കുന്നിടിക്കല്‍ വികസനം കാണാന്‍ വരൂ-കണ്ടാസ്വദിക്കൂ—

 

Report–Kannur Online News -Thalaseri Bureau

 

പെരളശ്ശേരി: റോഡ് വികസനത്തിന് വേണ്ടിയുള്ള മണ്ണെടുക്കലില്‍ കുന്നുകള്‍ക്ക് അകാല മരണം.

ചാല ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍- പൊതുവാച്ചേരി റോഡിലാണ് ഭയാനകമായ രീതിയില്‍ കുന്നിനെ ഇല്ലാതാക്കുന്നത്.

ദേശീയപാത വികസനത്തിന് വേണ്ടിയാണ് ഈ കുന്നിടിക്കല്‍.

ജെ സി ബി ഉപയോഗിച്ച് റോഡിനോട് ചേര്‍ന്നുള്ള കുന്നാണ് ഇടിച്ച് നിരത്തുന്നത്.

കുന്നുകള്‍ ജലസംഭരണികളാണെന്നും പ്രകൃതി സംരക്ഷണം അനിവാര്യമാണെന്നും പ്രചരിപ്പിക്കുന്ന ശാസ്ത്ര സാഹിത്യ

പരിഷത്തിനെ പോലുള്ള സംഘടനകള്‍ സജീവമായി പ്രവര്‍ത്തിക്കുന്ന മേഖലയിലാണ് രാപകല്‍ ഭേദമന്യെ മണ്ണുമായി ലോറികള്‍ ചീറിപ്പായുന്നത്.

കിലോമീറ്ററുകള്‍ നീളത്തിലുള്ള കുന്നിന്റെ പല ഭാഗങ്ങളില്‍ നിന്നുമായി മണ്ണെടുത്ത ചിത്രം നമ്മുടെ ഭരണാധികാരികളുടെ വികസനകാഴ്ചപ്പാടിന്റെ നേര്‍ക്കാഴ്ചയാണ്.

മണ്ണെടുത്ത ഭാഗങ്ങളില്‍ ഒറ്റപ്പെട്ട വീടുകളും സ്‌ക്കൂളും വലിയ ദുരന്തത്തിനായാണ് കാത്തിരിക്കുന്നത്.

ഈ കരള്‍ പിളര്‍ക്കുന്ന കാഴ്ച ആരെയും നൊമ്പരപ്പെടുത്തുന്നതാണ്.

പൊതുവാച്ചേരിയിലെ കുന്നിന്റെ സംരക്ഷണത്തിന് ജില്ലാ കലക്ടര്‍ ഇടപെടണമെന്ന് യൂത്ത് കോണ്‍ഗ്രസ് ധര്‍മ്മടം നിയോജക മണ്ഡലം പ്രസിഡന്റ് സനോജ് പലേരി. ഭരണത്തിന്റെ മറവില്‍

കിലോമീറ്ററുകള്‍ കണക്കെ കുന്നിടിച്ച് നിരത്തിയത് കടുത്ത പ്രകൃതി ദുരന്തം ക്ഷണിച്ച് വരുത്തുന്നതാണെന്നും സനോജ് ആരോപിച്ചു.