ഇവിടെ ആര്‍ക്കാണ് ഹാപ്പിനസ്-ആഞ്ഞടിച്ച് ബി.ജെ.പി കൗണ്‍സിലര്‍ വല്‍സരാജന്‍.
തളിപ്പറമ്പ്: ആന്തൂരില്‍ നടക്കുന്ന ഹാപ്പിനസ് ഫെസ്റ്റിന് 5 ലക്ഷം രൂപ നല്‍കാനുള്ള തളിപ്പറമ്പ് നഗരസഭാ നിര്‍ദ്ദേശത്തിനെതിരെ ആഞ്ഞടിച്ച് ബി.ജെ.പി.നേതാവും നഗരസഭാ കൗണ്‍സിലറുമായ കെ.വല്‍സരാജന്‍.
ഇന്ന് നടന്ന തളിപ്പറമ്പ് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ അജണ്ടയായി വന്ന തീരുമാനത്തിനെതിരെയായിരുന്നു ബി.ജെ.പി കക്ഷി നേതാവ് കൂടിയായ വല്‍സരാജന്റെ പ്രതികരണം.
ഇവിടെ ആര്‍ക്കാണ് ഹാപ്പിനസെന്നും അദ്ദേഹം ചോദിച്ചു.
3 വര്‍ഷം മുമ്പ് നടന്ന കേരളോല്‍സവത്തിലെ വിജയികള്‍ക്ക് കൊടുക്കാമെന്ന് നഗരസഭ തീരുമാനിച്ച പ്രൈസ്മണി ഇത്രകാലമായിട്ടും കൊടുത്തിട്ടില്ലെന്നും, അതുകൊണ്ടുതന്നെ ഇത്തവണത്തെ കേരളോല്‍സവം വെറും ചടങ്ങുമാത്രമായിട്ടാണ് നഗരസഭയില്‍ നടന്നതെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കഴിഞ്ഞ ആറുമാസമായിട്ടും ചെയ്ത ജോലിക്ക് കൂലി നല്‍കാന്‍ നഗരസഭക്ക് സാധിക്കാത്തതിനാല്‍ ഇപ്പോള്‍ തൊഴിലാളികള്‍ ജോലിക്ക് വരുന്നില്ല,
നഗരസഭാ ബസ്റ്റാന്റിലെ പൊട്ടിപ്പൊളിഞ്ഞ ബെഞ്ചുകള്‍ മാറ്റി പുതിയവ സ്ഥാപിക്കാനോ തകര്‍ന്നുകിടക്കുന്ന റോഡുകള്‍ ടാറിംഗ് നടത്താനോ കഴിവില്ലാത്ത നഗരസഭയാണ് 5 ലക്ഷം രൂപ ഹാപ്പിനസ് ഫെസ്റ്റിവലിന് നല്‍കുന്നതെന്നും,
ഇതുകൊണ്ട് തളിപ്പറമ്പ് നഗരസഭയിലെ വ്യാപാരികള്‍ക്കോ മറ്റുള്ളവര്‍ക്കാര്‍ക്കമോ ഒരു നേട്ടവുമില്ലെന്നും കൗണ്‍സിലര്‍ വിമര്‍ശിച്ചു.
സാധാരണക്കാരന് ഒരു പ്രയോജനവുമില്ലാത്ത ഈ തീരുമാനം പുന:പരിശോധിക്കണമെന്നും വല്‍സരാജന്‍ പറഞ്ഞു.
വല്‍സരാജന്റെ പ്രസംഗത്തിനിടയില്‍ ഇടപെട്ട് പരിപാടി എം.എല്‍.എ മുന്‍കൈയെടുത്ത് നടത്തുന്നതാണെന്ന് പറഞ്ഞ സി.പി.എം കൗണ്‍സിലര്‍ എം.പി.സജീറയോട് ആര് മുന്‍കൈയെടുത്താലും സാധാരണക്കാരന് പ്രയോജനമില്ലാത്തതാണെന്ന് വല്‍സരാജന്‍ തിരിച്ചടിച്ചു.
ഭരണകക്ഷിയും സി.പി.എമ്മും വല്‍സരാജന്റെ അഭിപ്രായത്തോട് കാര്യമായി പ്രതികരിച്ചില്ല. ഒടുവില്‍ ഹാപ്പിനെസ് ഫെസ്റ്റിന് 5 ലക്ഷം നല്‍കാനുള്ള തീരുമാനം കൗണ്‍സില്‍ അംഗീകരിച്ചു.
