തളിപ്പറമ്പ്: കൗണ്‍സിലര്‍മാര്‍ തമ്മില്‍ നടന്ന അതിര്‍ത്തിതര്‍ക്കം ഇന്ന് നടന്ന തളിപ്പറമ്പ് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ രസകരമായ ചര്‍ച്ചകള്‍ക്കൊപ്പം ഗൗരവത്തിലുള്ള അഭിപ്രായങ്ങള്‍ക്കും വഴിയൊരുക്കി.
സാമൂഹ്യക്ഷേമ പെന്‍ഷന്‍ സംബന്ധിച്ച ചര്‍ച്ചകളാണ് ഇതിന് വഴിമരുന്നിട്ടത്.
പൊതുവെ സൗമ്യനും ആവശ്യത്തിന് മാത്രം സംസാരിക്കുന്ന വ്യക്തിയുമായ മുഹമ്മദ്കുഞ്ഞിയുടെ പരാതി തന്റെ വാര്‍ഡിലെ ക്ഷേമപെന്‍ഷന്‍ സംബന്ധിച്ച പ്രശ്‌നം പരിഹരിക്കാന്‍ തന്നെ അറിയിക്കാതെ 34-ാം വാര്‍ഡ് കൗണ്‍സിലര്‍ കെ.എം.ലത്തീഫ് ഇടപെട്ടു എന്നായിരുന്നു.
ഇതില്‍ ഇടപെട്ട് സംസാരിച്ച പി.സി.നസീറും സംഭവം ഗൗരവമുള്ളതാണെന്നും ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കപ്പെടരുതെന്നും ആവശ്യപ്പെട്ടു.
കുപ്പം വാര്‍ഡിലാണെന്ന് അറിയാതെയാണ് താന്‍ പ്രശ്‌നത്തില്‍ ഇടപെട്ടതെന്നും സദുദ്ദേശ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും കെ.എം.ലത്തീഫ് പറഞ്ഞു.
വാര്‍ദ്ധക്യകാല പെന്‍ഷന്‍ അപേക്ഷ തള്ളിക്കളഞ്ഞതുമായി ബന്ധപ്പെട്ട അപ്പീല്‍ അപേക്ഷയില്‍ ഉദ്യോഗസ്ഥരെയും കൂട്ടി താനറിയാതെ തന്റെ വാര്‍ഡിലെ അപേക്ഷകന്റെ വീട്ടിലേക്ക് ലത്തീഫ് പോയത് ശരിയായ രീതിയല്ലെന്ന് മുഹമ്മദ്കുഞ്ഞി ആവര്‍ത്തിച്ചു.
ചര്‍ച്ചക്ക് എരിവുപകര്‍ന്ന് കൊണ്ട് 30-ാം വാര്‍ഡ് കീഴാറ്റൂരിലെ കൗണ്‍സിലര്‍ പി.വല്‍സലയും രംഗത്തെത്തി,
തന്റെ വാര്‍ഡിലെ ഒരു വീട്ടിലേക്ക് റിംഗ് കമ്പോസ്റ്റ് ആവശ്യപ്പെട്ടപ്പോള്‍ അടുത്ത പദ്ധതിയില്‍ മാത്രമേ ഇനി ഉള്‍പ്പെടുത്തി കിട്ടുകയുള്ളൂവെന്ന് പറഞ്ഞപ്പോള്‍ 29-ാം വാര്‍ഡായ പൂക്കോത്ത്‌തെരുവിലെ കൗണ്‍സിലര്‍ കെ.രമേശന്‍ കീഴാറ്റൂര്‍ വാര്‍ഡിലേക്ക് റിംഗ് കമ്പോസ്റ്റ് എത്തിച്ചുനല്‍കിയെന്നായിരുന്നു പരാതി.
വേറൊരു ഗുണഭോക്താവ് ഉപയോഗിക്കാതിരുന്ന റിംഗ് കമ്പോസ്റ്റ് ആണ് അടുത്ത വാര്‍ഡില്‍ നല്‍കിയെതന്നായിരുന്നു കെ.രമേശന്റെ വാദം.