കരിമ്പത്ത് കത്തിവാളുമായി പിടിയിലായത് വെട്ടുകേസിലെ പ്രതി

തളിപ്പറമ്പ്: ഇരുമ്പ് കത്തിവാളുമായി കരിമ്പത്ത് പിടിയിലായ കര്‍ണാടക സ്വദേശി വയോധികനെ വെട്ടിപരിക്കേല്‍പ്പിച്ച കേസിലെ പ്രതി.

തളിപ്പറമ്പ് കോട്ടക്കുന്ന് സ്വദേശി പുതിയവളപ്പില്‍ കരുണാകരന്‍ നമ്പ്യാര്‍ക്കാണ്(75)വെട്ടേറ്റത്.

വാക് തര്‍ക്കത്തെ തുടര്‍ന്ന് ചാക്കില്‍ ഒളിപ്പിച്ച കത്തിവാള്‍ ഉപയോഗിച്ച് കര്‍ണാടക ബിജാപ്പൂര്‍ ബലഗാവി ജാംകണ്ടിയിലെ ചന്ദ്രപ്പയുടെ മകന്‍ ജയറാം(65)കരുണാകരന്‍ നമ്പ്യാരുടെ കഴുത്തിന്റെ ഇടതുഭാഗത്തും നെഞ്ചിന്റെ വലതുഭാഗത്തുമായി വെട്ടുകയായിരുന്നു.

ഇന്നലെ വൈകുന്നേരം അഞ്ചരക്ക് കാക്കാത്തോട് ബസ്റ്റാന്റ് പരിസരത്തുവെച്ചാണ് സംഭവം.

പരിക്കേറ്റ ഇയാള്‍ കടന്നപ്പള്ളിയിലെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണ്.

തള്ളിയിട്ടപ്പോള്‍ ഇടതുചെവിക്കും മുറിവ്പറ്റിയിരുന്നു. തുടര്‍ന്ന് ഇവിടെ നിന്നും രക്ഷപ്പെട്ട ജയറാമിനെയാണ് ഇന്ന് പുലര്‍ച്ചെ 12.40 ന് കരിമ്പം ഗവ.താലൂക്ക് ആശുപത്രിക്ക് സമീപത്തെ സി.പി.മെഡിക്കല്‍സിന്റെ വരാന്തയില്‍ വെച്ച് തളിപ്പറമ്പ് ഇന്‍സ്പെക്ടര്‍ പി.ബാബുമോന്‍ പിടികൂടിയത്.

നൈറ്റ്പട്രോളിംഗ് ഡ്യൂട്ടിക്കിടെ ചാക്കുമായി സി.പി.മെഡിക്കല്‍സിന്റെ വരാന്തയില്‍ ചാക്കുമായി കാണപ്പെട്ട ജയറാമിനെ ചോദ്യം ചെയ്തപ്പോള്‍ വ്യക്തമായി ഒന്നും പറയാതിരുന്നതിനെ തുടര്‍ന്ന് ചാക്ക് പരിശോധിച്ചപ്പോഴാണ് ഇരുമ്പ് കത്തിവാള്‍ കാണപ്പെട്ടത്.

തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്ത ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയാണെന്ന് വ്യക്തമായത്.