തൃച്ചംബരത്ത് ഈസി വാക്കോവര്‍ ആരും പ്രതീക്ഷിക്കുന്നില്ല, രജനിക്ക് നേരിയ മേല്‍ക്കൈ

തൃച്ചംബരം വാര്‍ഡില്‍ ജനകീയ കൗണ്‍സിലര്‍ക്കെതിരെ പോരാടുന്നത് എല്‍.ഡി.എഫ്-യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളാണ്.

ത്രികോണമല്‍സരം നടക്കുന്ന ഇവിടെ വോട്ടര്‍മാര്‍ ആരെ വരിക്കും?

നിലവിലുള്ള കൗണ്‍സിലര്‍ എന്‍.ഡി.എയുടെ പി.വി.സുരേഷ്(46),

യു.ഡി.എഫിലെ രജനി രമാനന്ദ്(55),

എല്‍.ഡി.എഫിലെ ഒ.വി.വിജയന്‍(65)

എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍.

സുരേഷ് കോടതിമൊട്ട വാര്‍ഡിലാണെങ്കില്‍ രജനി രമാനന്ദും ഒ.വി.വിജയനും മല്‍സരം നടക്കുന്ന തൃച്ചംബരം വാര്‍ഡില്‍ തന്നെയാണ്. 

1995, 2010, 2015 വര്‍ഷങ്ങളില്‍ കൗണ്‍സിലറായി പ്രവര്‍ത്തിച്ച പരിചയസമ്പന്നതയോടെയാണ് മഹിള കോണ്‍ഗ്രസ് സംസ്ഥാന നേതാവുകൂടിയായ രജനി രമാനന്ദ് മല്‍സരിക്കുന്നത്.

ജനറല്‍ സീറ്റില്‍ മല്‍സരിക്കുന്ന വനിത സ്ഥാനാര്‍ത്ഥി എന്ന പ്രത്യേകതകൂടി അവര്‍ക്കുണ്ട്.

വിപുലമായ കുടുംബബന്ധങ്ങളും പൊതുരംഗത്തെ പ്രവര്‍ത്തന മികവും തുണയാവും എന്ന ഉറച്ച വിശ്വാസത്തിലാണ് രജനി രമാനന്ദ്.

നിലവിലുള്ള കൗണ്‍സിലര്‍ എന്ന നിലയില്‍ ജനകീയ കൗണ്‍സിലര്‍ എന്ന ഇമേജുമായാണ് പി.വി.സുരേഷ് തികഞ്ഞ ആത്മവിശ്വാസത്തോടെ വീണ്ടും ജനവിധി തേടുന്നത്.

എണ്ണയിട്ട യന്ത്രംപോലെപ്രവര്‍ത്തിക്കുന്ന
ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് മിഷനറി സുരേഷിന്റെ വിജയത്തിനായി സജീവമാണ്.

പൊതുരംഗത്തെ സൗമ്യമുഖമാണ് ഒ.വി.വിജയന്‍ എന്ന എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി.

രാഷ്ട്രീയത്തില്‍ ഉപരിയായി വാര്‍ഡിലുള്ള വ്യക്തിബന്ധങ്ങള്‍ തുണക്കുമെന്ന വിശ്വാസത്തിലാണ് അദ്ദേഹം.

ആകെ 864 വോട്ടര്‍മാരാണ് തൃച്ചംബരം വാര്‍ഡിലുള്ളത്.

ഈസി വാക്കോവര്‍ എന്നനിലയിലല്ല നിലവില്‍ വാര്‍ഡിലെ കാര്യങ്ങളെന്നാണ് നിരീക്ഷകരുടെ കണക്കുകൂട്ടല്‍.

യു.ഡി.എഫ് വിജയിച്ചാല്‍ വൈസ് ചെയര്‍പേഴ്‌സന്‍ ആകാന്‍ സാധ്യതയുള്ള സ്ഥാനാര്‍ത്ഥി എന്ന നിലയിലും വനിത എന്ന നിലയിലും രജനി രമാനന്ദിന്റെ സാധ്യത തള്ളിക്കളയാനാവില്ല.