പ്രകൃതിയെ സംരക്ഷിച്ച് വ്യവസായം നടത്തുന്ന കേരള രീതി മാതൃകാപരം: അമേരിക്കന്‍ എംബസി വാണിജ്യവിഭാഗം കൗണ്‍സിലര്‍ കാരി അരുണ്‍.

പരിയാരം: പ്രകൃതിയെ സംരക്ഷിച്ചു കൊണ്ട് വ്യവസായങ്ങള്‍ എങ്ങിനെ വിജയകരമായി നടത്താമെന്നതാണ് അമേരിക്കന്‍ ഗവണ്‍മെന്റ് ലക്ഷ്യമെന്ന് അമേരിക്കന്‍ എംബസിയുടെ ദക്ഷിണേന്ത്യന്‍ വാണിജ്യ വിഭാഗം കൗണ്‍സിലര്‍ കാരി അരുണ്‍.

അമ്മാനപ്പാറയിലെ മലബാര്‍ ഫര്‍ണിച്ചര്‍ കണ്‍സോര്‍ഷ്യം ഫാക്ടറി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അവര്‍.

കേരളത്തില്‍ പ്രകൃതിസമ്പത്തിനെ സംരക്ഷിച്ച് വ്യവസായം നടത്തുന്ന രീതി മാതൃകാപരമാണെന്നും അവര്‍ പറഞ്ഞു.

മലബാര്‍ ഫര്‍ണിച്ചര്‍ കണ്‍സോര്‍ഷ്യം ചെയര്‍മാന്‍ സി.അബ്ദുള്‍കരീം അധ്യക്ഷത വഹിച്ചു.

യു.എസ്. കോണ്‍സുലേറ്റ് കമേഴ്‌സ്യല്‍ സ്‌പെഷ്യലിസ്റ്റ് ഷാം ഷംസുദ്ദീന്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.എസ്.അജിമോന്‍, എം സോണ്‍ സി.ഇ.ഒ.ഡോ.മാധവന്‍, കെ.പി.രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളിലെ നിരവധി ഫര്‍ണിച്ചര്‍ വ്യാപാരികള്‍ സംബന്ധിച്ചു.

2017 മുതല്‍ ചെന്നൈയിലെ അമേരിക്കന്‍ കോണ്‍സുലേറ്റില്‍ പ്രവര്‍ത്തിച്ചുവരുന്ന കാരി അരുണ്‍ ദക്ഷിണേന്ത്യയും യുണൈറ്റഡ് സ്റ്റേറ്റ്സും തമ്മിലുള്ള ഉഭയകക്ഷി വാണിജ്യ കാര്യങ്ങളുടെ ഉത്തരവാദിത്തമുള്ള ഒമ്പത് പ്രാദേശിക വിദഗ്ധരുടെ ടീമിനെ നയിക്കുന്ന ചെന്നൈയിലെ കൊമേഴ്സ്യല്‍ കോണ്‍സലായി 2022 ലാണ് നിയമിതയായത്.

ഇരിങ്ങാലക്കുട സ്വദേശിയാണ് കോണ്‍സുലേറ്റിലെ കമേഴ്‌സ്യല്‍ സ്‌പെഷ്യലിസ്റ്റ് ഷാം ഷംസുദ്ദീന്‍.

ധര്‍മ്മശാലയിലെ നിഫ്റ്റ് കാമ്പസ്, കണ്ണൂരിലെ എം സോണ്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയ ഇരുവരും നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കോമേഴ്‌സ് ഭാരവാഹികളുമായും ചര്‍ച്ചകള്‍ നടത്തി.