യുവാവിനെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ച സ്വര്‍ണ്ണം പൊട്ടിക്കല്‍ സംഘത്തിലെ അഞ്ചു പേര്‍ റിമാന്‍ഡില്‍.
പഴയങ്ങാടി: സ്വര്‍ണം പൊട്ടിക്കല്‍ സംഘത്തിലെ അഞ്ചു പേര്‍ അറസറ്റില്‍.
നാറാത്ത് ആലിങ്കീല്‍ സ്വദേശി പുറക്കണ്ടി വഴപ്പില്‍ പി.വി.മാജിദിനെയാണ്(36) മയ്യില്‍ സ്വദേശികളായ ഇ.വൈഷ്ണവ്(23), കെ.ശ്രീരാഗ്(26), കെ.വി.അബ്ദുസമദ്(30), കെ.റജുല്‍(32) പുതിയങ്ങാടി സ്വദേശി കെ.ഷാഹിദ്(32) എന്നിവരുടെ നേതൃത്വത്തില്‍ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചത്.
ഇവരെ പഴയങ്ങാടി എസ് ഐ പി.യദുകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.
ഇന്നലെ രാവിലെ 8.30 ന് ഏഴ് മഞ്ചപ്പാലത്തുനിന്നും ബലമായി കാറില്‍ കയറ്റി പഴയങ്ങാടി വാടിക്കല്‍ കടവ് പ്രദേശത്ത് എത്തിച്ചത്. കാറില്‍ നിന്ന് പുറത്തിറക്കി മര്‍ദ്ദിക്കുന്നതിനിടയില്‍ മാജിദ് ഓടി സമീപത്തെ വീട്ടില്‍ കയറി രക്ഷപ്പെടുകയായിരുന്നു.
ബഹളം കേട്ട് എത്തിയ നാട്ടുകാര്‍ പ്രതികളെ തടഞ്ഞുവെക്കുകയും പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു.
പഴയങ്ങാടി എസ് ഐ യും സംഘവും സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തട്ടിക്കൊണ്ടു പോകലിന് കാരണമായി മാജിദ് പറയുന്നത് സുഹൃത്തായ വൈഷ്ണവിനോട് ഗള്‍ഫില്‍ നിന്ന് ഒരാഴ്ച മുമ്പ് എത്തിയ താന്‍ സ്വര്‍ണ്ണം കൊണ്ടുവന്നിട്ടുണ്ട് എന്ന് പറയുകയും ആ സ്വര്‍ണ്ണത്തിന് വേണ്ടിയാണ് തന്നെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതെന്നുമാണ്.
എന്നാല്‍ പ്രതികള്‍ പറയുന്നത് പ്രതികളില്‍ ഒരാളുടെ ബന്ധുവിന് മാജിദ് മയക്കുമരുന്ന് നല്‍കിയതിനെ ചോദ്യം ചെയ്യുന്നതിനാണ് തട്ടിക്കൊണ്ടുപോയത് എന്നുമാണ്.
പ്രതികളെ പയ്യന്നൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.