പിതാവിനെ അടിച്ചുകൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ മകന്‍ അറസ്റ്റില്‍.

പരിയാരം: അമിതമദ്യപാനം കാരണം ഭാര്യയും മക്കളും ഉപേക്ഷിച്ച് പോയ വിരോധത്തിന് അച്ഛന്റെ തലക്ക് മരവടികൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മകന്‍അറസ്റ്റില്‍.

പാണപ്പുഴ കണാരംവയലിലെ മുരിങ്ങോത്ത് വീട്ടില്‍ സന്തോഷിനെയാണ്(48) പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്.

സന്തോഷിന്റെ അച്ഛന്‍ എം.ഐ. ഐസക്കിനാണ്(74)ഗുരുതരമായി പരിക്കേറ്റത്.

ഇദ്ദേഹത്തെ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.

നവംബര്‍ 27 ന് രാവിലെ 11.30നായിരുന്നു സംഭവം.

സന്തോഷിന്റെ ഭാര്യയും മക്കളും പിണങ്ങി വീട്ടില്‍ നിന്നും പോയതിന്റെ വൈരാഗ്യത്തില്‍ നിങ്ങള്‍ ഇനി ജീവിച്ചിരിക്കണ്ട എന്നുപറഞ്ഞ് അച്ഛന്റെ തലയില്‍ മരവടി ഉപയോഗിച്ച് അടിക്കുകയായിരുന്നു.

തലച്ചോറില്‍ രക്തശ്രാവം ബാധിച്ച ഐസക്കിന്റെ നില ഗുരുതരമാണ്.

മദ്യാപാന വിമുക്തിക്ക് ചികില്‍സ നടത്തി വീട്ടിലെത്തിയശേഷം വീണ്ടും മദ്യപാനം ആരംഭിച്ച ശേഷമാണ് സന്തോഷിന്റെ ഭാര്യയും മക്കളും പിണങ്ങിപ്പോയത്.

ഈ വിരോധത്തിനാണ് സന്തോഷ് അച്ഛനെ മര്‍ദ്ദിച്ചത്. ഇന്നലെ രാത്രിയാണ് പരിയാരം പോലീസ് സന്തോഷിനെ അറസ്റ്റ് ചെയ്തത്.