സര്‍ക്കാര്‍ അറിയിപ്പുകള്(17-2-2022)
തദ്ദേശ തെരഞ്ഞെടുപ്പ്: ചെലവ് കണക്ക് സമര്‍പ്പിക്കണം
2020ലെ തദ്ദേശ സ്ഥാപന പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും പ്രത്യേക തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും ചെലവ് കണക്ക് സമര്‍പ്പിക്കാത്ത സ്ഥാനാര്‍ഥികള്‍ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന് മുമ്പാകെ നിശ്ചിത പ്രഫോര്‍മയില്‍ കണക്ക് സമര്‍പ്പിക്കണമെന്ന് ജില്ലാ ഇലക്ഷന് ഓഫീസറായ ജില്ലാ കളക്ടര്‍ അറിയിച്ചു. കണക്ക് നല്കാത്തവരുടെ പട്ടിക അതത് സ്ഥാപനങ്ങളിലും കണക്ക് സമര്‍പ്പിക്കേണ്ട ഓഫീസുകളിലും വരണാധികാരികളുടെ ആഫീസിലും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. നിശ്ചിത സമയപരിധിക്കകം തിരഞ്ഞെടുപ്പ് ചെലവ് കണക്ക് സമര്‍പ്പിക്കാത്ത സ്ഥാനാര്‍ഥികളുടെ കരട് ലിസ്റ്റ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. തിരഞ്ഞെടുപ്പ് കണക്ക് സമര്‍പ്പിക്കുന്നതില്‍ വീഴച്ച വരുത്തിയ സ്ഥാനാര്‍ത്ഥികളുടെ അന്തിമ ലിസ്റ്റ് മാര്‍ച്ച് 15ന് കമ്മീഷന്റെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കും. തുടര്‍ന്ന് മാര്‍ച്ച് മാസത്തില്‍ സ്ഥാനാര്‍ത്ഥികളെ അയോഗ്യരായി പ്രഖ്യാപിച്ച് കമ്മീഷന് വിജ്ഞാപനം പുറപ്പെടുവിക്കും.

കൂത്തുപറമ്പ് മണ്ഡലത്തിലെ ആറിടങ്ങളില്‍ ഇ-ചാര്‍ജിങ് സ്റ്റേഷനുകള്‍
കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ ആറിടങ്ങളില്‍ ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ തീരുമാനം. സംസ്ഥാന സര്‍ക്കാര്‍ 1140 സ്ഥലങ്ങളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് മണ്ഡലത്തിലെ ആറിടങ്ങളില്‍ ചാര്‍ജിങ് പോയിന്റുകള്‍ സ്ഥാപിക്കാന്‍ അനുമതി ലഭിച്ചതെന്ന് കെ.പി മോഹനന് എം എല്‍ എ അറിയിച്ചു. കൂത്തുപറമ്പ് ബസ്സ്റ്റാന്റ്, പാനൂര്‍ ബസ്സ്റ്റാന്റ്, പാറാട്, കല്ലിക്കണ്ടി, പെരിങ്ങത്തൂര്‍, പൂക്കോട് എന്നിവിടങ്ങളിലാണ് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുക. ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ കൂടുതല്‍ ചാര്‍ജിങ് പോയിന്റുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്.
ചെമ്പിലോട് മിനറല്‍ വാട്ടര്‍ കുടിവെള്ള നിര്‍മാണ യൂണിറ്റ് ഒരുങ്ങുന്നു
ചുരുങ്ങിയ ചിലവില്‍ കുടിവെള്ളം ലഭ്യമാക്കാന്‍ ചെമ്പിലോട് പഞ്ചായത്തില്‍ ചെമ്പിലോട് മിനറല്‍ വാട്ടര്‍ എന്ന പേരില്‍ കുടിവെള്ള നിര്‍മ്മാണ യൂണിറ്റ് ഒരുങ്ങുന്നു. കുടുംബശ്രീയുടെയും വ്യവസായ വകുപ്പിന്റെയും സഹകരണത്തോടെ കോയ്യോട്ടെ മിനി വ്യവസായ എസ്റ്റേറ്റിലാണ് പഞ്ചായത്ത് കുടിവെള്ള യൂനിറ്റ് ആരംഭിക്കുന്നത്. പദ്ധതിക്കായുള്ള യന്ത്രങ്ങള്‍ വാങ്ങാന്‍ അനുമതി നല്കി. ദിനംപ്രതി ശരാശരി 5000 ലിറ്റര്‍ കുടിവെള്ളം ശുദ്ധീകരിച്ച് വിപണിയിലെത്തിക്കാനാണ് ലക്ഷ്യം. ഭൂജല വകുപ്പിന്റെ സ്ഥലപരിശോധന ഇതിനോടകം പൂര്‍ത്തിയായി. 30 ലക്ഷം രൂപ മുതല്‍മുടക്കുള്ള പദ്ധതി യാഥാര്‍ഥ്യമായാല്‍ പ്രദേശത്തെ ഇരുപതോളം കുടുംബശ്രീ അംഗങ്ങള്‍ക്ക് തൊഴില്‍ ലഭിക്കും. നിര്‍മാണ പ്രവൃത്തി പൂര്‍ത്തിയാക്കി മാര്‍ച്ചോടെ വിപണനം ആരംഭിക്കാനാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ ദാമോദരന്‍ പറഞ്ഞു. വിപണിയിലുള്ളതിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ കുടിവെള്ളം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഏകദിന ഹരിത പാഠശാല 18ന്
ഹരിത കേരളം ജില്ലാ മിഷന്റെയും കതിരൂര്‍ ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ ഏകദിന ഹരിത പാഠശാല സംഘടിപ്പിക്കുന്നു. പഞ്ചായത്ത്തല സമ്പൂര്‍ണ്ണ ശുചിത്വ പദ്ധതിയുടെ ഭാഗമായി ഫെബ്രുവരി 18ന് രാവിലെ 10.30 മുതല്‍ വൈകിട്ട് നാലുവരെ കതിരൂര്‍ പഞ്ചായത്ത് ഹാളിലാണ് പാഠശാല. ജില്ലാ കളക്ടര്‍ എസ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യും. പഞ്ചായത്തില്‍ സമ്പൂര്‍ണ ശുചിത്വ പദ്ധതി നടപ്പാക്കുമ്പോഴുള്ള പ്രായോഗിക പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാര മാര്‍ഗ്ഗങ്ങളും, മാലിന്യ സംസ്ക്കരണ ഉപാധികളും ബദല്‍ സാധ്യതകളും, ഹരിത നിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസുകള്‍ നടക്കും.
വാക് ഇന്‍ ഇന്റര്‍വ്യൂ
കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജിലെ പഞ്ചകര്‍മ്മ വകുപ്പില്‍ ഒഴിവുള്ള അധ്യാപക തസ്തികയിലേക്ക് അസി. പ്രൊഫസറെ നിയമിക്കുന്നു. ഫെബ്രുവരി 23ന് രാവിലെ 11 മണിക്ക് പരിയാരത്തുള്ള കോളേജ് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദം. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ഥികള്‍ ജനന തീയ്യതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകളും ബയോഡാറ്റയും സഹിതം ഹാജരാകണം. ഫോണ്‍: 0497 2800167.
സീറ്റൊഴിവ്
ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ ചീമേനി പള്ളിപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സായ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ സീറ്റൊഴിവുണ്ട്. കോഴ്സ് കാലാവധി ആറുമാസം. യോഗ്യത എസ് എസ് എല്‍ സി/പ്ലസ് ടു. താല്പര്യമുള്ളവര് ഫെബ്രുവരി 25നകം 9605446129 നമ്പറില്‍ വിളിക്കുക.
ക്വട്ടേഷന്‍
പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള മാടായി ഐ ടി ഐയില്‍ പെയിന്റര്‍ ജനറല്‍ ട്രേഡില്‍ പരിശീലനത്തിന് അസംസ്കൃത സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങള്‍/ വ്യക്തികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സീല്‍ വെച്ച കവറുകളില്‍ ഡെപ്യൂട്ടി ഡയറക്ടര്‍, ഉത്തരമേഖല, പട്ടികജാതി വികസന വകുപ്പ്, സിവില്‍ സ്റ്റേഷന് കോഴിക്കോട്20 എന്ന വിലാസത്തില്‍ ഫെബ്രുവരി 28 ഉച്ചക്ക് രണ്ട് മണിക്കകം ലഭിക്കണം. ഫോണ്‍: 0495 2370379.
ദര്‍ഘാസ്
കിനാനൂര്‍ കരിന്തളം ഗവ.ആര്‍ട്ട്സ് ആന്റ് സയന്‍സ് കോളേജിലെ ബോട്ടണി, സുവോളജി ലാബുകളിലേക്കുള്ള ലബോറട്ടറി ഉപകരണങ്ങള്‍, കെമിക്കലുകള്‍, സ്പെസിമെന്‍ എന്നിവ വിതരണം ചെയ്യുന്നതിന് ജി എസ് ടി രജിസ്ട്രേഷനുള്ള അംഗീകൃത വിതരണക്കാരില്‍ നിന്നും മുദ്രവെച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു. പ്രിന്‍സിപ്പല്‍, ഗവ.ആര്‍ട്ട്സ് ആന്റ് സയന്‍സ് കോളേജ് കിനാനൂര്‍കരിന്തളം, കരിന്തളം പി ഒ, നീലേശ്വരം, കാസര്‍കോട്671314 എന്ന വിലാസത്തില്‍ ഫെബ്രുവരി 28 വൈകിട്ട് മൂന്ന് മണി വരെ ദര്‍ഘാസുകള്‍ സ്വീകരിക്കും.
തലശ്ശേരി തിരുവങ്ങാട് ഗവ.ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്കൂളിലെ ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി ലാബുകളിലേക്ക് ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസുകള്‍ സ്വീകരിക്കുന്ന അവസാന തീയ്യതി ഫെബ്രുവരി 25 വൈകിട്ട് നാല് മണി.
തിരുത്തലുകള്‍ വരുത്താം
കൂത്തുപറമ്പ് ഗവ. ഐടിഐയില്‍ 2018 മുതല്‍ എന്‍സിവിടി എംഐഎസ് പ്രകാരം പ്രവേശനം നേടിയ ട്രെയിനികളുടെ എന്ടിസികളിലെ അടിസ്ഥാന വിവരങ്ങളില്‍ തെറ്റുകളുണ്ടെങ്കില്‍ തിരുത്താം. ംംം.ിര്ാേശ.െഴീ്.ശി പോര്‍ട്ടലിലിലെ കംപ്ലയിന്റ് ടൂള്‍ വഴി നേരിട്ട് ആവശ്യമായ തിരുത്തലുകള്‍ വരുത്താവുന്നതതാണെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. തിരുത്തല്‍ വരുത്തിയവര്‍ ഫെബ്രുവരി 22നകം അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഐടിഐയില്‍ ഹാജരാകണം. ഫോണ്‍: 0497 2364535.
അപേക്ഷ ക്ഷണിച്ചു
ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ തളിപ്പറമ്പ് കയ്യംതടത്തിലുള്ള പട്ടുവം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ പിജിഡിസിഎ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും സര്‍വകലാശാല ബിരുദമാണ് യോഗ്യത. ഫെബ്രുവരി 21 വരെ കോളജ് ഓഫീസില്‍ അപേക്ഷ സ്വീകരിക്കും. അപേക്ഷാഫോറം കോളേജ് ഓഫീസിലും ംംം.ശവൃറ.മര.ശി ലും ലഭിക്കും. എസ്സി/ എസ്ടി/ഒഇസി വിദ്യാര്‍ഥികള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. ഫോണ്‍: 0460 2206050, 8547005048.
അപേക്ഷ ക്ഷണിച്ചു
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഡി ഡി യു ജി കെ വൈ സ്കീമില്‍ നടത്തുന്ന സൗജന്യ കോഴ്സായ ബാര്‍ ബെന്‍ഡിംഗ് ആന്റ് സ്റ്റീല്‍ ഫിക്സര്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ആണ്‍കുട്ടികള്‍ക്ക് മാത്രം. എസ് എസ് എല്‍ സി വിജയിച്ചവര്‍ക്കും തോറ്റവര്‍ക്കും അപേക്ഷിക്കാം. മുസ്ലീം, ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സൊസൈറ്റിയില്‍ സ്ഥിരം നിയമനം ലഭിക്കും. കോഴിക്കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലക്കാര്‍ക്കാണ് അപേക്ഷിക്കാനുള്ള അവസരം. ഫോണ്‍: 9497214091, 9567869116.
രജിസ്ട്രേഷന് ആരംഭിച്ചു
സംസ്ഥാന സാക്ഷരതാ മിഷന് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സുകളായ ഗുഡ് ഇംഗ്ലീഷ്, അച്ഛീ ഹിന്ദി, പച്ച മലയാളം കോഴ്സുകളിലേക്കുള്ള രജിസ്ട്രേഷന് ആരംഭിച്ചു. 2500 രൂപയാണ് കോഴ്സ് ഫീസ്. വിശദ വിവരങ്ങള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തുടര്‍ വിദ്യാ കേന്ദ്രങ്ങളുമായി ബന്ധപ്പെടുക. ഫോണ്‍: 0497 2707699.
