അവശനിലയില്‍ കണ്ട യുവാവിന് സി.പി.എം ബ്രാഞ്ച് സെക്രട്ടറി രക്ഷകനായി-

പരിയാരം: രക്തം ഛര്‍ദ്ദിച്ച് അവശനിലയില്‍ കണ്ട യുവാവിന് സി.പി.എം. ബ്രാഞ്ച് സെക്രട്ടറി രക്ഷകനായി.

ഇന്ന് രാവിലെ പത്തോടെയാണ് ആയുര്‍വേദ കോളേജിന് സമീപത്തെ വിജനമായ റോഡില്‍ യുവാവിനെ കണ്ടത് സി.പി.എം

കോട്ടത്തുംചാല്‍ ബ്രാഞ്ച് സെക്രട്ടറിയും ചെറുതാഴം ബാങ്ക് പരിയാരം മെഡിക്കല്‍ കോളേജ് ശാഖാ ജീവനക്കാരനുമായ പി.കെ.സുരേഷാണ് അവശനിലയില്‍ കണ്ട യുവാവിനെ ശുശ്രൂഷിച്ചത്.

കോവിഡ് കാലമായതിനാല്‍ ഭയം തോന്നിയെങ്കിലും അവശനിലയില്‍ കണ്ടയാളെ ഉപേക്ഷിച്ചു പോകാന്‍ മനസ് സമ്മതിക്കാത്തതിനാല്‍ രണ്ടും കല്‍പ്പിച്ചാണ് ഇയാളെ എഴുന്നേല്‍പ്പിച്ച് ശുശ്രൂഷകള്‍ ചെയ്തതെന്ന് സുരേഷ് പറഞ്ഞു.

തൊട്ടടുത്ത സ്വന്തം വീട്ടില്‍ കൊണ്ടുപോയി പുതിയ വസ്ത്രങ്ങളും ഭക്ഷണവും നല്‍കിയശേഷമാണ് പരിയാരം പോലീസിനെ വിവരമറിയിച്ചത്.

പ്രിന്‍സിപ്പല്‍ എസ്.ഐ രൂപ മധുസൂതനന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം യുവാവിനെ ഉടന്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തിച്ചു.

കുറുമാത്തൂര്‍ പൊക്കുണ്ട് സ്വദേശിയായ യുവാവിന്റെ ബന്ധുക്കളെ കണ്ടെത്തി വിളിച്ചുവരുത്തിയാണ് പോലീസ് അവരോടൊപ്പം യുവാവിനെ വിട്ടയച്ചത്.

കടുത്ത വെയിലില്‍ വീണുകിടന്ന യുവാവിനെ സുരേഷ് കണ്ടില്ലായിരുന്നുവെങ്കില്‍ മരണം പോലും സംഭവിച്ചേക്കാനിടവന്നേനെയെന്ന് പോലീസ് പറഞ്ഞു.