരുന്നത്.