ഇതാ ഇത് കാര്‍സ്‌റ്റോപ്പ്; ബസും നിര്‍ത്തും-റോഡിന് നടുവില്‍
തളിപ്പറമ്പ്: അനധികൃത പാര്‍ക്കിങ്ങ്‌കൊണ്ട് പൊറുതിമുട്ടി കരിമ്പം പ്രദേശത്തുകാര്‍.
റോഡ് വീതികൂട്ടിയെങ്കിലും വാഹനങ്ങള്‍ പാര്‍ക്ക്‌ചെയ്യുന്നതില്‍ നിയന്ത്രണങ്ങള്‍ ഇല്ലാതായതോടെ താലൂക്ക് ആശുപത്രി പരിസരത്ത് പുതുതായി നിര്‍മ്മിച്ച ബസ് ഷെല്‍ട്ടറിന് സമീപം ബസുകള്‍ നിര്‍ത്താനാവാത്ത സ്ഥിതിയായി.
ഇതിന് മുന്നിലാണ് വാഹനങ്ങള്‍ പാര്‍ക്ക്‌ചെയ്യുന്നതെന്നതിനാല്‍ ബസ്‌ബേയില്‍ നിര്‍ത്താനാവാതെ ബസ് റോഡിന്റെ മധ്യത്തില്‍ നിര്‍ത്തിയിടേണ്ട അവസ്ഥയിലാണ് കാര്യങ്ങള്‍; ഇത് യാത്രക്കാര്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല.
തളിപ്പറമ്പ് ഭാഗത്തേക്കും ശ്രീകണ്ഠാപുരം ഭാഗത്തേക്കുമുള്ള ബസുകള്‍ ഒരേസ്ഥലത്ത് നിര്‍ത്തുന്നത് അപകടങ്ങള്‍ ഉണ്ടാക്കിയതിനെ തുടര്‍ന്നാണ് ബസ്‌റ്റോപ്പുകള്‍ മാറ്റിയത്.
ഇവിടെ സര്‍സയ്യിദ് കോളേജ് അലുംനി അസോസിയേഷന്‍ മുന്‍കൈയെടുത്ത് രണ്ട് ഷെല്‍ട്ടറുകളും നിര്‍മ്മിച്ചിരുന്നു.
കഴിഞ്ഞവര്‍ഷം നവംബര്‍ 21 നാണ് ഷെല്‍ട്ടറുകള്‍ ഉദ്ഘാടനം ചെയ്തത്.
എന്നാല്‍ സ്‌റ്റോപ്പുകള്‍ പുന:ക്രമീകരിച്ചിട്ടും പഴയ ഷെല്‍ട്ടര്‍ അതുപോലെ തന്നെ നിലനിര്‍ത്തിയതുമൂലം ഗവ.ആശുപത്രി പരിസരത്ത് ഇപ്പോള്‍ മൂന്ന് ഷെല്‍ട്ടറുകളായി.
പഴയ ഷെല്‍ട്ടര്‍ പൊളിച്ചുനീക്കി അവിടെ പാര്‍ക്കിങ്ങിന് സൗകര്യമൊരുക്കിയാല്‍ ഇന്നത്തെ പ്രശ്‌നങ്ങള്‍ക്ക്
വലിയൊരളവോളം പരിഹാരമാകുമെന്ന് നാട്ടുകാര്‍ പറയുന്നുണ്ടെങ്കിലും ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കുന്നില്ലെന്നാണ് ആക്ഷേപം.
നേരത്തെ ഗവ.ആശുപത്രി പരിസരത്ത് ഒരു പോലീസുകാരനെ ഡ്യൂട്ടിക്ക് നിര്‍ത്തിയത് ഒഴിവാക്കിയതോടെ ആര്‍ക്കും എന്തുവേണമെങ്കിലും ചെയ്യാമെന്ന നിലയിലാണ് കാര്യങ്ങള്‍.
അതിനിടെ ഈ ഭാഗത്തുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള അഞ്ചോളം ആല്‍മരങ്ങള്‍ മുറിച്ചുനീക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
