മന്ത്രി പോയിട്ട് ഒരു എംഎല്‍എ ആയിരിക്കാന്‍ അര്‍ഹതയില്ല’; വീണാ ജോര്‍ജിനെതിരെ വിമര്‍ശനവുമായി സിപിഎം നേതാവ് ആരോഗ്യമന്ത്രിയെ പരോക്ഷമായി പരിഹസിച്ച് മറ്റൊരു സിപിഎം നേതാവ് സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടു

പത്തനംതിട്ട: കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തിന് പിന്നാലെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ വിമര്‍ശിച്ച് സിപിഎം പ്രാദേശിക നേതാവ്. ‘വീണാ ജോര്‍ജിന് മന്ത്രി പോയിട്ട് ഒരു എംഎല്‍എ ആയിരിക്കാന്‍ അര്‍ഹതയില്ല. കൂടുതല്‍ പറയുന്നില്ല… പറയിപ്പിക്കരുത്.’ എന്നാണ് പത്തനംതിട്ട ഇലന്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം ജോണ്‍സണ്‍ പി ജെ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. എസ്എഫ്‌ഐ മുന്‍ ജില്ലാ പ്രസിഡന്റ് കൂടിയാണ് ജോണ്‍സണ്‍.

ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആരോഗ്യമന്ത്രിയെ മറ്റൊരു സിപിഎം നേതാവ് അഡ്വ.എന്‍ രാജീവ് പരോക്ഷമായി പരിഹസിച്ച് സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടു. ‘കുട്ടിയായിരിക്കെ താന്‍ ക്ലാസ് പരീക്ഷാ ദിവസം വയറുവേദന എന്ന കളവ് പറഞ്ഞു വീട്ടില്‍ ഇരിക്കുമായിരുന്നു, അങ്ങനെ താന്‍ പരീക്ഷകളില്‍ നിന്നും രക്ഷപ്പെട്ടു, ഇവിടെ ചോദ്യങ്ങളില്‍ നിന്നും’ എന്നാണ് രാജീവിന്റെ പരിഹാസം.

മന്ത്രിയുടെ മണ്ഡലത്തില്‍പ്പെട്ട ഇരവിപേരൂര്‍ സിപിഎം ഏരിയാ കമ്മിറ്റിയംഗമാണ് എന്‍ രാജീവ്. പത്തനംതിട്ട സിഡബ്ല്യുസി മുന്‍ ചെയര്‍മാന്‍ ആയിരുന്നു. അഡ്വക്കേറ്റ് പ്രതിയായ പത്തനംതിട്ട പോക്‌സോ കേസ് അട്ടിമറി ആരോപണത്തെത്തുടര്‍ന്ന് എന്‍ രാജീവിനെ സിഡബ്ല്യുസി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് അടുത്തിടെ സസ്‌പെന്‍ഡു ചെയ്തിരുന്നു