13 പേര് പോലീസ് പിടിയില്‍—എസ്.ഡി.പി.ഐ-ബി.ജെ.പി സംസ്ഥാന നേതാക്കളുടെ കൊലപാതകം പോലീസ് ജാഗ്രതയില്‍-
ആലപ്പുഴ: എസ്.ഡി.പി.ഐ, ബി.ജെ.പി. നേതാക്കളുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് 13 പേര് പേര് കസ്റ്റഡിയില്‍.
എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് രണ്ട് ബി.ജെ.പി. പ്രവര്‍ത്തകരെയും ബി.ജെ.പി. നേതാവ് രഞ്ജിത് ശ്രീനിവാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 11 എസ്.ഡി.പി.ഐ. പ്രവര്‍ത്തകരും കസ്റ്റഡിയിലുണ്ട്.
നാല് എസ്.ഡി.പി.ഐ. പ്രവര്‍ത്തകരെ ആംബുലന്‍സില്‍നിന്നാണ് പിടികൂടിയത്.
എന്നാല്‍ ഇവരുടെയൊന്നും കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
മണ്ണഞ്ചേരി സ്വദേശികളായ പ്രസാദ്, കൊച്ചുകുട്ടന് എന്നിവരാണ് കസ്റ്റഡിയിലുള്ള ബി.ജെ.പി. പ്രവര്‍ത്തകര്‍. എസ്.ഡി.പി.ഐ.യുടെ ഒരു ആംബുലന്‍സും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അതിനിടെ, രണ്ട് കൊലപാതകങ്ങള്‍ക്ക് പിന്നിലും കൃത്യമായ ആസൂത്രണം നടന്നതായാണ് പോലീസിന്റെ നിഗമനം.
കഴിഞ്ഞ ഫെബ്രുവരിയില്‍ ആലപ്പുഴ വയലാറില്‍ ആര്.എസ്.എസ്. പ്രവര്‍ത്തകനായ നന്ദുവിനെ എസ്.ഡി.പി.ഐ. പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയിരുന്നു.
ഇതിന്റെ പ്രതികാരമായാണ് കെ.എസ്. ഷാനെ വകവരുത്തിയതെന്നാണ് സൂചന.
ഷാനെ ആര്.എസ്.എസുകാര്‍ നേരത്തെ തന്നെ ലക്ഷ്യമിട്ടിരുന്നതായും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
ആലപ്പുഴയിലെ കൊലപാതകങ്ങളില്‍ പ്രശ്നക്കാരായ നേതാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നും നേതാക്കളെ പിടികൂടുമെന്നും സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് പ്രതികരിച്ചു.
എ.ഡി.ജി.പി. വിജയ് സാഖറെ, ദക്ഷിണമേഖല ഐ.ജി. ഹര്‍ഷിത അട്ടല്ലൂരി എന്നിവര്‍ ആലപ്പുഴയില്‍ ക്യാമ്പ് ചെയ്യുന്നുണ്ടെന്നും കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴയില്‍ പോലീസ് ഇന്റലിജന്‍സിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ദക്ഷിണമേഖല ഐ.ജി. ഹര്‍ഷിത അട്ടല്ലൂരി പ്രതികരിച്ചു.
കഴിഞ്ഞദിവസം രാത്രി തന്നെ പലയിടത്തും പോലീസ് പിക്കറ്റിങ് ഏര്‍പ്പെടുത്തിയിരുന്നു. നേതാക്കള്‍ക്കും സുരക്ഷ നല്കി. ഓരോ വീട്ടിലും പോലീസിന് കാവല്‍ നില്ക്കാനാവില്ലല്ലോ.
നിര്‍ഭാഗ്യവശാല്‍ വീണ്ടും കൊലപാതകമുണ്ടായെന്നും ഐ.ജി. പറഞ്ഞു. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ്. ക്രമസമാധാനനില തകര്‍ക്കാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും മുന്നറിയിപ്പ് നല്‍കുകയാണ്.
നിലവില്‍ പോലീസ് പിക്കറ്റിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആയിരത്തോളം പോലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്നും ഐ.ജി. പറഞ്ഞു.
രാഷ്ട്രീയ കൊലപാതകമാണോ കസ്റ്റഡിയിലുള്ളവര്‍ ആരൊക്കെയാണ് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് പിന്നീട് മറുപടി നല്‍കാമെന്നും അന്വേഷണം നടക്കുകയാണെന്നുമായിരുന്നു ഐ.ജി.യുടെ പ്രതികരണം.
ആലപ്പുഴയിലെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി പോലീസ് ജാഗ്രത പുലര്‍ത്തുന്നുണ്ട്. സംഘര്‍ഷസാധ്യതയുള്ള മേഖലകളിലും മറ്റും വാഹന പരിശോധനയും കര്‍ശനമാക്കി.
ഇവിടങ്ങളില്‍ പോലീസ് നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. ശനിയാഴ്ച രാത്രി ഏഴരയോടെയാണ് ആലപ്പുഴ മണ്ണഞ്ചേരിയില്‍ എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനിനെ അക്രമികള്‍ വെട്ടിപരിക്കേല്‍പ്പിച്ചത്.
സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ഷാനിനെ കാറിലെത്തിയ അക്രമിസംഘം ഇടിച്ചുവീഴ്ത്തിയ ശേഷം റോഡിലിട്ട് വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു.
ദേഹമാസകലം നാല്‍പ്പതോളം വെട്ടുകളേറ്റ ഷാനിനെ പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അര്‍ധരാത്രിയോടെ മരിച്ചു.