അറിയപ്പെടാത്ത രഹസ്യത്തിന്റെ നാല്‍പ്പത്തിമൂന്ന് വര്‍ഷങ്ങള്‍.
ഉദ്യോഗസ്ഥ, വിരുതന്‍ ശങ്കു, സി.ഐ.ഡി നസീര്‍, പ്രേതങ്ങളുടെ താഴ്‌വര എന്നിങ്ങനെയുള്ള സിനിമകളിലൂടെ പ്രേക്ഷക മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ സംവിധായകന്‍ വേണുഗോപാല മേനോന്‍ എന്ന പി.വേണുവിന്റെ ‘അറിയപ്പെടാത്ത രഹസ്യം’തിയറ്ററില്‍ എത്തിയിട്ട് ഇന്നേക്ക് നാല്‍പത്തി മൂന്ന് വര്‍ഷങ്ങള്‍.
പ്രേംനസീറും ജയനും നായകന്മാരായ ഈ ആക്ഷന്‍ ചിത്രം, ജയന്‍ ആരാധകരെ സംബന്ധിച്ച് ത്രസിപ്പിക്കുന്ന ഒരോര്‍മ്മ കൂടിയാണല്ലോ. രഘു, വിജയന്‍ എന്നീ ഇരട്ട സഹോദരന്മാരായി ജയനും പ്രേംനസീറും വേഷമിട്ട ഈ ചിത്രത്തില്‍ ഇരുവര്‍ക്കും കൂടി ജയഭാരതി അവതരിപ്പിച്ച ഗീത എന്ന ഒരൊറ്റ നായിക.
ചെറുപ്പത്തിലേ വേര്‍പിരിഞ്ഞ രഘുവിന്റെയും വിജയന്റെയും അമ്മ (കനകദുര്‍ഗ്ഗ) ഒരാളാണെന്ന് ഇരുവരും തിരിച്ചറിയുന്നതും, വില്ലനായ ശ്രീധരന്‍ തമ്പി (ജോസ് പ്രകാശ്) താന്‍ കൊല്ലാന്‍ നടക്കുന്നത് സ്വന്തം മക്കളെ തന്നെയാണെന്ന് ക്ലൈമാക്‌സില്‍ മനസ്സിലാക്കുന്നതുമാണ് ഈ രണ്ടര മണിക്കൂര്‍ സിനിമയിലെ അറിയപ്പെടാത്ത രഹസ്യം.
ഈ രഹസ്യം വെളിപ്പെടുത്തിയ ഉടനെ തന്നെ ഗോവിന്ദന്‍കുട്ടി അവതരിപ്പിച്ച കഥാപാത്രത്തിന്റെ (ജയഭാരതിയുടെ അച്ഛന്‍) ഇരട്ടക്കുഴല്‍ തോക്കില്‍ നിന്ന് പാഞ്ഞ വെടിയുണ്ട ശ്രീധരന്‍ തമ്പിയുടെ മാറ് പിളര്‍ന്നു. പാപത്തിന്റെ ശമ്പളം മരണമാണെന്ന് മക്കളോട് പറഞ്ഞുകൊണ്ട് തമ്പി മരണപ്പെടുന്നതോടെ ചിത്രം പൂര്‍ത്തിയാകുന്നു..
ഈ ചിത്രത്തിന്റെ ക്ലൈമാക്‌സ് സംഘട്ടന രംഗം ബാക്കിവച്ചിട്ടായിരുന്നു 1980 നവംബര്‍ 15നു കോളിളക്കം ക്ലൈമാക്‌സ് ചിത്രീകരിയ്ക്കാന്‍ ജയന്‍ മദ്രാസിലേക്ക് പോയത്.
ആ ക്ലൈമാക്‌സ് ജയന്റെ ജീവിതത്തിന്റെ കൂടി ക്ലൈമാക്‌സ് കുറിച്ചപ്പോള്‍, ജയന്‍ ഇല്ലാതെ ക്ലൈമാക്‌സ് എടുക്കേണ്ട അവസ്ഥയിലായി സംവിധായകന്‍ വേണു.
ശ്രീധരന്‍ തമ്പിയുടെ താവളത്തില്‍ എത്തിച്ചേരുന്ന രഘുവിനെയും വിജയനെയും തമ്പിയുടെ ഗുണ്ടകള്‍ ആക്രമി്ക്കുമ്പോള്‍, അവര്‍ രഘുവിനെ മാത്രം ഒരു മുറിയില്‍ ബലമായി പിടിച്ചുകൊണ്ടു പോയി പൂട്ടിയിടുന്നതായി കാണിച്ചു.
തമ്പിയുടെ ഗുണ്ടകളുമായി വിജയന്‍ എന്ന പ്രേംനസീര്‍ ഒറ്റയ്ക്ക് പോരാടി. ഈ സ്റ്റണ്ടിന് ശേഷമാണ് ‘അറിയപ്പെടാത്ത രഹസ്യങ്ങള്‍ തമ്പി അറിയുന്നതും തുടര്‍ന്നുള്ള തമ്പിയുടെ മരണവും വരുന്നത്.
വേണുവിന്റെ ഭാഗ്യത്തിന് ആ ഭാഗങ്ങളുടെ ചിത്രീകരണം നേരത്തെ പൂര്‍ത്തിയായിരുന്നു.
അല്ലായിരുന്നെങ്കില്‍ കോളിളക്കം, ആക്രമണം എന്നീ ചില ചിത്രങ്ങളില്‍ സംഭവിച്ചത് പോലെ ജയന്റെ കഥാപാത്രത്തെ കൊന്നുകളയേണ്ടി വരുമായിരുന്നു വേണുവിനും.
രണ്ടു മണിക്കൂറില്‍ തീരേണ്ട ഈ സിനിമയെ വലിച്ചു നീട്ടിയതില്‍ മാള അരവിന്ദന്റെ കോമഡികളുടെ കാര്യമായ സംഭാവനയുണ്ട്.
ഒരു സ്വപ്ന സ്റ്റണ്ട് രംഗം’വരെ അദ്ദേഹത്തിനു നല്‍കിയിരുന്നു. ആന്റണി ചാമനാടനാണ് കഥ,സംഭാഷണം എഴുതിയത്.
സംവിധായകന്‍ വേണു തന്നെയായിരുന്നു തിരക്കഥ എഴുതിയത്. പി ഭാസ്‌കരന്‍-എം.കെ. അര്‍ജുനന്‍ ടീമിന്റെ മൂന്നു ഗാനങ്ങളായിരുന്നു ചിത്രത്തില്‍ ഉണ്ടായിരുന്നത്.
പ്രമീള, പൂജപ്പുര രവി, ആലുമൂടന്‍, സാധന, ജനാര്‍ദ്ദനന്‍ എന്നിവരൊക്കെയായിരുന്നു മറ്റു നടീനടന്മാര്‍. ഈ ചിത്രത്തിന്റെ ചില റിലീസിംഗ് കേന്ദ്രങ്ങളില്‍ ജയന്റെ അന്ത്യയാത്ര ഉള്‍പ്പെടുത്തിയിരുന്നതായി പ്രസ്തുത ചിത്രം തിയറ്ററുകളില്‍ അന്ന് കണ്ടിട്ടുള്ളവര്‍ ഓര്‍ക്കുന്നു. (പ്രത്യേകിച്ചും മലബാര്‍ കേന്ദ്രങ്ങളിലെ പ്രേക്ഷകര്‍).
ജയന്‍ സഹതാപ തരംഗത്തില്‍ മുടക്കുമുതല്‍ തിരിച്ചുപിടിച്ച സിനിമയായിരുന്നു അറിയപ്പെടാത്ത രഹസ്യം എന്ന് വേണു അദ്ദേഹത്തിന്റെ ഓര്‍മ്മകുറിപ്പില്‍ സൂചിപ്പിച്ചിട്ടുണ്ട്.
ക്യാമറ-ശിവന്‍, എഡിറ്റര്‍ കെ.നാരായണന്‍, കല-കെ.ബാലന്‍, പരസ്യം-എസ്.എ.നായര്‍. മുനവര്‍ ഫിലിംസാണ് വിതരണക്കാര്‍. സ്വര്‍ഗധാരാ സിനി ആര്‍ട്‌സിന്റെ ബാനറില്‍ കോശി നൈനാന്‍, കോശി ഫിലിപ്പ്, ജോണ്‍ ഫിലിപ്പ്, രാജി ജോര്‍ജ് എന്നിവരാണ് നിര്‍മ്മാതാക്കള്‍.
ഗാനങ്ങള്‍-
1-കാനനപൊയ്കയില്‍-യേശുദാസ്, വാണിജയറാം.
2-നവരത്‌ന വില്‍പ്പനക്കാരി-യേശുദാസ്.
3-വാസരക്ഷേത്രത്തിന്‍ നട തുറന്നു-എസ്.ജാനകി.