അസ്മയുടെ മൃതദേഹം കൊണ്ടുവന്നത് പുല്‍പായയില്‍ പൊതിഞ്ഞ്, മരണകാരണം അമിത രക്തസ്രാവം; സിറാജുദ്ദീനെതിരെ നരഹത്യക്കുറ്റം

മലപ്പുറം: മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ പെരുമ്പാവൂര്‍ സ്വദേശി അസ്മ മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സിറാജുദ്ദീനെതിരെ നരഹത്യക്കുറ്റം ചുമത്തി.

പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് അറസ്റ്റ് ചെയ്ത സിറാജുദ്ദീനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

അസ്വാഭാവിക മരണത്തിനാണ് ആദ്യം കേസെടുത്തിരുന്നതെങ്കിലും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് നരഹത്യയടക്കമുള്ള വകുപ്പുകള്‍ ചുമത്തിയത്.

അതിനിടെ മരണത്തിന് കാരണം അമിത രക്തസ്രാവമാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

വൈദ്യസഹായം യഥാസമയം ലഭിക്കാത്തതിനാല്‍ രക്തം വാര്‍ന്നാണു മരണമെന്ന് എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണു വ്യക്തമായത്.

വൈകീട്ട് 6നു പ്രസവിച്ച അസ്മ രാത്രി ഒന്‍പതിനാണു മരിച്ചത്.

3 മണിക്കൂറോളം രക്തസ്രാവമുണ്ടായി.

ഇതു നിയന്ത്രിക്കാന്‍ വൈദ്യസഹായം ലഭ്യമാക്കിയില്ല.

യുവതി മരിച്ചതോടെ മൃതദേഹവുമായി ഭര്‍ത്താവ് സിറാജുദീന്‍ പെരുമ്പാവൂരിലേക്കു വരികയായിരുന്നു.

ഇതിന് പിന്നാലെയാണ് യുവതിയുടെ ബന്ധുക്കള്‍ മരണത്തില്‍ ദുരൂഹത ആരോപിച്ചത്.

അസ്മയുടെ മരണവിവരം സഹോദരങ്ങളെയുള്‍പ്പെടെ അറിയിക്കാതെ സിറാജുദ്ദീന്‍ മറച്ചുവച്ചതില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി അസ്മയുടെ മാതൃസഹോദരന്‍ ടി കെ മുഹമ്മദ് കുഞ്ഞ് രംഗത്തെത്തി.

അസ്മയുടെ മൃതദേഹത്തോടുപോലും അനാദരവുണ്ടായതായും പുല്‍പായയില്‍ പൊതിഞ്ഞരീതിയില്‍ മൃതദേഹം വീട്ടിലെത്തിച്ചതിനെ തുടര്‍ന്നാണു സിറാജുദീന്റെ ഒപ്പമെത്തിയവരും അസ്മയുടെ ബന്ധുക്കളും തമ്മില്‍ സംഘര്‍ഷമുണ്ടായതെന്നും മുഹമ്മദ്കുഞ്ഞ് പറയുന്നു.

പൊലീസിനു പരാതി നല്‍കിയത് എഴുപത്തിയൊന്നുകാരനായ മുഹമ്മദ് കുഞ്ഞാണ്.