പൊതു ഓടയിലേക്ക് മലിനജല പൈപ്പ്-നഗരസഭ അധികൃതര്‍ കയ്യിട്ടത് ഏത് ചക്കരക്കുടത്തില്‍?

 

തളിപ്പറമ്പ്: കൂറ്റന്‍ പൈപ്പിട്ട് മലിനജലം പൊതു ഓടയിലേക്ക് ഒഴുക്കിവിടാന്‍ നീക്കം.

തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയില്‍ ബ്ലോക്ക് ഓഫീസിന് മുന്നിലായി പണിയുന്ന കെട്ടിടത്തില്‍ നിന്നുള്ള മലിനജലമാണ് പൊതുമരാമത്ത് വകുപ്പിന്റെ സംസ്ഥാനപാത 36 നോട് ചേര്‍ന്നുള്ള പൊതു ഓടയിലേക്ക് ഒഴുക്കിവിടാന്‍ പൈപ്പുകള്‍ സ്ഥാപിച്ചിരിക്കുന്നത്.

ഇതിന്റെ നിര്‍മ്മാണജോലികള്‍ പൂര്‍ത്തിയായിട്ടുണ്ട്.

കെട്ടിടനിയമ വ്യവസ്ഥകളെല്ലാം പകല്‍വെളിച്ചത്തില്‍ തന്നെ അട്ടിമറിച്ചാണ് ഈ അനധികൃത നിര്‍മ്മാണപ്രവൃത്തി നടത്തിയിരിക്കുന്നതെന്ന് വ്യക്തമാണ്.

അനധികൃത കെട്ടിടങ്ങളും നിര്‍മ്മാണപ്രവൃത്തികളും വ്യാപകമായി നടന്നുവരുന്ന തളിപ്പറമ്പ് നഗരസഭയില്‍ പണവും സ്വാധീനവും ഉള്ളവര്‍ക്ക്
എന്ത് വേണമെങ്കിലും ചെയ്യാം എന്ന സ്ഥിതിയാണ് നിലനില്‍ക്കുന്നത്.

പൊളിച്ചുമാറ്റാന്‍ ഉത്തരവ് നല്‍കിയ കെട്ടിടങ്ങള്‍ പലതും അറ്റകുറ്റപ്പണികള്‍ നടത്തി വാടകക്ക് നല്‍കി നിയമത്തെ വെല്ലുവിളിക്കുന്ന പ്രവൃത്തികള്‍ നടന്നുവരുന്ന

തളിപ്പറമ്പ് നഗരസഭയില്‍ സംസ്ഥാനപാതയോരത്ത് ഇത്തരത്തില്‍ അനധികൃത നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നത് നഗരസഭ അധികൃതര്‍ അറിഞ്ഞില്ലെന്ന് വിശ്വസിക്കാനാവുമോ എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.