കൃഷിസ്ഥലവും തൊഴിലാളികളുടെ ജോലിയും നഷ്ടപ്പെടുത്തി നാടുകാണിയില്‍ മൃഗശാല വേണ്ടെന്ന് സി.പി.ഐ നേതാവും കാസര്‍ഗോഡ് ജില്ലാ റബ്ബര്‍ ആന്റ് കാഷ്യു യൂണിയന്‍ സെക്രട്ടെറിയുമായ കെ.എസ്.കുര്യാക്കോസ്

സ്വന്തം പ്രതിനിധി(ചിറ്റാരിക്കാല്‍).

ചിറ്റാരിക്കല്‍: കൃഷിസ്ഥലവും തൊഴിലാളികളുടെ ജോലിയും നഷ്ടപ്പെടുത്തി നാടുകാണിയില്‍ മൃഗശാല വേണ്ടെന്ന് സി.പി.ഐ നേതാവും കാസര്‍ഗോഡ് ജില്ലാ റബ്ബര്‍ ആന്റ് കാഷ്യു യൂണിയന്‍ സെക്രട്ടെറിയുമായ കെ.എസ്.കുര്യാക്കോസ്.

വികസനത്തിന് തങ്ങള്‍ എതിരല്ലെന്നും പക്ഷെ, നാടുകാണി എസ്റ്റേറ്റില്‍ തന്നെ മൃഗശാല സ്ഥാപിക്കാനുള്ള നീക്കത്തെ എതിര്‍ക്കുമെന്നും അദ്ദേഹം കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിനോട് പറഞ്ഞു.

1962 ല്‍ കൃഷി ആവശ്യത്തിന് മാത്രമായിട്ടാണ് ഗവണ്‍മെന്റ് പ്ലാന്റേഷന്‍ കോര്‍പറേഷന് സ്ഥലം കൈമാറിയതെന്നും ഇത് കൃഷിക്ക് മാത്രമായി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

പ്ലാന്റേഷന്‍ കോര്‍പറേഷന്റെ ഭാഗമായ ചീമേനി എസ്റ്റേറ്റില്‍ പെടുന്ന സ്ഥലം നേരത്തെ 350 ഏക്കര്‍ തുറന്ന ജയിലിനും 475 ഏക്കര്‍ സോളാര്‍ പാര്‍ക്കിനും 100 ഏക്കര്‍ ഐ.ടി കോളജിനും വേണ്ടി വിട്ടുനല്‍കിയിരുന്നു.

ബസ്റ്റാന്റിന് 7 ഏക്കറും ഫയര്‍ സ്റ്റേഷനും സ്ഥലം വിട്ടുനല്‍കിയിട്ടുണ്ട്.

ഇതോടെ വലിയതോതിലുള്ള കശുവണ്ടി ഉല്‍പ്പാദനം ഇല്ലാതായി.

നാടുകാണിയിലെ 300 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുമെന്ന് എം.എല്‍.എ പറഞ്ഞത് കൃഷിമന്ത്രിയുമായോ പ്ലാന്റേഷന്‍ കോര്‍പറേഷന്‍, ചെയര്‍മാന്‍, എം.ഡി എന്നിവരോടോ ആലോചിക്കാതെയാണ്.

ജൈവ സര്‍ട്ടിഫിക്കറ്റ് ലഭിച്ച 24,000 കറുവപ്പട്ട മരങ്ങളാണ് നാടുകാണിയിലുള്ളത്.

ഇവിടെ നിന്നും കറുവപ്പട്ടയും തൈലവും ഉല്‍പ്പാദിപ്പിക്കുന്നുണ്ട്.

ഏഷ്യയിലെ ഏറ്റവും വലിയ കറപ്പത്തോട്ടമായ ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നത് ഉയര്‍ന്ന ഗുണമേന്‍മയുള്ള ഉല്‍പ്പന്നങ്ങളാണ്.

ഉയര്‍ന്ന പ്രദേശമായതിനാല്‍ മൃഗശാല വരുന്നത് പരിസ്ഥിതിയേയും ബാധിക്കും.

ഈ പ്രദേശത്തിന്റെ താഴെ ഭാഗത്ത് താമസിക്കുന്നവര്‍ക്ക് ഇത് ദോഷം ചെയ്യുമെന്നും കെ.എസ്.കുര്യാക്കോസ് പറഞ്ഞു.

സമീപ പഞ്ചായത്തായ കടന്നപ്പള്ളി-പാണപ്പുഴയില്‍ കാരക്കുണ്ടിലും ആലുള്ളപാറയിലും മൃഗശാലയും മ്യൂസിയവും സ്ഥാപിക്കാന്‍ അനുയോജ്യമായ ഭൂമി യഥേഷ്ടമുള്ള സാഹചര്യത്തില്‍ ഇത്തരം സ്ഥലങ്ങള്‍ ഉപയോഗപ്പെടുത്തണം.

കൃഷിക്ക് പൂര്‍ണമായും ഉപയോഗപ്പെടുത്തണമെന്ന ലക്ഷ്യത്തോടെയാണ് 2003 ല്‍ ആലക്കോട് രാജാവില്‍ നിന്ന് ഏറ്റെടുത്ത സ്ഥലം പോലും പതിച്ചുകൊടുക്കാതെ എസ്റ്റേറ്റിന്റെ ഭാഗമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

ഈ വിഷയം സംസ്ഥാനതലത്തില്‍ തന്നെ ഉന്നയിച്ച് സമരരംഗത്തിറങ്ങുന്നതിന്റെ ഭാഗമായിട്ടാണ് യൂണിയന്റെ സംസ്ഥാന ജന.സെക്രട്ടെറി വാഴൂര്‍ സോമന്‍ എം.എല്‍.എയെ തന്നെ ജൂലായ്-3 ന് നടക്കുന്ന തളിപ്പറമ്പ് താലൂക്ക് ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യാന്‍ ക്ഷണിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൃഷിയിടവും തൊഴിലും നഷ്ടപ്പെടുത്തിക്കൊണ്ടുള്ള എന്ത് വികസനത്തേയുംഎതിര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.