പൊതുടാപ്പുകള്‍ ഇനിയില്ല, ആരുമറിയാതെ നിശബ്ദമായ പിന്‍വലിക്കല്‍-
കരിമ്പം.കെ.പി.രാജീവന്‍
തളിപ്പറമ്പ്: വഴിയരികിലെ ടാപ്പുകളില്‍ നിന്ന് വെള്ളം കുടിച്ച് ജീവിച്ച സംഭവങ്ങള്‍ ഇനി വെറും കഥകളില്‍ മാത്രം, കേരളത്തില്‍ വാട്ടര്‍ അതോറിറ്റിയുടെ പൊതു ടാപ്പുകള്‍ ഓര്‍മ്മയാകുന്നു.
റോഡരികിലെ പൊതുടാപ്പുകള്‍ ഒഴിവാക്കി, ഒരു പൊതുടാപ്പിന് പകരം അഞ്ച് ഗാര്‍ഹിക കണക്ഷനുകള്‍ നല്‍കാനുള്ള
ജല്‍ജീവന്‍മിഷന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പടിപടിയായി പൊതു ടാപ്പുകള്‍ ഒഴിവാക്കുന്നതെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറഞ്ഞു.
വീടുകളിലെല്ലാം സൗജന്യമായി കുടിവെള്ള കണക്ഷനുകള്‍ നല്‍കുമ്പോള്‍ എന്തിനാണ് പൊതുടാപ്പ് നിലനിര്‍ത്തുന്നതെന്നാണ് അതോറിറ്റി അധികൃതരുടെ ചോദ്യം.
ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ കരാറില്‍ തന്നെ നിശ്ചിത എണ്ണം പൊതുടാപ്പുകള്‍ സ്ഥാപിക്കണെമന്ന വ്യവസ്ഥ നിലവിലിരിക്കെയാണ് പൊതുടാപ്പുകള്‍ പൂര്‍ണമായി ഒഴിവാക്കാന്‍ നീക്കം നടക്കുന്നത്.
ഇത് ഏതാണ്ട് 99 ശതമാനത്തോളം നടപ്പിലാക്കികഴിഞ്ഞതായാണ് വിവരം. 34 വാര്‍ഡുകളുള്ള തളിപ്പറമ്പ് നഗരസഭയില്‍ ആകെ
ബാക്കിയുള്ളത് കോര്‍ട്ട് റോഡിലുള്ള ഒരു പൊതുടാപ്പ് മാത്രമാണ്, അതുതന്നെ 50 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ചതുമാണ്.
സംസ്ഥാനപാതയിലും മറ്റ് പ്രധാനറോഡുകളിലും ജപ്പാന്‍ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്യപ്പെടുമ്പോള്‍ നൂറുകണക്കിന് പൊതുടാപ്പുകളുണ്ടായിരുന്നെങ്കിലും ഇതില്‍ അവശേഷിക്കുന്നത് വിരലിലെണ്ണാവുന്നത് മാത്രമാണ്.
അതുതന്നെ ഒന്നില്‍പോലും വെള്ളം ലഭിക്കുന്നുമില്ല. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭാഗത്തുനിന്നുള്ള അലംഭാവമാണ് കുടിവെള്ള ടാപ്പുകള്‍ ഒഴിവാക്കാനുള്ള ഒരു പ്രധാന കാരണം.
പ്രതിവര്‍ഷം ടാപ്പ് ഒന്നിന് 15,000 രൂപയാണ് ഇവയുടെ പദ്ധതി വിഹിതത്തില്‍ നിന്നും കുറവുചെയ്യുന്നത്.
ഒതുകൊണ്ടുതന്നെ പൊതു ടാപ്പുകള്‍ വേണ്ടെന്ന നിലപാടിലാണ് മിക്ക പഞ്ചായത്തുകളും.
അവശേഷിക്കുന്നടാപ്പുകള്‍ മിക്കതും ലോറികളില്‍ കുടിവെള്ളമെത്തിക്കുന്ന ലോബികള്‍ ഇരുട്ടിന്റെ മറവില്‍ നശിപ്പിക്കുക കൂടി ചെയ്തതോടെ പൊതുസ്ഥലങ്ങളിലെ കുടിവെള്ളടാപ്പുകള്‍ ഇല്ലാതാവുന്നത് പൂര്‍ണമായി.
സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും നിശബ്ദമായി ഇത് നടപ്പിലാക്കിവരികയാണ്. ഗാര്‍ഹിക കണക്ഷനുകളുടെ എണ്ണം കൂട്ടിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ എതിര്‍പ്പുകളില്ലാത്തത്
വാട്ടര്‍ അതോറിറ്റിക്ക് പൊതു പൈപ്പുകള്‍ ഇല്ലാതാക്കുന്നതിന് കൂടുതല്‍ സഹായകമാവുകയും ചെയ്തു.
ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പ്രധാന നിര്‍ദ്ദേശമായ സൗജന്യ പൊതു ജലവിതരണം ഇല്ലാതാവുന്നത് ദൂരവ്യാപകമായി ദോഷകരമാണെന്നും, കുടിവെള്ളത്തിന് ഏകപക്ഷീയമായി
വിലവര്‍ദ്ധിപ്പിക്കുന്നതിലേക്കാവും ഇത് എത്തിച്ചേരുകയെന്നുമാണ് ഇതിനെ എതിര്‍ക്കുന്നവര്‍ പറയുന്നത്. പ്രധാന കേന്ദ്രങ്ങളില്‍ പൊതു കുടിവെള്ള വിതരണം തുടരണമെന്നും ഇവര്‍ പറയുന്നു.