തളിപ്പറമ്പ് ബാര്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പിലെ കോലീബി സഖ്യ-വിജയം: കോണ്‍ഗ്രസും ലീഗും നയം വ്യക്തമാക്കണം എസ്ഡിപിഐ

 

തളിപ്പറമ്പ്: തളിപ്പറമ്പ് ബാര്‍ അസോസിയേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ആര്‍എസ്എസ്-ബിജെപിയുമായുള്ള സഖ്യത്തോടെ നേടിയ വിജയത്തില്‍ കോണ്‍ഗ്രസും ലീഗും നയം വ്യക്തമാക്കണമെന്ന് എസ്ഡിപിഐ തളിപ്പറമ്പ് മുനിസിപ്പല്‍ കമ്മിറ്റി.

രാജ്യത്ത് ന്യുനപക്ഷങ്ങള്‍ക്കെതിരെ അതിരൂക്ഷമായ രീതിയില്‍ അതിക്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുമ്പോഴും ഇതുപോലുള്ള നീക്കുപോക്കുകളില്‍ ലീഗ് കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ ഉള്‍പ്പെടുന്നു എന്നുള്ളത് ആശങ്കജനകമാണ്.

ആഴ്ചകള്‍ക്ക് മുന്നേയാണ് രാഹുല്‍ ഗാന്ധിയുടെ അയോഗ്യതാ വിവാദം ആര്‍എസ്എസിനെതിരെ ദേശീയതലത്തില്‍ കത്തിച്ചു നിര്‍ത്താന്‍ കോണ്‍ഗ്രസും ലീഗും മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചത്.

വേട്ടക്കാരനോടൊപ്പം ഓടുകയും ഇരയോടൊപ്പം കിതക്കുകയും ചെയ്യുന്ന കോണ്‍ഗ്രസിന്റെയും ലീഗിന്റെയും നിലപാട് പൊതുജനം തിരിച്ചറിയണമെന്നും യോഗം ആവശ്യപ്പെട്ടു.

മുനിസിപ്പല്‍ പ്രസിഡന്റ് ഇല്യാസ് അധ്യക്ഷത വഹിച്ചു. കെ.എം.ഷഫീക്, വി.എം.മദനി എന്നിവര്‍ സംസാരിച്ചു.

 

മുന്‍സിപ്പല്‍ മുസ്ലിം ലീഗ് കമ്മറ്റിക്ക് യാതൊരു ബന്ധവുമില്ല-കെ.വി.മുഹമ്മദ്കുഞ്ഞി.

തളിപ്പറമ്പ്: തളിപ്പറമ്പ് ബാര്‍ അസോസിയേഷനിലേക്കുള്ള തെരഞ്ഞെടുപ്പിലെ യു.ഡി.എഫ്-ബി.ജെ.പി ബന്ധത്തില്‍ തളിപ്പറമ്പ് മുന്‍സിപ്പല്‍ മുസ്ലിം ലീഗ് കമ്മറ്റിക്ക് യാതൊരു ബന്ധവുമില്ലെന്നും,

ഇക്കാര്യത്തില്‍ ഒരു വിധത്തിലുള്ള ചര്‍ച്ചകളും ആരുമായിട്ടും നടത്തിയിട്ടില്ലെന്നും മുസ്ലിം ലീഗ് തളിപ്പറമ്പ് മുന്‍സിപ്പല്‍ കമ്മറ്റി പ്രസിഡന്റ് കെ.വി.മുഹമ്മദ്കുഞ്ഞി പ്രസ്താവനയില്‍ പറഞ്ഞു.

ഇതേക്കുറിച്ച് പാര്‍ട്ടി കൂടുതല്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.