തളിപ്പറമ്പില്‍ മാര്‍ച്ച്-19 മുതല്‍ തുള്ളാതെ മനസും തുള്ളിക്കാന്‍ ആലിങ്കീല്‍ ഒരുങ്ങി

തളിപ്പറമ്പ്: തളിപ്പറമ്പ് പട്ടണത്തിന് സിനിമയുടെ വ്യത്യസ്ത കാഴ്ച്ചയൊരുക്കിയ ആലിങ്കീല്‍ തിയേറ്റര്‍ നാല്‍പ്പത്തിയഞ്ചാം വയസിലേക്ക്.

1981 മെയ്-28 ന് ഉദ്ഘാടനം ചെയ്യപ്പെട്ട ആലിങ്കീല്‍ തിയേറ്ററില്‍ ആദ്യം പ്രദര്‍ശിപ്പിക്കപ്പെട്ട സിനിമ സ്‌ഫോടനം ആയിരുന്നു.

തളിപ്പറമ്പ് നഗരത്തില്‍ ബാല്‍ക്കണി സൗകര്യമുള്ള ഏക തിയേറ്ററായ ആലിങ്കീല്‍ 45-ാം വാര്‍ഷികത്തില്‍ പ്രേക്ഷകര്‍ക്ക് പുതിയ ദൃശ്യാനുഭവം പകര്‍ന്നുനല്‍കാന്‍ ഒരുങ്ങിക്കഴിഞ്ഞു.

മാര്‍ച്ച്-19 ന് ആട്-3 എന്ന സിനിമയുടെ പ്രദര്‍ശനത്തോടെ ആലിങ്കീല്‍ ഫോര്‍-കെ ദൃശ്യാനുഭവം നല്‍കുകയാണ്.

പുതിയ ആര്‍.ജി.ബി ലേസര്‍ ത്രീഡി-4-കെ പ്രൊജക്ടറാണ് ഒരുക്കിയിട്ടുള്ളത്.

വലിയ സില്‍വര്‍ സ്‌ക്രീന്‍, ഡോള്‍ബി അറ്റ്‌മോസ് 36 സൗണ്ട് ട്രാക്ക് ചാനലും പ്രേക്ഷകരെ പ്രകമ്പനം കൊള്ളിക്കാനായി തിയേറ്റര്‍ മാനേജ്‌മെന്റ് ഒരുക്കിയിട്ടുണ്ട്.

ഒന്നരകോടി രൂപയോളം ചെലവഴിച്ചാണ് തളിപ്പറമ്പില്‍ ആദ്യമായി മികച്ച സിനിമ അനുഭവം പകര്‍ന്നുനല്‍കാന്‍ ആലിങ്കീല്‍ പ്രേക്ഷകരെ കാത്തിരിക്കുന്നത്.