പഞ്ചായത്ത് നിയമങ്ങള്‍ പുസ്തകങ്ങളില്‍ ഉറങ്ങേണ്ടവയല്ല, പ്രയോഗത്തില്‍ വരുത്തി ഒരു സെക്രട്ടറി.

 

കരിമ്പം.കെ.പി.രാജീവന്‍

തളിപ്പറമ്പ്: പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിച്ച് സ്വന്തം വീടും പരിസരവും ക്ലീനാക്കാമെന്ന് കരുതി ആരും കരുതണ്ട, പഞ്ചായത്ത് അധികൃതര്‍ ഇവിടെ വെറുതെയിരിക്കുന്നില്ല.

മാലിന്യം അലക്ഷ്യമായി പൊതുസ്ഥലങ്ങളില്‍ തള്ളുന്നതിനെതിരെയുള്ള ചപ്പാരപ്പടവ് ഗ്രാമ പഞ്ചായത്തിന്റെ കര്‍ശന നടപടികള്‍ തുടരുകയാണ്.

പരിസ്ഥിതി ഫോട്ടോഗ്രാഫര്‍ കൂടിയായ സെക്രട്ടറി എ,വി.പ്രകാശനാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

സംസ്ഥാനത്ത് ഒരു പഞ്ചായത്തും പ്രയോഗത്തില്‍ വരുത്താത്ത പഞ്ചായത്ത് നിയമങ്ങളാണ് ഇവിടെ നടപ്പിലാക്കുന്നത്.

ഇന്നലെ ഉച്ചയോടെ 7 ാം വാര്‍ഡില്‍ കുറ്റിപ്പുഴ പ്രദേശത്തെ പറമ്പില്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള ഗാര്‍ഹിക മാലിന്യങ്ങള്‍ വാഹനത്തില്‍

കൊണ്ടുവന്നു തള്ളിയ വ്യക്തിയെ മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടത്തി 5000 രൂപ പിഴ ഈടാക്കുകയും മാലിന്യം തിരിച്ചെടുപ്പിക്കുകയുമുണ്ടായതാണ് ഇതില്‍ അവസാനത്തെ സംഭവം.

മാലിന്യം തള്ളിയത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരും വാര്‍ഡ് മെമ്പര്‍ മനുതോമസും മാലിന്യം പരിശോധിച്ച് തെളിവ് കണ്ടെത്തിയാണ് നടപടികളിലേക്ക് കടന്നത്.

കൂടാതെ സമീപത്തെ വീട്ടിലെ സിസിടിവി കാമറയില്‍ വാഹനത്തെ കണ്ടെത്തുകയും ചെയ്തു.

തുടര്‍ന്ന് നടുവില്‍ സ്വദേശിയെ പഞ്ചായത്ത് ഓഫീസില്‍ വിളിച്ചു വരുത്തി പിഴ ഒടുക്കാന്‍ നോട്ടിസ് നല്‍കി.

കഴിഞ്ഞ രണ്ടു മാസത്തിനിടെ മാലിന്യം നിക്ഷേപിച്ചവര്‍ക്കെതിരെയുള്ള അഞ്ചാമത്തെ നിയമ നടപടിയാണിത്.

കഴിഞ്ഞ വര്‍ഷം ചാണോക്കുണ്ട് പുഴയില്‍ കക്കൂസ് മാലിന്യം തള്ളിയ കണ്ണൂര്‍ സ്വദേശികളെ പോലീസ് സഹായത്തോടെ കണ്ടെത്തുകയും

20,000 രുപ പിഴ ഈടാക്കിയതുള്‍പെടെ ഒരു വര്‍ഷത്തിനിടെ 14 സംഭവങ്ങളില്‍ ആളുകളെ കണ്ടത്തി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് പഞ്ചായത്ത്.

മൊത്തം അര ലക്ഷത്തോളം രൂപ ഈ വകയില്‍ പിഴ ഈടാക്കി. പുഴ കയ്യേറ്റം, മാലിന്യ നിക്ഷേപം എന്നിവക്കെതിരെ കര്‍ശന നിയമ നടപടിയുടെ ഭാഗമായി കഴിഞ്ഞ ദിവസം പുഴ പുറംപോക്കില്‍

നട്ടുവളര്‍ത്തിയ മുളതൈകള്‍ വെട്ടിനശിപ്പിച്ച മണാട്ടി സ്വദേശിക്കെതിരെ 5000 രൂപ പിഴ ചുമത്തുകയും വെട്ടിയ മുളത്തെ കളുടെ അഞ്ചിരട്ടി നട്ടുപിടിപ്പിക്കുന്നതിനു നിര്‍ദ്ദേശം നല്‍കുകയുമുണ്ടായി.

പ്ലാസ്റ്റിക് ശേഖരണത്തിനായി പഞ്ചായത്തില്‍ 32 അംഗ ഹരിത കര്‍മ്മസേന പ്രവര്‍ത്തിച്ചു വരുന്നുണ്ട്. രഹസ്യ വിവരങ്ങള്‍ നല്‍കുന്നതിന് സന്നദ്ധ പ്രവര്‍ത്തകരെയും ഒരുക്കിയിട്ടുണ്ട്.

വാട്‌സാപ്പില്‍ ലഭിക്കുന്ന ഫോട്ടോ അടക്കമുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ ഉടനടി നടപടി സ്വീകരിക്കുകയാണ് പഞ്ചായത്ത്.

വെറുതെ ഹരിതം എന്ന വാക്ക് ഉപയോഗിക്കേണ്ടെന്നും അക്ഷരാര്‍ത്ഥത്തില്‍ അത് പ്രാവര്‍ത്തികമാക്കുമെന്നുമുള്ള ദൃഢനിശ്ചയത്തിലാണ് പഞ്ചായത്ത് സെക്രട്ടറി എ.വി.പ്രകാശന്‍.

പഞ്ചായത്ത് പ്രസിഡന്റ് സുനിജാ ബാലകൃഷ്ണനും വാര്‍ഡ് അംഗങ്ങളും മാലിന്യനിക്ഷേപത്തിനെതിരെ കര്‍ശന നടപടികള്‍ക്ക് പിന്തുണയുമായി രംഗത്തുണ്ട്.