ദിവസവും അടുക്കളയില്‍ വരുത്തുന്ന 9 അബദ്ധങ്ങള്‍

ശുചിത്വമില്ലാത്ത സാഹചര്യത്തിലും കൈകള്‍ കൊണ്ടും പാകം ചെയ്യുന്നതും, പഴകിയ എണ്ണ ഉപയോഗിക്കുന്നതും ഭക്ഷണം തുറന്നു വെയ്ക്കുന്നതുമൊക്കെ ഇതില്‍ ചില കാര്യങ്ങളാണ്.
ആരോഗ്യം മെച്ചപ്പെടുത്താന്‍ ഏറ്റവും പ്രധാനം ആരോഗ്യകരമായ ഭക്ഷണക്രമം തന്നെയാണ്. രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവുമൊക്കെ കലോറി അളന്നും പോഷകസമൃദ്ധമായ റെസിപ്പി പരീക്ഷിച്ചും ആരോഗ്യസംരക്ഷണം പരിപാലിക്കാന്‍ നാം ശ്രമിക്കും. എന്നാല്‍ അടിസ്ഥാനപരമായി ശ്രദ്ധിക്കേണ്ട കാര്യങ്ങളില്‍ അശ്രദ്ധ കാണിച്ചാല്‍ ഈ പറഞ്ഞ ആരോഗ്യസംരക്ഷണം വെള്ളത്തില്‍ വരച്ച വര പോലെയാകുമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍പറയുന്നു.

ശുചിത്വമില്ലാത്ത സാഹചര്യത്തിലും കൈകള്‍ കൊണ്ടും പാകം ചെയ്യുന്നതും, പഴകിയ എണ്ണ ഉപയോ?ഗിക്കുന്നതും ഭക്ഷണം തുറന്നു വെയ്ക്കുന്നതുമൊക്കെ ഇതില്‍ ചില കാര്യങ്ങളാണ്. അടുക്കളയില്‍ വരുത്തുന്ന ഇത്തരം അബദ്ധങ്ങള്‍ നിങ്ങളെ നിത്യരോഗിയാക്കാം.

അടുക്കളയില്‍ വരുത്തുന്ന സാധാരണ പിഴവുകള്‍
പച്ചക്കറികളും പഴങ്ങളും ശരിയായ കഴുകാതെ ഉപയോഗിക്കുക

മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിക്കൊണ്ടു വരുന്ന പച്ചക്കറിയോ പഴങ്ങളോ വെറുതെ ഒന്ന് വെള്ളത്തില്‍ കഴുകി ഉപയോഗിക്കുകയാണ് മിക്കവാറും ആളുകളുടെ പതിവ്. ഇത് പല പ്രദേശങ്ങളില്‍ നിന്നെത്തിയ ഇവയുടെ പുറമെയുള്ള അഴുക്ക് നീക്കം ചെയ്യാന്‍ സഹായിക്കുമെങ്കിലും ഇതിലടങ്ങിയ കീടനാശിനിയോ രോഗാണുക്കളെയോ പൂര്‍ണമായും നീക്കാന്‍ സാധിക്കില്ല. പച്ചക്കറികളും പഴങ്ങളും ഉപ്പ് അല്ലെങ്കില്‍ വിനാഗിരി ചേര്‍ത്ത വെള്ളത്തില്‍ 10-15 മിനിറ്റ് മുക്കിവെച്ച ശേഷം മാത്രം കഴുകി ഉപയോഗിക്കുക.

ഒരേ കട്ടിങ് ബോര്‍ഡ് എല്ലാത്തിനും

പച്ചക്കറിയാണെങ്കിലും ഇറച്ചി മുറിക്കാനാണെങ്കിലും ഒരേ കട്ടിങ് ബോര്‍ഡ് ഉപയോഗിക്കുന്നത് ക്രോസ്-കണ്ടാമിനേഷന്‍ ഉണ്ടാക്കും. ഇതിലൂടെ മാരകമായ ബാക്ടീരിയ പകരാന്‍ സാധ്യതയുണ്ട്. പച്ചക്കറികള്‍ക്കും മാംസം കൈകാര്യം ചെയ്യാനും രണ്ട് കട്ടിങ് ബോര്‍ഡ് തിരഞ്ഞെടുക്കാം. കൂടാതെ പ്ലാസ്റ്റിക് കട്ടിങ് ബോര്‍ഡ് ഉപയോഗിക്കുന്നത് ഒഴിവാക്കുകയും ചെയ്യുക. കേടുവന്ന കട്ടിങ് ബോര്‍ഡുകള്‍ കൃത്യസമയത്ത് മാറ്റാനും ശ്രദ്ധിക്കണം.

 

ഒരിക്കല്‍ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുക

പല വീടുകളില്‍ ഫ്രൈ ചെയ്ത എണ്ണ വീണ്ടും ഉപയോഗിക്കുന്ന ശീലമുണ്ട്. എന്നാല്‍ ആവര്‍ത്തിച്ച് ചൂടാക്കുന്ന എണ്ണയില്‍ ഹാനികരമായ സംയുക്തങ്ങള്‍ രൂപപ്പെടാം. ഇത് ഹൃദയാരോഗ്യത്തെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും ബാധിക്കാം.

ഭക്ഷണത്തിന്റെ ചൂടു മാറാതെ ഫ്രിഡ്ജില്‍ വയ്ക്കുക

ചൂടു മാറുന്നതിന് മുന്‍പ് ഭക്ഷണം നേരെ ഫ്രിഡ്ജില്‍ കയറ്റുന്നത്, ഫ്രിഡ്ജിന്റെ ഉള്ളിലെ താപനില ഉയര്‍ത്തും. ഇത് മറ്റ് ഭക്ഷണങ്ങളുടെ ഗുണനിലവാരത്തെയും ബാധിക്കും. ഭക്ഷണം തണുത്തശേഷം മാത്രം ഫ്രിഡ്ജില്‍ വയ്ക്കുക.

ഫ്രിഡ്ജ് ക്ലീന്‍ ചെയ്യാതിരിക്കുക

ഫ്രിഡ്ജില്‍ പഴകിയ ഭക്ഷണാവശിഷ്ടങ്ങള്‍, ചോര്‍ന്ന ദ്രാവകങ്ങള്‍ എന്നിവ ബാക്ടീരിയ വളരാനുള്ള സാഹചര്യമൊരുക്കും, ആഴ്ചയില്‍ ഒരിക്കലെങ്കിലും ഫ്രിഡ്ജ് വൃത്തിയാക്കാന്‍ ശ്രദ്ധിക്കുക.

ഭക്ഷണം തുറന്നുവയ്ക്കുക

പാചകം ചെയ്ത ഭക്ഷണം തുറന്നുവയ്ക്കുന്നത് രോഗാണുക്കള്‍ ഉണ്ടാവാന്‍ കാരണമാകും. മാത്രമല്ല, ഭക്ഷണം മണിക്കൂറുകളോളം പുറത്തു സൂക്ഷിക്കുന്നതും ബാക്ടീരിയ വളര്‍ച്ച കൂട്ടും, പ്രത്യേകിച്ച് ചൂടുകാലത്ത്. ഇത് അപകടകരമാണ്.

ബ്രേക്ക്ഫാസ്റ്റ് സ്‌കിപ്പ് ചെയ്യരുത്, തിരക്കിലും എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഹൈ-പ്രോട്ടീന്‍ വിഭവങ്ങള്‍
ശുചിത്വമില്ലാത്ത കൈകള്‍ കൊണ്ട് പാകം ചെയ്യുക

അടുക്കളയില്‍ പ്രവേശിക്കുന്നതിന് മുന്‍പ് കൈ കഴുകുന്നത് നിര്‍ബന്ധമാണ്. കൈകളിലൂടെ രോഗാണുക്കള്‍ ഭക്ഷണത്തിലേക്ക് പകരാം. ഇത് ആരോ?ഗ്യസങ്കീര്‍ണതകള്‍ക്ക് കാരണമാകാം.

പ്ലാസ്റ്റിക് പാത്രങ്ങളില്‍ ചൂടുഭക്ഷണം

ചില പ്ലാസ്റ്റിക് പാത്രങ്ങളില്‍ ചൂടു ഭക്ഷണം വയ്ക്കുമ്പോള്‍ അവയ്ക്ക് മാറ്റങ്ങള്‍ വരാനും രാസപദാര്‍ഥങ്ങള്‍ ഭക്ഷണത്തില്‍ കലാരാനും സാധ്യതയുണ്ട്. ഭക്ഷണം സൂക്ഷിക്കാന്‍ ഗ്ലാസ് അല്ലെങ്കില്‍ സ്റ്റീല്‍ പാത്രങ്ങള്‍ ഉപയോഗിക്കുക.

എക്‌സ്പയറി ഡേറ്റ് പരിശോധിക്കുക.

സോസുകള്‍, പാക്കറ്റ് ഭക്ഷണങ്ങള്‍, മസാലപ്പൊടികള്‍ എന്നിവയുടെ കാലാവധി പരിശോധിക്കാതെ ഉപയോഗിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കും.