പ്രഫ.കെ.വി.തോമസിനെ പുറത്താക്കും-ചതിയും വഞ്ചനയും ജനം തിരിച്ചറിയും കെ.സുധാകരന് എം.പി.
തിരുവനന്തപുരം കണ്ണൂരില്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത കെ.വി.തോമസ് കോണ്‍ഗ്രസില്‍നിന്ന് പുറത്താകുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്.

കെ.വി.തോമസ് കോണ്‍ഗ്രസിന്റെ പ്രഖ്യാപിത ശത്രുവാണ്. തോമസിനെ ഞങ്ങള്‍ക്കു വേണ്ട തോമസ് പാര്‍ട്ടിയില്‍നിന്ന് പോയിക്കഴിഞ്ഞു. ഈ ചതിയും വഞ്ചനയും ജനം തിരിച്ചറിയും.
എഐസിസി ഉചിതമായ തീരുമാനം എടുക്കുമെന്നും സുധാകരന് പറഞ്ഞു. കെ.വി.തോമസ് പിണറായി മഹത്വം പറഞ്ഞത് തറവാടിത്തമില്ലായ്മയാണ്.
തോമസ് സിപിഎമ്മുമായി കച്ചവടം നടത്തി നില്‍ക്കുകയാണ്. അപ്പോള്‍ ഇല്ലാത്ത മഹത്വവും വിധേയത്വവും വരും. തോമസിന്റേത് നട്ടെല്ലില്ലായ്മയും വ്യക്തിത്വമില്ലായ്മയുമാണ്.
മുക്കുവക്കുടിലില്‍നിന്ന് വന്നെന്ന് പറഞ്ഞയാളുടെ ആസ്തി നോക്കണം. ഇനിയൊന്നും കിട്ടാന്‍ ഇല്ലെന്ന് കണ്ടാണ് പിണറായി കണ്‍കണ്ട ദൈവമായത്.
കൊള്ളാത്ത കൈകളിലാണു സ്ഥാനമാനങ്ങള്‍ നല്‍കിയതെന്ന ഖേദമുണ്ട്.
തോമസിനെ തിരുത തോമയെന്ന് വിളിച്ചത് വി.എസ്.അച്യുതാനന്ദനാണ്. കോണ്‍ഗ്രസുകാര്‍ വിളിച്ചിട്ടില്ല.
നാട്ടുകാര്‍ വിളിച്ചിട്ടുണ്ടെന്നും സുധാകരന് പറഞ്ഞു.
അതേസമയം തന്നെ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കാനാകില്ലെന്ന് കെ.വി.തോമസ് പ്രതികരിച്ചു.
വ്യക്തിപരമായ തീരുമാനത്തിന് മുഖ്യമന്ത്രിയുടെ അഭിപ്രായം തേടിയിട്ടുണ്ടെന്നും തോമസ് പറഞ്ഞു.
