അടുത്ത ഗാനം പാടിയത് ബിച്ചു തിരുമല–രചന-ബിച്ചു തിരുമല-ചിത്രം————

കരിമ്പം.കെ.പി.രാജീവന്‍

        ബിച്ചുതിരുമല വെറുമൊരു പാട്ടെഴുത്തുകാരന്‍ മാത്രമല്ല, പാടുവാന്‍ കൂടി കഴിയുന്ന വ്യക്തിത്വമായിരുന്നു.

പിന്നണിഗായിക എസ്.സുശീലാദേവിയുടെയും സംഗീതസംവിധായകന്‍ ദര്‍ശന്‍ രാമന്റെയും സഹോദരനെന്ന നിലയില്‍ സംഗീതവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച് 9 ഗാനങ്ങളാണ് അദ്ദേഹം പാടിയത്.

293 സിനിമകള്‍ക്കായി 988 ഗാനങ്ങള്‍ രചിച്ച അദ്ദേഹം 1980 ല്‍ ജയന്‍ നായകനായി വിജയാനന്ദ് സംവിധാനം ചെയ്ത ശക്തി എന്ന സിനിമക്കും 1979 ല്‍ സാജന്‍ സംവിധാനം ചെയ്ത ഇഷ്ടപ്രാണേശ്വരിക്കും കഥ, തിരക്കഥ സംഭാഷണങ്ങളും രചിച്ചു.

1975 ല്‍ കെ.എസ്.ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത ഞാന്‍ നിന്നെ പ്രേമിക്കുന്നു എന്ന ചിത്രത്തിന് വേണ്ടിയാണ് ആദ്യമായി പാടിയത്.

     ധൂംധൂമാനന്ദ–എന്ന പാട്ടിന് ഈണം പകര്‍ന്നത് എം.എസ്.ബാബുരാജ്. കെ.പി.ബ്രഹ്മാനന്ദന്‍, കമലാഹാസന്‍, അമ്പിളി എന്നിവര്‍ക്കൊപ്പമായിരുന്നു അരങ്ങേറ്റം.

അതേ വര്‍ഷം തന്നെ നടന്‍ മധു സംവിധാനം ചെയ്ത കാമം ക്രോധം മോഹം എന്ന ചിത്രത്തില്‍ ശ്യാമിന്റെ സംഗീതത്തില്‍ അമ്പിളി, സുജാത മോഹന്‍ എന്നിവര്‍ക്കൊപ്പം രാജാധിരാജന്റെ–എന്ന് തുടങ്ങുന്ന ഗാനം പാടി.

1978 ല്‍ കെ.ജി.രാജശേഖരന്‍ സംവിധാനം ചെയ്ത വെല്ലുവിളി എന്ന സിനിമയില്‍ ഓണംവന്നേ—എന്ന ഗാനം പി.ജയചന്ദ്രന്‍, കെ.പി.ചന്ദ്രമേഹന്‍, അമ്പിളി എന്നിവര്‍ക്കൊപ്പം എം.എസ്.വിശ്വനാഥന്റെ സംഗീതത്തില്‍ പാടി.

1979 ലാണ് ബിച്ചുതിരുമല ഒരു ഗാനം തനിച്ച് പാടിയത്. നിലമ്പൂര്‍ ബാലന്‍ സംവിധാനം ചെയ്ത അന്യരുടെ ഭൂമി എന്ന ചിത്രത്തില്‍ എ.ടി.ഉമ്മറിന്റെ ഈണത്തില്‍ മനുഷ്യമനസാക്ഷികള്‍– എന്ന പാട്ടാണ് ബിച്ചു ആലപിച്ചത്.

മറ്റൊരു ഗായകനെയാണ് ഈ പാട്ട് പാടാന്‍ നിശ്ചയിച്ചിരുന്നതെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറിയതിനെ തുടര്‍ന്നാണ് അദ്ദേഹം ഗായകനായത്.

1980 ല്‍ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത അണിയാത്തവളകള്‍ എന്ന ചിത്രത്തില്‍ എസ്.ജാനകിയോടൊപ്പം ഒരു മയില്‍പീലിയായ് ഞാന്‍—- എന്ന ഗാനത്തിന്റെ അവസാന ഭാഗത്ത് എന്തോ എന്ന് ഈണത്തില്‍ പാടിയത് ബിച്ചു തിരുമലയാണ്.

1985 ല്‍ ഐ.വി.ശശി സംവിധാനം നിര്‍വ്വഹിച്ച അങ്ങാടിക്കപ്പുറത്ത് എന്ന ചിത്രത്തില്‍ പോകാതെ പോകാതെ പൊന്നളിയാ— എന്ന ഗാനം പി.ജയചന്ദ്രന്‍, ഉണ്ണിമേനോന്‍, കൃഷ്ണചന്ദ്രന്‍ എന്നിവര്‍ക്കൊപ്പവും പാടി.

1986 ല്‍ ജെറിഅമല്‍ദേവിന്റെ ഈണത്തില്‍ സോമന്‍അമ്പാട്ട് സംവിധാനം ചെയ്ത ഒപ്പം ഒപ്പത്തിനൊപ്പം എന്ന ചിത്രത്തില്‍ ഭൂമി കറങ്ങുന്നുണ്ടോടാ— എന്ന ഗാനം യേശുദാസിനോടൊപ്പം പാടി.

2002 ലാണ് അവസാനമായി ബിച്ചു തിരുമല പിന്നണി പാടിയത്. ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത കൃഷ്ണ ഗോപാലകൃഷ്ണ എന്ന ചിത്രത്തില്‍ തത്തക്കപിത്തക്ക–എന്ന് തുടങ്ങുന്ന ഗാനം ബാലചന്ദ്രമേനോന്റെ സംഗീത സംവിധാനത്തില്‍ പാടി.

1979 ല്‍ എം.കെ.അര്‍ജുനന്റെ ഈണത്തില്‍ ബേബി സംവിധാനം ചെയ്ത അവനോ അതോ അവളോ എന്ന ചിത്രത്തില്‍ യേശുദാസിന് വേണ്ടി ട്രാക്ക് പാടുകയും ചെയ്തിരുന്നു. പാടിയ ഗാനങ്ങളെല്ലാം സ്വന്തം രചനകളുമായിരുന്നു.