സ്ത്രീസൗഹൃദ ബജറ്റുമായി ആന്തൂര്‍ നഗരസഭ-ആരോഗ്യശുചിത്വത്തിനും പ്രാധാന്യം നല്‍കിയ ജനകീയ ബജറ്റ്.
ധര്‍മ്മശാല: സ്ത്രീ സൗഹൃദ സംരംഭങ്ങള്‍ക്കും ആരോഗ്യ ശുചിത്വ മേഖലയ്ക്കും പ്രാധാന്യം നല്‍കി ആന്തൂര്‍ നഗരസഭ ബജറ്റ്.
വനിത ഫിറ്റ്‌നെസ് സെന്റര്‍ മുതല്‍ മെന്‍സ്ട്രുവല്‍ കപ്പ് പ്രചരണം വരെ ഏറ്റെടുത്ത ആന്തൂര്‍ നഗരസഭ ബജറ്റ് വൈസ് ചെയര്‍പേഴ്‌സണ്‍ വി.സതീദേവിയാണ് അവതരിപ്പിച്ചത്.
സംരംഭകര്‍ക്ക് പ്രോത്സാഹനം നല്‍കാന്‍ മീല്‍സ് ഓണ്‍ വീല്‍സ്, സാന്ത്വനശ്രീ സംരംഭകര്‍ക്ക് ഡ്രൈവിംഗ് പരിശീലനം, ഗൃഹോപകരണ റിപ്പയറിംഗ്, ഹരിതസേന വിപുലീകരണം, നാനോ കാര്‍പ്പറ്റ് കൈത്തറി, സ്ത്രീപദവി പഠനം തുടങ്ങി 9 പദ്ധതികളാണ് വനിതാ സൗഹൃദ ബജറ്റില്‍ മുന്നോട്ട് വച്ചത്.
ആരോഗ്യ-ശുചിത്വ-മാലിന്യ മേഖലയില്‍ കക്കൂസ് മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ നിര്‍മാണമുള്‍പ്പെടെ 12 പദ്ധതികളാണ് തയ്യാറാക്കിയിട്ടുളളത്.
3 കോടിയോളം രൂപ ഈ മേഖലയില്‍ നീക്കിവെച്ചിട്ടുണ്ട്. അതിദാരിദ്ര്യ നിര്‍മാര്‍ജനവും, വൃക്കരോഗികള്‍ക്കുള്ള സഹായ പദ്ധതികളും ഇതില്‍പെടുന്നു. പ്ലാസ്റ്റിക് ഷെഡ്ഡിംഗ് യൂണിറ്റിന്റെ വിപുലീകരണവും ഇതുപ്രകാരം നടക്കും.
വിട്ട് കിട്ടിയ സ്ഥാപനങ്ങള്‍ക്ക് സോളാര്‍ പാനല്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ മേഖലയില്‍ 7 പദ്ധതികളാണ് ബജറ്റിലുള്ളത്.
സ്‌കൂളുകള്‍ക്ക് ഫയര്‍ ആന്റ് സേഫ്റ്റി സംവിധാനം ഏര്‍പ്പെടുത്തുന്ന പദ്ധതി ജില്ലയില്‍ തന്നെ ആദ്യമായാണ്.
കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം തുടര്‍ പദ്ധതിയാണ്. പുതുതായി ജനിക്കുന്ന കുട്ടികള്‍ക്ക് കിഡ്‌സ് കിറ്റ് നല്‍കുന്ന തൂവല്‍സ്പര്‍ശം മാതൃകാ പദ്ധതിയും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
സമ്പൂര്‍ണ പാര്‍പ്പിടപദ്ധതിക്ക് ഒരുകോടി രൂപ, ഭവന റിപ്പയറിംഗിന് 50 ലക്ഷം, ഉല്‍പ്പാദനമേഖലക്ക് ഒന്നരക്കോടി, ഫാം ടൂറിസത്തിന് ഒരുകോടി രൂപയും വകയിരുത്തി. അയ്യങ്കാളി തൊഴിലുറപ്പിന് 1.50 കോടി, നഗരസൗന്ദര്യവല്‍ക്കരണത്തിന് 5 ലക്ഷം രൂപയും വകയിരുത്തി.
ചെയര്‍മാന്‍ പി.മുകുന്ദന്‍ അധ്യക്ഷത വഹിച്ചു.
കെ.പി.ഉണ്ണികൃഷ്ണന്‍, സി.പി.മുഹാസ്, എം.ആമിന, പി.കെ.മുഹമ്മദ്കുഞ്ഞി, കെ.വി.പ്രേമരാജന്‍, ഇ.അഞ്ജന, സി.ബാലകൃഷ്ണന്‍, ടി.കെ.വി.നാരായണന്‍, പി.കെ.മുജീബ്‌റഹ്‌മാന്‍, ഓമന മുരളീധരന്‍ എന്നിവര്‍ ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്തു.