കാക്കാഞ്ചാലിലെ തോല്‍വി- നേതൃത്വത്തിനെതിരെ പ്രതിഷേധം പുകയുന്നു.

തളിപ്പറമ്പ്: കാക്കാഞ്ചാല്‍ വാര്‍ഡിലെ പരാജയത്തില്‍ തളിപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിക്കെതിരെ രൂക്ഷ വിമര്‍ശനം.

കേവലം രണ്ട് വോട്ടിനാണ് ഇവിടെഡി.സി.സി സെക്രട്ടെറിയും നിലവിലുള്ള കൗണ്‍സിലറുമായ കെ.നബീസബീവി സി.പി.എമ്മിലെ എം.പി.സജീറയോട് തോറ്റത്.

നബിസ ബീവിക്ക് 366 വോട്ടും സജീറക്ക് 364 വോട്ടുകളുമാണ് ലഭിച്ചത്.

കാക്കാഞ്ചാലില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ നടന്നത് മുസ്ലിംലീഗിന്റെ നേതൃത്വത്തിലായിരുന്നു.

നഗരസഭ ഭരണം കൈവിട്ടുപോകുമോ എന്ന് ആശങ്കയുള്ളതിനാല്‍ ലീഗ് നേതൃത്വം അരയും തലയും മുറുക്കി കോണ്‍ഗ്രസ് മല്‍സരിക്കുന്ന വാര്‍ഡുകളില്‍ സജീവമായിരുന്നുവെങ്കില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ നിര്‍ജീവമായിരുന്നു.

അവസാനനിമിഷം വരെ മുസ്ലിംലീഗ് നല്‍കിയ ശക്തമായ പിന്തുണ കൊണ്ടുമാത്രമാണ് കാക്കാഞ്ചാലില്‍ സജീറയുടെ ഭൂരിപക്ഷം രണ്ടു വോട്ടായി കുറഞ്ഞത്.

അല്ലായിരുന്നുവെങ്കില്‍ സജീറയുടെ ഭൂരിപക്ഷം വര്‍ദ്ധിക്കുമായിരുന്നു.

പുഴക്കുളങ്ങരയിലും പാളയാടും കോണ്‍ഗ്രസ് നേടിയ വിജയത്തിന്റെ ക്രെഡിറ്റ് പൂര്‍ണമായും ലീഗ് നേതൃത്വത്തിനാണ്.

ഈ രണ്ട് ഇടങ്ങളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ തങ്ങളുടെ സ്വന്തം സ്ഥാനാര്‍ത്ഥികളായി കണ്ടാണ് ലീഗ് പ്രവര്‍ത്തിച്ചത്.

ലീഗിന്റെ മുഴവന്‍ വോട്ടുകളും ഇവിടെ പോള്‍ ചെയ്യിക്കാനും അവര്‍ ശ്രദ്ധിച്ചിരുന്നു.

എന്നാല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ പ്രവര്‍ത്തനം വളരെ ദുര്‍ബലമായിരുന്നു.

എന്തിനാണ് ഇത്തരമൊരു മണ്ഡലം കമ്മറ്റി പ്രവര്‍ത്തിക്കുന്നതെന്നാണ് ഒരു പ്രമുഖ കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചത്.

നേതൃത്വം മാറണമെന്ന ചര്‍ച്ച വരെ അടുത്ത ദിവസങ്ങളില്‍ സജീവമാകുമെന്നും അദ്ദേഹം പറഞ്ഞു.