തളിപ്പറമ്പ് പോലീസിന്റെ ഈ കരുതലിന് നല്‍കാം ഒരു ബിഗ് സല്യൂട്ട്.
തളിപ്പറമ്പ്: അഞ്ച് യുവാക്കളെ നല്ല ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള തളിപ്പറമ്പ് പോലീസിന്റെ നിശ്ചയദാര്‍ഢ്യത്തിന് നല്‍കാം ഒരു ബിഗ് സല്യൂട്ട്.

കഴിഞ്ഞ 26 ന് രാത്രിയില്‍ നടന്ന ചില പ്രശ്‌നങ്ങള്‍ പുളിമ്പറമ്പിലെ അഞ്ച് ചെറുപ്പക്കാരുടെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയിരുന്നു.
മയക്കുമരുന്ന് മാഫിയാസംഘം എന്ന് മുദ്രകുത്തപ്പെടുമായിരുന്ന സന്ദര്‍ഭത്തില്‍ തളിപ്പറമ്പ് എസ്.ഐ.പി.സി.സഞ്ജയ്കുമാര്‍ കാണിച്ച കരുതലാണ് അവരെ പുതുജീവിതത്തിലേക്ക് തിരികെ എത്തിച്ചത്.
പുളിമ്പറമ്പിലെ പുതിയപുരയില്‍ രാജേഷിന്റെ ഗുഡ്‌സ് ഓട്ടോറിക്ഷയുടെ ചില്ല് തകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നത്.
രാജേഷ് അഞ്ചുപേര്‍ക്കെതിരെ പരാതി നല്‍കിയെങ്കിലും സംഭവത്തെക്കുറിച്ച് അന്വേഷിച്ച എസ്.ഐ.സഞ്ജയ്കുമാര്‍ തിടുക്കത്തില്‍ ഇവര്‍ക്കെതിരെ കേസെടുക്കാതെ ഇന്ന് രാവിലെ അഞ്ചുപേരെയും സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയായിരുന്നു.
ഇവരുടെ രക്ഷിതാക്കളേയും സ്റ്റേഷനില്‍ വിളിപ്പിച്ചു കാര്യങ്ങള്‍ ചോദിച്ചറിയുകയും ഉപദേശങ്ങള്‍ നല്‍കുകയുമായിരുന്നു.
പരാതിക്കാരനായ രാജേഷും ഉയര്‍ന്ന നിലയില്‍ ചിന്തിച്ചതോടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടു.
യുവാക്കളാണ് ഓട്ടോറിക്ഷ ആക്രമിച്ചതെന്നതിന് തെളിവുകളൊന്നും ഉണ്ടായിരുന്നുമില്ല.
പരാതിക്കാരനായ രാജേഷും അഞ്ചുപേരും നല്ലനിലയില്‍ ജീവിക്കേണ്ടവരാണെന്ന നിലപാട് സ്വീകരിച്ചതോടെയാണ്
മലങ്കാറ്റുപോലെ വരുമെന്ന് കരുതിയ സംഭവം ഇളം തെന്നലായി കടന്നുപോകാന്‍ ഇടയാക്കിയത്. പോലീസ് സ്വീകരിച്ച ഈ നിലപാട് പരക്കെ ശ്ലാഘിക്കപ്പെട്ടിട്ടുണ്ട്.
