ആകെ പുക്കാറായി-വിവാഹതിരക്കിനിടയില്‍ പശു കിണറ്റില്‍ വീണു–

തളിപ്പറമ്പ്: വിവാഹ തലേന്ന് ഒരുക്കങ്ങള്‍ക്കിടയില്‍ പശു കിണറ്റില്‍ വീണു, അഗ്നിശമനസേന രക്ഷകരായി.

കുടിയാന്‍മല പൊട്ടംപ്ലാവില്‍ ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം.

പൊട്ടംപ്ലാവ് പറമ്പയില്‍ ഹൗസില്‍ ടോമിജോസഫിന്റെ വീട്ടിലായിരുന്നു സംഭവം.

ഇന്ന് ടോമിജോസഫിന്റെ മകന്റെ വിവാഹമാണ്, തലേന്ന് രാത്രി വീട്ടില്‍ ക്ഷണിക്കപ്പെട്ടവര്‍ക്ക് പാര്‍ട്ടി ഒരുക്കിയിരുന്നു.

ഇതിന്റെ തിരക്കിനിടയില്‍ വീട്ടിലെ ആലയിലുണ്ടായിരുന്ന പശുവിനെ ശ്രദ്ധിച്ചിരുന്നില്ല.

പിന്നീട് രാത്രിയിലാണ് പശുവിനെ കാണാത്തതിനെ തുടര്‍ന്ന് അന്വേഷണം തുടങ്ങിയത്, തിരച്ചിലിനിടയിലാണ് വീട്ടുപറമ്പിലെ ഉപേക്ഷിക്കപ്പെട്ട കിണറ്റില്‍ പശു വീണതായി കണ്ടത്.

15 അടിയോളം താഴ്ച്ചയുള്ള കിണറ്റില്‍ വെള്ളവുമുണ്ടായിരുന്നു.

വിവരമറിഞ്ഞ് തളിപ്പറമ്പ് അഗ്നിശമനനിലയത്തില്‍ നിന്നും സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ കെ.വി.സഹദേവന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് സാഹസികമായി പശുവിനെ കരയ്ക്ക് കയറ്റിയത്.

ഫയര്‍ ആന്റ് റെസക്യൂ ഓഫീസര്‍ കെ.കെ.സുധീഷാണ് കിണറ്റിലിറങ്ങി പശുവിനെ രക്ഷിച്ചത്.

ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ നവീന്‍കുമാര്‍, ഡ്രൈവര്‍ എം.ജി.വിനോദ്കുമാര്‍, ഹോംഗാര്‍ഡുമാരായ മാത്യു ജോര്‍ജ്, വി.ജയന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.