നഗരസഭയും ആര്‍.ഡി.ഒയും നോക്കുകുത്തിയായി-സോമേശ്വരം സാംസ്‌ക്കാരികസമിതി മാതൃകയായി.-കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്
കരിമ്പം.കെ.പി.രാജീവന്‍
തളിപ്പറമ്പ്: നഗരസഭയും ആര്‍.ഡി.ഒയും ദേശീയപാത അധികൃതരും നോക്കുകുത്തിയായപ്പോള്‍ സോമേശ്വരം സാംസ്‌ക്കാരിക സമിതി ഉണര്‍ന്നു പ്രവര്‍ത്തിച്ചു.
ദേശീയപാതയിലെ തകര്‍ന്ന ബസ് വെയിറ്റിങ്ങ് ഷെല്‍ട്ടറിന് മേല്‍ക്കൂര സ്ഥാപിച്ച് സമിതി മാതൃകയായി.
തളിപ്പറമ്പ് താലൂക്ക് വികസന സമിതിയിലും നഗരസഭയിലുമായി ചൂടുപിടിച്ചുനിന്ന പ്രശ്‌നത്തിന് വെറും 6000 രൂപകൊണ്ടാണ് ഇവര്‍ പരിഹാരം കണ്ടത്.
തിരക്കേറിയ ചിറവക്ക് ജംഗ്ഷനില്‍ ബസ് വെയിറ്റിങ്ങ് ഷെല്‍ട്ടര്‍ ഇല്ലാത്തതിനാല്‍ മഴയത്തും വെയിലത്തും നാട്ടുകാര്‍ അനുഭവിക്കുന്ന ദുരിതം ജൂലായ് മൂന്നിന് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഈ റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് സോമേശ്വരം സാംസ്‌ക്കാരിക സമിതി പ്രവര്‍ത്തകരായ അനീഷ്, നികേഷ്, ഉണ്ണികൃഷ്ണന്‍, ശ്രീനാഥ് എന്നിവര്‍ ചേര്‍ന്ന് വെയിറ്റിങ്ങ് ഷെല്‍ട്ടറിന് മേല്‍പ്പുര പണിയാനുള്ള ശ്രമം തുടങ്ങിയത്.
ഇരുമ്പ് ഷീറ്റ് ഉപയോഗിച്ച് 6000 രൂപ ചെലവഴിച്ചാണ് ഇവര്‍ ബുധനാഴ്ച്ച രാത്രിയില്‍ ഷെല്‍ട്ടറിന് മേല്‍പ്പുര നിര്‍മ്മിച്ചത്.
കഴിഞ്ഞ 3 മാസമായി തളിപ്പറമ്പ് ആര്‍.ഡി.ഒ ഉള്‍പ്പെടെയുള്ളവര്‍ക്ക് മുന്നില്‍ ഈ പ്രശ്‌നം അവതരിപ്പിക്കപ്പെട്ടുവെങ്കിലും ഫലമുണ്ടായില്ല.
താല്‍ക്കാലികമായി ഷെല്‍ട്ടറിന്റെ മേല്‍പ്പുരക്ക് മുകളില്‍ പരസ്യബോര്‍ഡ് എടുത്തുവെച്ച് ആളുകള്‍ മഴകൊള്ളാതെ ഷെല്‍ട്ടറില്‍ ഇരിക്കുന്നത് ഫോട്ടോസഹിതം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും അധികാരസ്ഥാനങ്ങള്‍ ഉറങ്ങുകയായിരുന്നു.
പ്രശ്‌നത്തിന് താല്‍ക്കാലിക പരിഹാരം കണ്ട സോമേശ്വരം സാംസ്‌ക്കാരികസമിതിയെ നാട്ടുകാര്‍ അഭിനന്ദിച്ചു.