കാത്ത്ലാബ്-പൊതുമുതല്‍ നശിപ്പിക്കല്‍ തടയല്‍ നിയമപ്രകാരം ജാമ്യമില്ലാ കേസ്-

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ കാത്ത്ലാബ് തകര്‍ത്ത സംഭവത്തില്‍ പി.ഡി.പി.പി(പൊതുമുതല്‍ നശിപ്പിക്കല്‍) നിയമപ്രകാരം പരിയാരം പോലീസ് കേസെടുത്തു.
പരാതി കിട്ടിയ ഉടന്‍ തന്നെ പരിയാരം ഇന്‍സ്പെക്ടര്‍ കെ.വി.ബാബുവിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.
മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി വിഭാഗം മേധാവിയും പ്രമുഖ ഹൃദ്രോഗ വിദഗ്ദ്ധനുമായ ഡോ.എസ്.എം.അഷ്റഫിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത്.
ഇന്നലെ വൈകുന്നേരം തന്നെ പോലീസ് കാര്‍ഡിയോളജി വിഭാഗത്തിലെത്തി നാശനഷ്ടം വരുത്തിയ കാത്ത്ലാബ് പരിശോധിച്ചു.
ഫോറന്‍സിക് പരിശോധന കൂടി ഇക്കാര്യത്തില്‍ നടത്തുമെന്നും കാര്‍ഡിയോളജി വിഭാഗത്തിലും കാത്ത്ലാബിലും ജോലിനോക്കുന്ന ജീവനക്കാരെ മുഴുവന്‍ ചോദ്യം ചെയ്യുമെന്നും പോലീസ് പറഞ്ഞു.
കേരളത്തില്‍ ഇതിന് മുമ്പ് ഒരിക്കലും ഇത്തരത്തിലൊരു കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ലാത്തതിനാല്‍ നിയമോപദേശം തേടിയതിന്
ശേഷമാണ് പോലീസ് പ്രിന്‍സിപ്പാളിന്റെ പരാതിയും അന്വേഷണ റിപ്പോര്‍ട്ടും കൂടാതെ ഡോ.എസ്.എം.അഷറഫിന്റെ മൊഴിയുടെ കൂടി അടിസ്ഥാനത്തില്‍ കേസെടുത്തത്.
1984 ലെ പ്രിവന്‍ഷന്‍ ഓഫ് ഡാമേജ് ടു പബ്ലിക്ക് പ്രോപ്പര്‍ട്ടി ആക്റ്റ് പ്രകാരമുള്ള കേസായതിനാല്‍ അറസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് ജാമ്യം ലഭിക്കണമെങ്കില്‍ നാശനഷ്ടം വരുത്തിയ സാധനങ്ങളുടെ വില കോടതിയില്‍ കെട്ടിവെക്കേണ്ടതുണ്ട്.
ഇവിടെ 9,76,000 രൂപയുടെ നാശനഷ്ടം സംഭവിച്ചതായിട്ടാണ് കണക്കാക്കപ്പെടുന്നത്. മുന്‍കൂര്‍ ജാമ്യം ലഭിക്കണമെങ്കില്‍ പോലും ഈ തുക കോടതിയില്‍ കെട്ടിവെക്കണമെന്നാണ് നിയമം.
