കഞ്ചാവ് വേട്ട തുടരുന്നു. 1.910 കിലോഗ്രാം പിടിച്ചെടുത്തു, യുവാവ്  അറസ്റ്റില്‍

തളിപ്പറമ്പ്: തളിപ്പറമ്പില്‍ വീണ്ടും പോലീസിന്റെ വന്‍ കഞ്ചാവ് വേട്ട, സ്‌ക്കൂട്ടറില്‍ കടത്തിക്കൊണ്ടുവന്ന 1.910 കിലോഗ്രാം കഞ്ചാവ് സഹിതം യുവാവ്  അറസ്റ്റില്‍.

തളിപ്പറമ്പ് പോലീസ് കഴിഞ്ഞ ദിവസം ആരംഭിച്ച മയക്കുമരുന്നു വേട്ടയുടെ ഭാഗമായി കഞ്ചാവ് വലിക്കാരേയും വില്‍പ്പനക്കാരെയും പിടികൂടുന്നതിനായി നടത്തിയ പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്.

കുറുമാത്തൂര്‍ പൊക്കുണ്ടിലെ എം.മണിയുടെ മകന്‍ പാറമ്മല്‍ പുതിയപുരയില്‍ വീട്ടില്‍ നിധിന്‍ നിവേദ്(29)നെയാണ് തളിപ്പറമ്പ് എസ്.ഐ സി.വല്‍സരാജന്‍ അറസ്റ്റ് ചെയ്തത്.

ഇയാളുടെ സഹോദരിയുടെ പേരിലുള്ള കെ.എല്‍-59 ഇസഡ് 6440 സ്‌ക്കൂട്ടറിലാണ് ഇന്നലെ വൈകുന്നേരം 5.15 ന് വാഹനപരിശോധനക്കിടെ കഞ്ചാവുമായി പിടിയിലായത്.

കൂനം റോഡില്‍ അംഗന്‍വാടിക്ക് സമീപം വാഹനപരിശോധന നടത്തവെ പോലീസ് കൈകാണിച്ചെങ്കിലും നിര്‍ത്താതെ പോയ സ്‌ക്കൂട്ടറിനെ പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

സ്‌ക്കൂട്ടറിന്റെ ബൂട്ട് സ്‌പെയിസ് പരിശോധിച്ചാണ് കഞ്ചാവ് കണ്ടെടുത്തത്.

സ്വന്തം ആവശ്യത്തിനും വില്‍പ്പനക്കുമായി ബംഗളൂരുവില്‍ നിന്ന് എത്തിച്ചതാണ് കഞ്ചവെന്ന് ഇയാള്‍ ചോദ്യം ചെയ്യവെ പോലീസിനോട് പറഞ്ഞു.

ഗ്രേഡ് എസ്.ഐ ജയ്‌മോന്‍ ജോര്‍ജ്, സീനിയര്‍ സി.പി.ഒ പ്രജീഷ്, പോലീസ് ഡ്രൈവര്‍ വിനോദ് എന്നിവരും കഞ്ചാവ് പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.