പരിയാരത്ത് ഹൃദ്രോഗികള്‍ അനുഭവിക്കുന്നത് സമാനതകളില്ലാത്ത ദുരിതം,
പരിയാരം; കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തുന്ന ഹൃദ്രോഗികളുടെ ദുരിതം അവസാനിക്കുന്നില്ല.
കഴിഞ്ഞ ഒരാഴ്ച്ചയായി ലിഫ്റ്റ് തകരാറിലായതോടെ ഏഴും എട്ടും നിലകളില്‍ അഡ്മിറ്റ് ചെയ്ത രോഗികളെ സ്ട്രെക്ച്ചര്‍ റാമ്പ് വഴി തള്ളിയാണ് ബന്ധുക്കളും ജീവനക്കാരും കൊണ്ടുപോകുന്നത്.
കഴിഞ്ഞ ആറുമാസത്തിലേറെയായി ഹൃദ്രോഗ വിഭാഗത്തില്‍ എത്തുന്ന രോഗികള്‍ സമാനതകളില്ലാത്ത ദുരിതങ്ങളാണ് അനുഭവിച്ചുവരുന്നത്.
കാത്ത്ലാബ് കോടായതും ബൈപ്പാസ് സര്‍ജറികള്‍ നിലച്ചതും ഡോക്ടര്‍മാരുടെ അഭാവവും ലിഫ്റ്റുകളുടെ പണിമുടക്കലും എല്ലാം ചേര്‍ന്ന് രോഗികളെ ഇഞ്ചിഞ്ചായി കൊല്ലുന്ന നിലയിലായിരുന്നു.
കാര്‍ഡിയോളജി വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍. നവീകരണപ്രവൃത്തികള്‍ അനന്തമായി നീണ്ടതോടെയാണ് വാര്‍ഡുകള്‍ അടച്ചുപൂട്ടിയതിനാല്‍ രോഗികളെ ഏഴാംനിലയിലും എട്ടാംനിലയിലും അഡ്മിറ്റ് ചെയ്തു തുടങ്ങിയത്.
മെഡിക്കല്‍ കോളേജിന്റെ ഏറ്റവും താഴെ നിലയിലുള്ള ഹൃദ്രോഗവിഭാഗത്തില്‍ ആകെയുള്ളത് ഒരു ലിഫ്റ്റ്മാത്രമാണ്. ഇത് പ്രവര്‍ത്തിക്കാതായതോടെ അത്യാസന്ന നിലയിലുള്ള ഹൃദ്രോഗികളെയും റാമ്പ് വഴി തള്ളി കൊണ്ടുപോകേണ്ട നിലയാണിപ്പോള്‍.
ലിഫ്റ്റ് എന്ന് പ്രവര്‍ത്തനക്ഷമമാകുമെന്ന കാര്യത്തില്‍ ഉത്തരവാദപ്പെട്ടവര്‍ക്ക് ഒന്നും തന്നെ പറയാന്‍ സാധിക്കുന്നില്ല.
നേരത്തെ സഹകരണമേഖലയില്‍ ഹൃദയാലയയായി പ്രവര്‍ത്തിച്ചിരുന്ന കാലത്ത് ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഹൃദയചികില്‍സാ കേന്ദ്രമായിരുന്ന ഈ സ്ഥാപനം സര്‍ക്കാര്‍ ഏറ്റെടുത്തതോടെ ദുരിതകേന്ദ്രമായി മാറിയിരിക്കയാണ്.
സര്‍ക്കാര്‍ മേഖലയില്‍ തന്നെ ഹൃദയാലയ പുന:സ്ഥാപിക്കണമെന്ന ആവശ്യം ശക്തിപ്പെട്ടുവരുന്നതിനിടയിലാണ് ദുരിതങ്ങള്‍ കൂടി വര്‍ദ്ധിക്കുന്നത്.