ഭാര്യയുടെ പല്ലടിച്ച് കൊഴിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കേസ്.
പെരിങ്ങോം: ഭാര്യയുടെ പല്ലടിച്ച് കൊഴിച്ച സംഭവത്തില്‍ ഭര്‍ത്താവിന്റെ പേരില്‍ പോലീസ് കേസെടുത്തു.
പുറക്കുന്ന് പെരുന്തട്ടയിലെ പടിഞ്ഞാറേവീട്ടില്‍ പി.വി.രാജേഷിന്റെ(40) പേരിലാണ് കേസ്.
ഭാര്യ തിരുവനന്തപുരം തൈക്കാട് ജഗതിയിലെ കാരക്കാട്ട് ടി.സി 16/1085 കാര്‍ത്തിക വീട്ടില്‍ എം.പൂജ കൃഷ്ണന്റെ (29)പരാതിയിലാണ് കേസ്.
വിവാഹശേഷം പുറക്കുന്നിലെ ഭര്‍തൃവീട്ടില്‍ താമസിക്കവെ 2021 ഏപ്രില്‍ 18 ന് മദ്യപിച്ചു വന്ന് അകാരണമായി സംശയിച്ച് മര്‍ദ്ദിച്ച രാജേഷ് കേസ് കൊടുത്ത വിരോധത്തിന് കത്തിയുടെ പിടി കൊണ്ട് കണ്ണിന് താഴെ ഇടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു.
കണ്ണാടിയുടെ പൊട്ടിയ ഭാഗം കൊണ്ട് ചുണ്ടിന്റെ വലതുകോണില്‍ ഇടിച്ച് പരിക്കേല്‍പ്പിച്ചയായും പരാതിയില്‍ പറയുന്നു.
2024 സപ്തംബര്‍ 4 ന് പൂജകൃഷ്ണന്റെ പരാതിയില്‍ ചൈല്‍ഡ്‌ലൈനില്‍ നിന്ന് നോട്ടീസ് വന്ന വിരോധത്തില്‍ മേല്‍വരിയില്‍ ഇടതുവശത്തുള്ള പല്ല് അടിച്ച് കൊഴിച്ച ഭര്‍ത്താവ് 2024 ഡിസംബര്‍ 23 ന് മദ്യപിച്ചെത്തി കീഴ്ത്താടിയില്‍ അടിച്ച് പരിക്കേല്‍പ്പിച്ചതായും പറയുന്നു.
ഇന്നലെ തിരുവനന്തപുരം തമ്പാനൂര്‍ പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതി പെരിങ്ങോം പോലീസ് സ്‌റ്റേഷനില്‍ ലഭിച്ചത് പ്രകാരമാണ് പോലീസ് കേസെടുത്തത്.