സീറ്റ് നിഷേധം-പ്രതിഷേധം തുടര്‍ന്ന് സി.എം.കൃഷ്ണന് കണ്‍വെന്‍ഷനില്‍ പങ്കെടുത്തില്ല.
തളിപ്പറമ്പ്: ജില്ലാ പഞ്ചായത്ത് സീറ്റ് നിഷേധം, സി.എം.കൃഷ്ണന് പ്രതിഷേധം തുടരുന്നു, എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാതെ ഇയാള്‍ മാറിനില്‍ക്കുകയായിരുന്നു.

തളിപ്പറമ്പില്‍ സാധാരണ എത്ര ചെറിയ പാര്‍ട്ടി പരിപാടികളില്‍പോലും മുന്‍നിര സാന്നിധ്യമായ സി.എം.കൃഷ്ണന് 15 ന് സി.പി.എം തളിപ്പറമ്പ് ഏരിയാ കമ്മറ്റി സംഘടിപ്പിച്ച കെ.കെ.എന്‍.പരിയാരം ഓഡിറ്റോറിയത്തില്‍ നടന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാതെയാണ് മാറിനിന്നത്.
ഇത്തവണ പരിയാരം ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ മല്‍സരിക്കാന്‍ കൃഷ്ണന് ശ്രമം നടത്തിയിരുന്നു.
വിവാദരഹിതരായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിഅംഗങ്ങള്‍ക്ക് ജനപ്രതിനിധിയായി രണ്ട് ടേം സി.പി.എം അനുവദിക്കാറുണ്ട്.
എന്നാല്‍ ആദ്യതവണ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിലേക്ക് അവസരം നല്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നല്കിയ കൃഷ്ണന് വീണ്ടുമൊരു അവസരം നല്കാന് പാര്‍ട്ടി തയ്യാറായില്ല.
കോടികള്‍ ചെലവഴിച്ച് ഷീ ലോഡ്ജ് നിര്‍മ്മിച്ചതും കേരളത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ശുചിമുറികള്‍ ബ്ലോക്ക് പഞ്ചായത്ത് വളപ്പില്പണിതതും വിവാദമായിരുന്നു.
ബ്ലോക്ക് പഞ്ചായത്തിന് സമീപത്തെ നാല് സെന്റ് മാത്രം സ്ഥലമുള്ള ഒരു കുടുംബത്തെ വീടിന് സമീപത്ത് അമിതമായ ഉയരത്തില്‍ പ്രതികാര മതില് നിര്‍മ്മിച്ച് മാനസികമായി പീഢിപ്പിച്ചതും ഉള്‍പ്പെടെയുള്ള വിവാദങ്ങള്‍ കൃഷ്ണന് പ്രസിഡന്റായിരിക്കെ ഉയര്‍ന്നുവന്നിരുന്നു.
പ്രതികാരത്തിന് ഇരയായ കുടുംബം കൃഷ്ണന്റെ പേരില്‍ മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ രേഖാമൂലം പരാതി നല്‍കിയിരുന്നു.
