കാളവണ്ടി യുഗത്തിലേക്ക് മോട്ടോര്‍വാഹന വകുപ്പിന്റെ നവകേരളപ്രയാണം-നവംബര്‍ 10 മുതല്‍ കമ്പികുത്തി ടെസ്റ്റിലേക്ക്-
കരിമ്പം.കെ.പി.രാജീവന്‍
തളിപ്പറമ്പ്: ആറരകോടി ചെലവഴിച്ച കമ്പ്യൂട്ടറൈസ്ഡ് ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടില്‍ ഇനി പഴയപോല കമ്പികള്‍ നാട്ടി ഡ്രൈവിംഗ് ടെസ്റ്റ് നടത്തും.
നവംബര്‍ 10 മുതല്‍ ഡ്രൈവിംഗ് ടെസ്റ്റ് പഴയരൂപത്തില്‍ തന്നെ നടത്താനാണ് നിര്‍ദ്ദേശം.
അടുത്തകാലത്ത് നടന്ന ബസപകടത്തെ തുടര്‍ന്ന് മോട്ടോര്‍വാഹനവകുപ്പ് സ്‌പെഷ്യല്‍ സ്‌ക്വാഡ് വിവിധ ടെസ്റ്റിംഗ് ഗ്രൗണ്ടുകളില്‍ നടത്തിയ പരിശോധനകളെ തുടര്‍ന്നാണ് പുതിയ നിര്‍ദ്ദേശം.
2020 ഫെബ്രുവരി 12-നാണ് അന്നത്തെ ഗതാഗതവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ തളിപ്പറമ്പ് കാഞ്ഞിരങ്ങാട്ടെ ടെസ്റ്റിംഗ് ഗ്രൗണ്ട് ഉദ്ഘാടനം ചെയ്തത്.
ജര്‍മനിയില്‍ നിന്ന് ഇറക്കുമതി ചെയ്ത ഇന്റഗ്രേറ്റഡ് ടെക്‌നോളജി സാങ്കേതിക സംവിധാനങ്ങളടക്കം പൂര്‍ണമായി എയര്‍കണ്ടീഷന്‍ ചെയ്ത അത്യാധുനിക സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിരുന്നത്.
ഡ്രൈവിംഗ് ടെസ്റ്റും വെഹിക്കിള്‍ ടെസ്റ്റും പൂര്‍ണ്ണമായും സാങ്കേതിക സംവിധാനത്തിലേക്ക് വഴിമാറും. എടപ്പാളില്‍ നിര്‍മ്മിക്കുന്ന ഇന്റര്‍നാഷണല്‍ ലൈസന്‍സിനുള്ള ടെസ്റ്റിംഗ് ഗ്രൗണ്ടിലേക്കുള്ള പ്രാഥമിക ഘട്ട പരീക്ഷകള്‍ ഇവിടെ നടത്താനും ഉദ്ദേശിക്കുന്നതായി മന്ത്രി പറഞ്ഞിരുന്നു.
പ്രതിദിനം 120 പേര്‍ക്കാണ് ടെസ്റ്റ് നടത്തുക. അതോടൊപ്പം കമ്പ്യൂട്ടറൈസ്ഡ് വെഹിക്കിള്‍ ടെസ്റ്റ് സംവിധാനവും ഒരുക്കിയിരുന്നു.
ടെസ്റ്റിന് വരുന്നവര്‍ക്കുള്ള റെസ്റ്റ് റൂം, ശുചിമുറികള്‍, കഫ്റ്റീരിയ തുടങ്ങിയ സൗകര്യങ്ങളും ഏര്‍പ്പെടുത്തി.
നൂറുശതമാനവും കുറ്റമറ്റ രീതിയിലുള്ള ടെസ്റ്റ് സംവിധാനങ്ങളാണ് ഗ്രൗണ്ടില്‍ സജ്ജമാക്കിയിരുന്നതെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് അവകാശപ്പെട്ടത്.
നിലവില്‍ കമ്പ്യൂട്ടര്‍ സംവിധാനം ഇവിടെ പ്രവര്‍ത്തനക്ഷമമല്ല, കമ്പ്യൂട്ടറൈസ്ഡ് ട്രാക്കില്‍ മാന്വലായി നടത്തുന്ന ടെസ്റ്റ് നവംബര്‍ 10 മുതല്‍ പൂര്‍ണമായി മാന്വലായി തന്നെ പഴയതുപോലെ കമ്പികുത്തി നടത്താനാണ് നിര്‍ദ്ദേശം.
കണ്ണൂര്‍ ജില്ലയില്‍ കണ്ണൂരിലും തളിപ്പറമ്പിലും മാത്രമാണിപ്പോള്‍ കമ്പ്യൂട്ടറൈസ്ഡ് സംവിധാനമുള്ളത്.
പയ്യന്നൂര്‍, ഇരിട്ടി, തലശേരി എന്നിവിടങ്ങളില്‍ പഴയ രീതിയില്‍ തന്നെയാണ് ടെസ്റ്റുകള്‍ നടക്കുന്നത്.
ഈ ഭാഗത്തെ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ പരാതികളും ടെസ്റ്റ് പഴയ രീതിയില്‍ തന്നെ നടത്താന്‍ തീരുമാനിച്ചതിന് പിന്നിലുണ്ടെന്നാണ് സൂചനകള്‍.
2020 ല്‍ ഉദ്ഘാടനം ചെയ്തുവെങ്കിലും കരാറുകാരായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി പൂര്‍ണതോതില്‍ ഗ്രൗണ്ട് മോട്ടോര്‍ വാഹനവകുപ്പിന് കൈമാറിയിട്ടില്ലെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.
ആധുനികയുഗത്തില്‍ നിന്ന് കാളവണ്ടി യുഗത്തിലേക്ക് തിരിച്ചുപോകുകയാണ് മോട്ടോര്‍ വാഹനവകുപ്പെന്നാണ് ഡ്രൈവിംഗ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്.