51 റേഷന്‍ കടകളുടെ ലൈസന്‍സിന് പുതിയ വിജ്ഞാപനം ചെയ്യും: മന്ത്രി ജിആര്‍ അനില്‍

കണ്ണൂര്‍: 51 റേഷന്‍ കടകളുടെ ലൈസന്‍സ് സ്ഥിരമായി റദ്ദാക്കി പുതിയ ലൈസന്‍സിക്കായി വിജ്ഞാപനം ചെയ്യാന്‍ തീരുമാനിച്ചതായി ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി.ആര്‍. അനില്‍ പറഞ്ഞു.

കലക്ടേറ്റ് കോണ്‍ഫന്‍സ് ഹാളില്‍ നടന്ന ജില്ലയിലെ റേഷന്‍ കട ഉടമകളുടെ അദാലത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

നാല് റേഷന്‍ കടകളുടെ ലൈസന്‍സ് അനന്തരാവകാശികള്‍ ഇല്ലാത്തതിനാല്‍ റദ്ദാക്കി പുതിയ വിജ്ഞാപനം നടത്താന്‍ അദാലത്തിലാണ് തീരുമാനിച്ചത്.

അദാലത്തില്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ നേരിട്ട് 39 പരാതികള്‍ തീര്‍പ്പാക്കി. നേരത്തെ നടപടികള്‍ പൂര്‍ത്തിയാക്കിയ കടകള്‍ ഉള്‍പ്പെടെ 76 അപേക്ഷകളാണ് തീര്‍പ്പാക്കിയത്.

അനന്തരാവകാശ നിയമപ്രകാരം 12 റേഷന്‍ കടകള്‍ക്ക് അദാലത്തില്‍ ലൈസന്‍സ് അനുവദിച്ചു. 13 റേഷന്‍ കട ഉടമകള്‍ക്ക് ആവശ്യമായ രേഖകള്‍ ഹാജരാക്കാന്‍ സമയം അനുവദിച്ചു.

ക്രമക്കേട് കാരണം ലൈസന്‍സ് റദ്ദാക്കിയ 10 കടകളുടെ ലൈസന്‍സ് പിഴ ഈടാക്കി പുനഃസ്ഥാപിച്ചു. ഇവയില്‍ ഒരു വര്‍ഷക്കാലം താലൂക്ക് സപ്ലൈ ഓഫീസറുടെ നേരിട്ടുള്ള നിരീക്ഷണം ഉണ്ടാവും.

ക്രമക്കേട് ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് സ്ഥിരമായി റദ്ദാക്കും. പട്ടികവര്‍ഗ, മലയോര മേഖലകളിലുള്‍പ്പെടെ റേഷന്‍ വിതരണത്തിലെ വീഴ്ചകള്‍ ഒരു കാരണവശാലും അനുവദിക്കില്ല.

പത്ത് വര്‍ഷത്തിലേറെ പഴക്കമുള്ള ലൈസന്‍സ് സംബന്ധിച്ച അപേക്ഷകളില്‍ ഉള്‍പ്പെടെ തീരുമാനമെടുത്തു.

കോവിഡ് ബാധിച്ച് മരിച്ച തലശ്ശേരിയിലെ 82ാം നമ്പര്‍ റേഷന്‍ കടയുടമയായിരുന്ന മഹ്‌റൂഫിന്റെ ഭാര്യയ്ക്ക് രേഖകള്‍ ഹാജരാക്കുന്ന മുറയ്ക്ക് ലൈസന്‍സ് അനുവദിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. ഇതിനായി വ്യവസ്ഥകള്‍ ഇളവ് നല്‍കും.

ഇവര്‍ക്ക് ഏഴര ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷൂറന്‍സിന് അര്‍ഹതയുണ്ട്. ഇത് ലഭ്യമാക്കാന്‍ വേണ്ട സഹായം നല്‍കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.

ജില്ലയില്‍ 854 റേഷന്‍ കടകള്‍ക്ക് കീഴിലായി 655219 റേഷന്‍ കാര്‍ഡുകളാണുള്ളത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മുന്‍ഗണനേതര വിഭാഗത്തില്‍നിന്ന് മുന്‍ഗണനാ വിഭാഗത്തിലേക്ക് 6012 റേഷന്‍ കാര്‍ഡുകള്‍ മാറ്റിയിട്ടുണ്ട്.

ഇതില്‍ എഎവൈ കാര്‍ഡുകള്‍ 781, പിഎച്ച്എച്ച് കാര്‍ഡുകള്‍ 5231. സ്വമേധയാ 4925 മൂന്‍ഗണനാ കാര്‍ഡുകള്‍ സറണ്ടര്‍ ചെയ്തു. എഎവൈ 585, പിഎച്ച്എച്ച് 4340. പരിശോധനയിലൂടെ 802 അനര്‍ഹമായ മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കണ്ടെത്തി.

എഎവൈ 154, പിഎച്ച്എച്ച് 748. പരാതിയുടെ അടിസ്ഥാനത്തില്‍ 185 കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റി. എഎവൈ 42, പിഎച്ച്എച്ച് 143.

പൊതുജനങ്ങളില്‍നിന്ന് ഫോണ്‍ മുഖാന്തിരവും നേരിട്ടും ലഭ്യമായ പരാതികളുടെ അടിസ്ഥാനത്തിലും വകുപ്പില്‍നിന്ന് നല്‍കിയ വാട്ട്‌സാപ്പ് നമ്പറിലൂടെ (9495998223) ലഭ്യമായ പരാതികളിന്‍മേലും വകുപ്പ് തല അന്വേഷണത്തിലൂടെ സമയബന്ധിതമായി അന്വേഷണം നടത്തിയും അനര്‍ഹമായി കൈവശം വെച്ച മുന്‍ഗണനാ കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റി വരുന്നു.

തെളിമ പദ്ധതി പ്രകാരം റേഷന്‍ കാര്‍ഡുകളിലെ തെറ്റ് തിരുത്താനായി ലഭിച്ച 2118 അപേക്ഷകളില്‍ 1778 അപേക്ഷകള്‍ തീര്‍പ്പ് കല്‍പ്പിച്ചിട്ടുണ്ട്.

ബാക്കിയുള്ള അപേക്ഷകളില്‍ അന്വേഷണം നടത്തി തീര്‍പ്പുകല്‍പ്പിച്ചുവരുന്നു. റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് പരിഹാരം കാണുന്നതിനായി ജില്ല, താലൂക്ക് തലങ്ങളിലും റേഷന്‍ കട തലത്തിലും വിജിലന്‍സ് സമിതികള്‍ രൂപീകരിച്ച് നടപടി സ്വീകരിച്ചുവരുന്നു.

ഇരിട്ടി താലൂക്കിലെ കൂനംപള്ള, രാമച്ചി പണിയ, ചതിരൂര്‍ 110, വിയറ്റ്‌നാം, രാമച്ചി കുറിച്യ, അംേബേദ്കര്‍ കോളനി, തളിപ്പറമ്പ് താലൂക്കിലെ ഏറ്റുപ്പാറ, പാറോത്തുംമല തലശ്ശേരി താലൂക്കിലെ പറക്കാട്, കൊളപ്പ, മുണ്ടയോട് കടവ് തുടങ്ങിയ പട്ടികവര്‍ഗ കോളനികളില്‍ താമസിക്കുന്ന പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് റേഷന്‍ വാങ്ങാന്‍ ദീര്‍ഘദൂരം സഞ്ചരിക്കേണ്ടിവരുന്നത് പരിഗണിച്ച് സഞ്ചരിക്കുന്ന റേഷന്‍കട പദ്ധതി ആരംഭിക്കാനായി ക്വട്ടേഷന്‍ സ്വീകരിച്ച് നടപടി എടുത്തുവരുന്നു.

ജില്ലാ സപ്ലൈ ഓഫീസും അഞ്ച് താലൂക്ക് സപ്ലൈ ഓഫീസുകളും കഴിഞ്ഞ ഡിസംബര്‍ 23 മുതല്‍ തന്നെ ഇഓഫീസുകളായി പ്രവര്‍ത്തിക്കുന്നു.

വെള്ളിയാഴ്ച വയനാട്ടിലെ അദാലത്തോടെ സംസ്ഥാനത്തെ റേഷന്‍ കട ഉടമകളുടെ ജില്ലാതല അദാലത്ത് പൂര്‍ത്തിയാവും.

അദാലത്തിന്റെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു. സിവില്‍ സപ്ലൈസ് കമ്മീഷണര്‍ ഡോ. ഡി. സജിത്ത് ബാബു അധ്യക്ഷനായി. ജില്ലാ കളക്ടര്‍ എസ്. ചന്ദ്രശേഖര്‍, ഉത്തരമേഖലാ റേഷനിംഗ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ കെ. മനോജ്കുമാര്‍, ജില്ലാ സപ്ലൈ ഓഫീസര്‍ കെ.അജിത്കുമാര്‍ എന്നിവര്‍ സംസാരിച്ചു.