തളിപ്പറമ്പ്-മന്ന ജംഗ്ഷനില്‍ കൂടുതല്‍ സ്ഥലം അക്വയര്‍ ചെയ്ത് റോഡ് വീതികൂട്ടണം- തളിപ്പറമ്പ് താലൂക്ക് വികസന സമിതി യോഗം

തളിപ്പറമ്പ്: മലയോര ഹൈവേയുടെ കവാടമായ തളിപ്പറമ്പ് മന്ന ജംഗ്ഷനില്‍ റോഡ് വീതികൂട്ടാന്‍ കൂടുതല്‍സ്ഥലം അക്വയര്‍ചെയ്യണമെന്ന് തളിപ്പറമ്പ് താലൂക്ക് വികസന സമിതി യോഗം.

ഇതിന്റെ പ്രാഥമിക നടപടികളുടെ ഭാഗമായി ആര്‍.ഡി.ഒ ഉള്‍പ്പെടെയുള്ള ഉന്നതതല സംഘം സ്ഥലം സന്ദര്‍ശിക്കും.

റിട്ട.എ.ഡി.എം എ.സി.മാത്യു ഇത് സംബന്ധിച്ച് നല്‍കിയ പരാതിയിലാണ് തീരുമാനം.

കഴിഞ്ഞ 60 വര്‍ഷമായി ഈ ഭാഗത്തെ റോഡില്‍ ഒരു വിധ വികസന പ്രവര്‍ത്തനങ്ങളും നടന്നിട്ടില്ലെന്നും, ഇവിടെ സ്ഥലം അക്വയര്‍ ചെയ്ത് ട്രാഫിക് ഐലന്റ് സ്ഥാപിക്കണമെന്നും എ.സി.മാത്യു  ഇന്ന് രാവിലെ നടന്ന  തളിപ്പറമ്പ് താലൂക്ക് വികസന സമിതി യോഗത്തില്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ അറ് വര്‍ഷത്തോളമായി അദ്ദേഹം വികസനസമിതി മുമ്പാകെ ഇതേ പരാതി ഉന്നയിച്ചുവരികയായിരുന്നു.

റോഡിന്റെ പ്രവേശന കവാടത്തില്‍ ഇരു ഭാഗത്തുമുള്ള സ്ഥലം അക്വയര്‍ ചെയ്ത് റോഡ് വീതി കൂട്ടുന്നത് സംബന്ധിച്ച് പരിശോധിക്കാനാണ് ഉന്നതതല സംഘം സ്ഥലം സന്ദര്‍ശിക്കുന്നതെന്ന് ആര്‍.ഡി.ഒ ഇ.പി.മേഴ്‌സി അറിയിച്ചു.

തളിപ്പറമ്പ് ബ്ലോക്ക് പരിധിയിലെ 9 പഞ്ചായത്തുകളിലെ കോളനികളില്‍ കെല്‍ട്രോണ്‍ സ്ഥാപിച്ച സോളാര്‍ വിളക്കുകള്‍

മുഴുവന്‍ കേടായിക്കിടക്കുകയാണെന്നും, ഇത് സംബന്ധിച്ച് നിരവധി തവണ പരാതികളറിയിച്ചിട്ടും കെല്‍ട്രോണ്‍ തിരിഞ്ഞുനോക്കുന്നില്ലെന്നും ബ്ലോക്ക് പഞ്ചായത്തംഗം കൊയ്യം ജനാര്‍ദ്ദനന്‍ പരാതിപ്പെട്ടു.

ചപ്പാരപ്പടവ് പഞ്ചായത്തിലെ കൂവേരി വില്ലേജിലെ നിരവധി കുന്നുകള്‍  പാതയുടെ ആവശ്യത്തിനായി വ്യാപകമായി

ഇടിച്ചുനിരത്തുകയാണെന്നും ഇതേപ്പറ്റ് റവന്യൂവകുപ്പ് അന്വേഷിക്കണമെന്നും ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡന്റ് സുനിജാ ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

കണ്ണൂരില്‍ നിന്നും ഏരുവേശി, കുടിയാന്‍മല തുടങ്ങിയ വിവിധ മലയോര പ്രദേശങ്ങളെ ബന്ധപ്പെടുത്തി വിനോദസഞ്ചാര കേന്ദ്രമായ

പാലക്കയംതട്ടിലേക്ക് പുതിയ കെ.എസ്.ആര്‍.ടി.സി ബസ് അനുവദിക്കണമെന്ന് മുന്‍ ഏരുവേശി പഞ്ചായത്ത് പ്രസിഡന്റ് എം.നാരായണന്‍  മാസ്റ്റര്‍ ആവശ്യപ്പെട്ടു.

ജില്ലാ പഞ്ചായത്തംഗം തോമസ് വെക്കത്താനം അധ്യക്ഷത വഹിച്ചു. അസി.കളക്ടര്‍ മുഹമ്മദ് ഷെഫിക്ക്, തഹസില്‍ദാര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.