ഇവിടെയുണ്ട് തലയ്ക്കല്‍ ചന്തുവിന്റെ പിന്മുറക്കാര്‍

കണ്ണൂര്‍: അമ്പെയ്ത്തില്‍ പ്രഗത്ഭരായ വയനാട്ടിലെ തലയ്ക്കല്‍ ചന്തുവിന്റെ പിന്‍ഗാമികള്‍ ആ പാരമ്പര്യം തനിമയോടെ കാത്ത് സൂക്ഷിക്കുന്നവരാണ്.

രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള എന്റെ കേരളം പ്രദര്‍ശന

നഗരിയില്‍ അമ്പെയ്ത്ത് പരിചയപ്പെടുത്തി ശ്രദ്ധേയനാവുകയാണ് വയനാട്ടിലെ എം.കെ.മനോജ്.

ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായാണ് അമ്പെയ്ത്തിനെ അറിയാന്‍ അവസരമൊരുക്കുന്നത്.

അമ്പെയത്ത് കേവലം കായിക വിനോദം മാത്രമല്ല ഇവര്‍ക്ക്.തലമുറകളായി കൈമാറി വരുന്ന പാരമ്പര്യം കാത്തു സൂക്ഷിക്കുകയാണിവര്‍.

അമ്പെയ്ത്തിന്റെ പാഠങ്ങള്‍ മനോജിന് പകര്‍ന്നു നല്‍കിയത് ഗുരു ഗോവിന്ദന്‍ ആശാനാണ്.

അമ്പെയ്ത്ത് മത്സരത്തിനുള്ള മാനസികവും ശാരീരികവുമായ പരിശീലനങ്ങള്‍ ഇവര്‍ നല്‍കി വരുന്നുണ്ട്.

കായിക വിദ്യാര്‍ഥികള്‍ക്ക് പുറമെ നിരവധി വിദേശികളാണ് വയനാട് അമ്പലവയല്‍ നന്ദന്‍ കവലയിലെത്തുന്നത്.

അമ്പെയ്ത്ത് പരിശീലനത്തിനുള്ള അമ്പും വില്ലും കുറഞ്ഞ ചെലവിലാണ് ഇവര്‍ നിര്‍മിച്ചു നല്‍കുന്നത്.

പരിശീലനത്തിനെത്തുന്നവരില്‍ നിന്ന് ദക്ഷിണയായി കുറഞ്ഞ തുക മാത്രമാണ് ഈടാക്കുക.

ബാക്കി തുക കൊണ്ട് കാട്ടിലെ പക്ഷികള്‍ക്ക് ഭക്ഷണം നല്‍കും. ശീമക്കൊന്നമരം, മുള എന്നിവ കൊണ്ടാണ് വില്ലുണ്ടാക്കുന്നത്.

പേനമുളകൊണ്ടുള്ള അമ്പിന്റെ ഗതി നിര്‍ണയിക്കുന്നത് പരുന്തിന്റെ തൂവല്‍ കൊണ്ടാണ്.

കൊടിത്തൂവയുടെ നാരുകൊണ്ടുണ്ടാക്കുന്ന ഞാണ് ആണ് ഉപയോഗിക്കുന്നത്.

അമ്പും വില്ലും നിര്‍മാണം ചിട്ടകളോടെയാണ് നിര്‍വഹിക്കുന്നതെന്ന് മനോജ് പറയുന്നു.

പൂര്‍വികര്‍ പകര്‍ന്ന അമ്പെയ്ത്തിന്റെ പാഠങ്ങള്‍ കെടാതെ പകര്‍ന്നു നല്‍കുകയാണ് ഇവരുടെ ലക്ഷ്യം.