ചിലരുടെ നല്ലകള്ളന്‍ അരിപ്പാമ്പ്രയിലെ മുര്‍ഷിദ് അറസ്റ്റില്‍- ഇന്ന് തെളിവെടുപ്പ്.

 

പോലീസിന്റെ ചോദ്യംചെയ്യലില്‍ കുറ്റം
സമ്മതിച്ച മുര്‍ഷിദിനെ ഇന്ന് തെളിവെടുപ്പിനായി കൊണ്ടുപോകും.

പരിയാരം: ചിലരുടെ നല്ലകള്ളന്‍ അരിപ്പാമ്പ്രയിലെ വിവാദമോഷ്ടാവ് പി.എം.മുഹമ്മദ് മുര്‍ഷിദിനെ(31) പരിയാരം പോലീസ് മേഷണക്കേസില്‍ അറസ്റ്റ്‌ചെയ്തു.

ഇന്നലെ വൈകുന്നേരം ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് സ്ഥലത്തെത്തിയ പോലീസ് പിടികൂടിയത്.

മോഷ്ടിച്ച സ്വര്‍ണവും പണവും തിരിച്ചു നല്‍കി മാപ്പുപറഞ്ഞ മോഷ്ടാവ് പോലീസിനെ വെട്ടിച്ച് മുങ്ങിനടക്കുന്നതിനിടയില്‍ ഡിസംബര്‍ 3 ന് പൂഴികടത്ത്‌കേസില്‍ പയ്യന്നൂര്‍ കോടതി റിമാര്‍ഡ് ചെയ്തിരുന്നു.

റിമാന്‍ഡ് കാലാവധി കഴിഞ്ഞ് ഇന്നലെ ജാമ്യത്തിലിറങ്ങിയപ്പോഴാണ് പരിയാരം പോലീസ് സെന്‍ട്രല്‍ ജയില്‍ പരിസരത്തെത്തി ജയിലില്‍ നിന്ന് ഇറങ്ങിയ ഉടന്‍ വീണ്ടും കസ്റ്റഡിയിലെടുത്തത്.

അരിപ്പാമ്പ്രയിലെ മോഷണക്കേസുകളുമായി ബന്ധപ്പെട്ടാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നവംബര്‍ രണ്ടിന് പരിയാരം പഞ്ചായത്തംഗം അഷറഫ് കൊട്ടോലയുടെ വീട്ടില്‍ 1,91,500 രൂപയും നാലരപവന്‍ സര്‍ണാഭരണങ്ങളും 630 ഗ്രാം സ്വര്‍ണത്തരികളും മൂന്ന് കവറുകളിലാക്കി ഉപേക്ഷിക്കുകയും ഇതോടൊപ്പം മാപ്പപേക്ഷ കത്ത് നല്‍കുകയും ചെയ്തിരുന്നു.

2018 ലെ പൂഴിക്കടത്ത് കേസില്‍ പയ്യന്നൂര്‍ കോടതിയില്‍ ജാമ്യമെടുക്കാനെത്തിയപ്പോഴാണ് പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തത്.

മാസങ്ങളായി അരിപ്പാമ്പ്ര പ്രദേശത്ത് മോഷണം നടത്തിവന്ന ഇയാള്‍ ഒക്ടോബര്‍ ഒന്നിനാണ് ഒരു മോഷണ ശ്രമത്തിനിടയില്‍ സി.സി.ടി.വി കാമറയില്‍ കുടുങ്ങിയത്.

നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതിനെതുടര്‍ന്ന് പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്തുവെങ്കിലും വിട്ടയക്കുകയായിരുന്നു.

പിന്നീടാണ് നവംബര്‍ രണ്ടിന് മോഷ്ടിച്ച പണവും സ്വര്‍ണവും പഞ്ചായത്തംഗത്തിന്റെ വീട്ടില്‍ ഉപേക്ഷിക്കുകയും അതോടൊപ്പം ആരുടെയൊക്കെയാണ് മുതലുകളെന്ന് എഴുതിനല്‍കുകയും മോഷണത്തിന് മാപ്പുപറയുകയും ചെയ്തത്.

പോലീസിന്റെ ചോദ്യംചെയ്യലില്‍  കുറ്റം സമ്മതിച്ച മുര്‍ഷിദിനെ ഇന്ന് തെളിവെടുപ്പിനായി കൊണ്ടുപോകും.