പ്ലാസ്റ്റിക്ക് മാലിന്യം കത്തിക്കരുതേ–പക്ഷെ, കണ്ണൂര്‍ മെഡിക്കല്‍ കോളേജ് പരിസരത്ത് ആവാം-

 

ശിക്ഷ അഞ്ച് വര്‍ഷം വരെ തടവോ- ഒരു ലക്ഷം പിഴയോ രണ്ടും ചേര്‍ന്നോ ലഭിക്കാം-

കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസ് വാര്‍ത്താ വിഭാഗം

പരിയാരം: പ്ലാസ്റ്റിക്ക് കത്തിക്കരുത്, പക്ഷെ, മെഡിക്കല്‍ കോളേജ് പരിസരത്ത് ആവാം.

ഇവിടെ പ്ലാസ്റ്റിക്ക് പുക ശ്വസിക്കുന്നത് ആരോഗ്യം വര്‍ദ്ധിപ്പിക്കുമെന്ന നിലയിലാണ് കാര്യങ്ങള്‍-

അവനവന്‍ പാലിക്കേണ്ട നിയമങ്ങളൊന്നുമില്ല, വചനങ്ങള്‍ മറ്റുള്ളവര്‍ക്ക് മാത്രം എന്നതാണ് മെഡിക്കല്‍ കോളേജ് അധികൃതരുടെ നിലപാടെന്ന് തോന്നുന്നു.

പ്ലാസ്റ്റിക്ക് കത്തിക്കുന്നതിന്റെ പുക ശ്വസിച്ചാല്‍ കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ വരുമെന്ന് പ്രചാരണം നടത്തി സര്‍ക്കാരും വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നു.

പിഴശിക്ഷകള്‍ മാത്രമല്ല, ക്രിമിനല്‍ കേസുകളും എടുക്കുമെന്ന് സര്‍ക്കാര്‍ പറയുന്നു. പക്ഷെ, പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഇത് തുടര്‍ന്നുകൊണ്ടിരിക്കുന്നു.

മെഡിക്കല്‍ കേളജിന് പിറകില്‍ വലിയ കുഴിയെടുത്താണ് കുഴിയിലും പുറത്തും വെച്ച് പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കത്തിക്കുന്നത്. പുലര്‍ച്ചെമുതല്‍ നടക്കുന്ന കത്തിക്കലിന്റെ പുക പ്രദേശം മുഴുവന്‍ വ്യാപിക്കുന്നതൊന്നും ഉത്തരവാദപ്പെട്ടവര്‍ക്ക് വിഷയമേയല്ല.

പഞ്ചായത്ത് അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ പ്ലാസ്റ്റിക്കില്ല, വെറും പേപ്പര്‍കഷങ്ങളാണെന്നാണ് മറുപടി.

കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് വാര്‍ത്താവിഭാഗം നേരിട്ട് സ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ ഞെട്ടിക്കുന്ന കാഴ്ച്ചകളാണ് കാണാനായത്.

പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ യാതൊരു നിയന്ത്രണങ്ങളുമില്ലാതെയാണ് ഇവിടെ കത്തിക്കുന്നത്.

പ്ലാസ്റ്റിക്കില്ലെന്ന് പറഞ്ഞ് മെഡിക്കല്‍ കോളേജ് അധികൃതരും കൈമലര്‍ത്തുകയാണ്.

പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ആശുപത്രിപരിസരത്ത് വ്യാപകമായി തുറന്നസ്ഥലത്ത് കത്തിക്കുന്നതിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്.

1986 ലെ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം അഞ്ച് വര്‍ഷം വരെ തടവോ 1 ലക്ഷം രൂപ പിഴയോ രണ്ടും ചേര്‍ന്നോ ശിക്ഷ വിധിക്കാവുന്ന കുറ്റമാണ്.

പഞ്ചായത്ത് സെക്രട്ടറിക്കോ, സബ് ഇന്‍സ്‌പെക്ടര്‍ റാങ്കില്‍ കുറയാത്ത തസ്തികയിലുള്ള പോലീസ് ഉദ്യോഗസ്ഥനോ ഇക്കാര്യത്തില്‍ വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ പരാതി നല്‍കാവുന്നതാണ്.