എസ്.ഐയെ ആക്രമിച്ച് പൂഴി വാഹനവുമായി രക്ഷപ്പെട്ട മണല്‍ മാഫിയാ സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍.

പയ്യന്നൂര്‍: എസ്.ഐയെ ആക്രമിച്ച് പൂഴിവാഹനവുമായി രക്ഷപ്പെട്ട മണല്‍ മാഫിയാ സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍.

പയ്യന്നൂര്‍ എസ്.ഐ കെ.ദിലീപിനെയാണ്(56) മണല്‍മാഫിയാ സംഘം ആക്രമിച്ചത്.

പാലക്കോട് സ്വദേശികളായ ഫവാസ്(35), ഷെരീഫ്(30) എന്നിവരാണ് അറസ്റ്റിലായത്. സംഘത്തിലെ ഒരാളെകൂടി പിടികിട്ടാനുണ്ട്.

ഇന്നലെ രാവിലെ 7.45 ന് കൊററി റെയില്‍വെ ഓവര്‍ബ്രിഡ്ജിന് താഴെ വെച്ചാണ് സംഭവം നടന്നത്.

കെ.എല്‍-12 എന്‍-7063 എയ്‌സ് വാഹനത്തില്‍ പൂഴി കടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് എസ്.ഐ ദിലീപിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തിയത്.

വാഹനം തടഞ്ഞ് ഡ്രൈവറോട് വിവരങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കെ പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷന്‍ ഭാഗത്തുനിന്ന് ബൈക്കിലെത്തിയ ഫവാസാണ് എസ്.ഐയെ ആക്രമിച്ചത്.

കൈപിടിച്ച് തിരിച്ച് വാഹനത്തില്‍ ഇടിപ്പിച്ച് പരിക്കേല്‍പ്പിച്ച ശേഷം സംഘം വാഹനവുമായി രക്ഷപ്പെടുകയായിരുന്നു.

സംഭവത്തില്‍ കേസെടുത്ത പോലീസ് ഊര്‍ജ്ജിത അന്വേഷണം നടത്തിയാണ് പ്രതികളെ ഇന്നലെ തന്നെ പിടികൂടിയത്.

ഷെരീഫിനെ ഇന്നലെ വൈകുന്നേരം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ വെച്ചാണ് പിടികൂടിയത്.

പരിയാരത്തെ  സ്വകാര്യ സ്‌കാനിംഗ് സെന്ററിലെ ജീവനക്കാരനാണ് ഷെരീഫ്.

രാത്രികാലങ്ങളില്‍ മണല്‍കടത്തും പകല്‍ സ്‌കാനിംഗ് സെന്ററിലും ജോലിനോക്കുന്നയാളാണ് ഷെരീഫെന്ന് പോലീസ് പറഞ്ഞു.

നേരത്തെയും മണല്‍കടത്തുമായി ബന്ധപ്പെട്ട് പോലീസിനെ ആക്രമിച്ചകേസില്‍ ഇരുവരും പ്രതികളാണെന്ന് പോലീസ് പറഞ്ഞു.