പുതിയ തസ്തികകളോട് വിയോജിച്ച് തളിപ്പറമ്പ് നഗരസഭാ കൗണ്‍സില്‍-ജീവനക്കാരുടെ കാര്യക്ഷമതയില്‍ വിമര്‍ശനം-
തളിപ്പറമ്പ്: നഗരസഭയില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതിനുള്ള നിര്‍ദ്ദേശത്തിനെതിരെ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ഒരുപോലെ വിയോജിച്ചു.
അധിക തസ്തികകള്‍ സൃഷ്ടിക്കുന്നത് സംബന്ധിച്ചും അവശ്യത്തിലധികം ജീവനക്കാരുള്ള നഗരസഭകളിലെ അധികതസ്തികകള്‍ ജീവനക്കാര്‍ കുറവുള്ള നഗരസഭകളിലേക്ക്
പുനര്‍വിന്യസിക്കുന്നതും സംബന്ധിച്ചുള്ള വിവരങ്ങള്‍ ആവശ്യപ്പെട്ട് നഗരകാര്യ ഡയരക്ടര്‍ അയച്ച കത്ത് പരിഗണിക്കവെയാണ് കൗണ്‍സില്‍ യോഗത്തില്‍ ഇരുവിഭാഗവും വിയോജിപ്പ് പ്രകടിപ്പിച്ചത്.
സാമ്പത്തിക പ്രതിസന്ധികാരണം നഗരസഭക്ക് ജനോപകാരപ്രദമായ പല കാര്യങ്ങളും ഏറ്റെടുക്കാന്‍ സാധിക്കുന്നില്ലെന്ന് വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ പ്രതികരിച്ചു.
നിലവിലുള്ള ജീവനക്കാരില്‍ പലരും അവരവരെ ഏല്‍പ്പിച്ച ഉത്തരവാദിത്വങ്ങള്‍ കൃത്യമായി ചെയ്യുന്നില്ലെന്ന് ആവശ്യക്കാരെ അകാരണമായി നടത്തിക്കുകയാണെന്നും കല്ലിങ്കീല്‍ പറഞ്ഞു.
സെക്രട്ടറി ഉള്‍പ്പെടെയുള്ള പലരും ഉത്തരവാദിത്വത്തോടെ കൗണ്‍സില്‍ യോഗങ്ങളില്‍ പോലും പങ്കെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് സംസാരിച്ച പ്രതിപക്ഷനേതാവ് ഒ.സുഭാഗ്യം
എണ്ണത്തിലല്ല കാര്യമെന്നും ഉള്ള ജീവനക്കാര്‍ തങ്ങളുടെ കടമകള്‍ യഥാവിധി നിറവേറ്റിയാല്‍ തന്നെ പ്രശ്‌നങ്ങള്‍ക്ക് വലിയൊരളവോളം പരിഹാരമാകുമെന്നും വ്യക്തമാക്കി.
നിലവില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന നഗരസഭക്ക് പുതിയ തസ്തികകളില്‍ ജീവനക്കാരെ നിയമിക്കാനുള്ള നീക്കം വലിയ ബാധ്യത തന്നെയുണ്ടാക്കുമെന്നാണ് ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാ കൗണ്‍സിലര്‍മാരും അഭിപ്രായപ്പെട്ടത്.
ഒരു റവന്യൂ ഇന്‍സ്‌പെക്ടര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ്-2, അസി.സെക്രട്ടറി, ഹെവി ഡ്യൂട്ടി ഡ്രൈവര്‍ എന്നീ പുതിയ തസ്തികകളാണ് തളിപ്പറമ്പ് നഗരസഭ ആവശ്യപ്പെടാന്‍ തീരുമാനിച്ചത്.
ഒടുവില്‍ തീരുമാനം ധനകാര്യ സ്ഥിരം സമിതിയുടെ പരിഗണനക്ക് വിടുകയായിരുന്നു.നഗരസഭാ ട്രഞ്ചിംഗ് ഗൗണ്ടില്‍ നിര്‍മന്മല്‍ ഭാരത് ചാരിറ്റബിള്‍ ട്രസ്റ്റിന് മാലിന്യങ്ങള്‍ വേര്‍തിരിക്കാനായി ലീസിന്
നല്‍കിയ സ്ഥലത്തിന്റെ കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിച്ച് നല്‍കാന്‍ തീരുമാനിച്ച കൗണ്‍സില്‍ വാടക വര്‍ദ്ധിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി.
വിവിധ യോഗങ്ങളില്‍ പങ്കെടുക്കേണ്ടത് സംബന്ധിച്ചുള്ള വിവരങ്ങള്‍ യഥാസമയം കൗണ്‍സിലര്‍മാര്‍ക്കും സ്ഥിരം സമിതി ചെയര്‍മാന്‍മാര്‍ക്കും കൈമാറുന്നതിലുള്ള വിഴ്ച്ച കൗണ്‍സില്‍ യോഗത്തില്‍ അംഗങ്ങള്‍ ഉന്നയിച്ചു.
സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്ന അനര്‍ഹരെ കണ്ടെത്താനുള്ള ചുമതല ഏറ്റെടുക്കാന്‍ തങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടെന്ന് കക്ഷിഭേദമില്ലാതെ കൗണ്‍സിലര്‍മാര്‍ യോഗത്തെ അറിയിച്ചു.
ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി അധ്യക്ഷത വഹിച്ചു. പി.പി.മുഹമ്മദ്‌നിസാര്‍, പി.സി.നസീര്‍, വി.വിജയന്‍,
പി.ഗോപിനാഥന്‍, എം.കെ.ഷബിത, പി.വി.സുരേഷ്, സി.പിമനോജ്, സി.വി.ഗിരീശന്‍, ഡി.വനജ, കെ.എം.ലത്തീഫ്, എം.പി.സജീറ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.