അവസാനം റവന്യൂ ദൈവങ്ങള്‍ കണ്ണ്തുറന്നു, ഭാര്‍ഗവിക്ക് പട്ടയത്തിന്റെ കോപ്പി ലഭിച്ചു.

തളിപ്പറമ്പ്: അവസാനം റവന്യു ദൈവങ്ങള്‍ കണ്ണ്തുറന്നു, ഭാര്‍ഗവിക്ക് പട്ടയത്തിന്റെ കോപ്പി ലഭിച്ചു.

കൂവേരി വില്ലേജിലെ കര്‍ഷക തൊഴിലാളി സ്ത്രീ ഭാര്‍ഗവി ചികിത്സിക്കാന്‍ പണമില്ലാതെ അവര്‍ക്ക് നേരത്തെ കിട്ടിയ മിച്ചഭൂമി പണയം വെക്കാനായി പട്ടയത്തിന്റെ കോപ്പിക്കായി കണ്ണൂര്‍ കലക്ട്രേറ്റില്‍

ഏഴു മാസം മുമ്പ് കൊടുത്ത അപേക്ഷ ഓഫിസുകള്‍ തോറും തട്ടി കളിക്കുന്നതിനെക്കുറിച്ച് ജനുവരി 30 ന് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് പ്രസിദ്ധീകരിച്ച റവന്യൂദൈവങ്ങള്‍ കണ്ണ്തുറക്കുന്നത് കാത്ത് ഭാര്‍ഗവി രോഗക്കിടക്കയില്‍ എന്ന വാര്‍ത്തയെ തുടര്‍ന്നാണ് നടപടി.

വാര്‍ത്ത വ്യാപകമായ ചര്‍ച്ചയാവുകയും എഴുപതിനായിരത്തോളം പേര്‍ കാണുകയും ചെയ്തിരുന്നു. ഇത് റവന്യൂ വകുപ്പിനെതിരെ വലിയ വിമര്‍ശനത്തിന് കാരണമാവുകയും ചെയ്തിരുന്നു.

കണ്ണൂര്‍ കലക്ട്രേറ്റിലേയും റവന്യുവകുപ്പിന്റെയും ഗുരുതര വീഴ്ച്ചയാണ് ഇതെന്ന് ഉന്നതതല അന്വേഷണത്തില്‍ ബോധ്യപ്പെട്ടിരുന്നു.

പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ ഓപ്പറേഷന്‍ കഴിഞ്ഞ് വിശ്രമിക്കുന്ന ഭാര്‍ഗ്ഗവിയെ കൂടെ നിന്ന് പരിചരിക്കുന്ന മകളെ കണ്ണൂര്‍ കളക്ട്രേറ്റിലേക്ക് വിളിച്ചുവരുത്തി ഇന്ന് രാവിലെയാണ്
(ഫിബ്രവരി-മൂന്ന്)പട്ടയത്തിന്റെ കോപ്പി കൈമാറി അധികൃതര്‍ പരാതിയില്‍ നിന്ന് തലയൂരി.

സേവനാവകാശം നിലവിലുള്ള റവന്യൂ വകുപ്പില്‍ വളരെ നേരത്തെ തന്നെ ലഭിക്കേണ്ടിയിരുന്ന സേവനമായിരുന്നു ഇത്. സര്‍ക്കാര്‍ ഓഫീസിലെ സേവനം ചില ജീവനക്കാരുടെ ഔദാര്യമല്ല നികുതിദായകന്റെ / പൊതുജനത്തിന്റെ അവകാശമാണെന്ന് പല സര്‍ക്കാര്‍ ജീവനക്കാരും എന്നാണ് തിരിച്ചറിയുക എന്നതാണ് ചോദ്യം.

സേവന അവകാശ നിയമം നടപ്പിലാക്കിയ പല വകുപ്പുകളില്‍ ഒന്നായ റവന്യവകുപ്പില്‍ അര്‍ഹിക്കുന്ന സേവനം ലഭിച്ചില്ലെങ്കില്‍ കൃത്യവിലോപം വരുത്തിയവര്‍ക്കെതിരെനടപടി വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.