തളിപ്പറമ്പ് ചിന്‍മയ വിദ്യാലയത്തിന് പിഴ-മാലിന്യം കൂട്ടിയിട്ടു, കത്തിച്ചു.

തളിപ്പറമ്പ്: ഓണത്തോടനുബന്ധിച്ച് ജില്ലയിലെ മാലിന്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം നടപ്പിലാക്കുന്ന ഓപ്പറേഷന്‍ ക്ലീന്‍ സ്വീപ് പദ്ധതിയുടെ ഭാഗമായി തളിപ്പറമ്പ് നഗരസഭാ പരിധിയില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് വ്യാപക പരിശോധന നടത്തി.

തളിപ്പറമ്പ് ബസ് സ്റ്റാന്റ് പരിസരം, ചിന്മയ വിദ്യാലയം, മിനി സിവില്‍ സ്റ്റേഷന്‍ എന്നിവിടങ്ങളിലാണ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പ്രധാനമായും പരിശോധന നടത്തിയത്.

പരിശോധനയില്‍ മാലിന്യങ്ങള്‍ കൂട്ടിയിടുകയും കത്തിക്കുകയും ചെയ്തതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ചിന്മയ വിദ്യാലയത്തിന് 5,000 രൂപ പിഴ ചുമത്തി.

മിനി സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടിനുള്ളില്‍ തൊട്ടടുത്തുള്ള സ്ഥാപനങ്ങളും വഴി യാത്രക്കാരും മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞത് ശ്രദ്ധയില്‍പ്പെട്ടു.

സിവില്‍ സ്റ്റേഷന്‍ പുതിയ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട മാലിന്യങ്ങളും കൂട്ടിയിട്ടതായി കാണപ്പെട്ടു.

നിലവിലുള്ള മാലിന്യങ്ങങ്ങള്‍ അടിയന്തരമായി നീക്കം ചെയ്യുന്നതിന് തളിപ്പറമ്പ് മുനിസിപ്പാലിറ്റിക്ക് നിര്‍ദ്ദേശം നല്‍കി.

സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടിലേക് പുറത്തുനിന്നു മാലിന്യം തള്ളുന്നത് തടയാന്‍ വേലി ശക്തമാക്കാനും കെട്ടിട നിര്‍മ്മാണ മാലിന്യങ്ങള്‍ അടിയന്തരമായി നീക്കം ചെയ്യുവാന്‍ കരാറുകാരന് നിര്‍ദ്ദേശം നല്‍കുവാനും തഹസില്‍ദാറോട് ആവശ്യപ്പെട്ടു.


വരും ദിവസങ്ങളിലും നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ പരിശോധന കര്‍ശനമായി തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

പരിശോധനയില്‍ ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് ലീഡര്‍ പി.പി.അഷ്റഫ്, സ്‌ക്വാഡ് അംഗം എം.ജിഷ്ണുരാജ്, സി.കെ.ദിബില്‍, മുനിസിപ്പാലിറ്റി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.പി.പ്രീഷ എന്നിവര്‍ പങ്കെടുത്തു