പുളിമ്പറമ്പ് കരിപ്പൂലില്‍ സി.പി.എം-സി.പി.ഐ സംഘര്‍ഷം-സി.പി.ഐയുടെ കൊടിമരവും ബോര്‍ഡും നശിപ്പിച്ചു-പ്രതിഷേധപ്രകടനം

തളിപ്പറമ്പ്: പുളിമ്പറമ്പ് കരിപ്പൂലില്‍ സി.പി.എം-സി.പി.ഐ സംഘര്‍ഷം.

സി.പി.ഐ സംസ്ഥാന വ്യാപകമായി നടത്തുന്ന എം.എന്‍.സ്മാരക ഫണ്ടിന്റെയും, എ.ഐ.വൈ.എഫ് സംസ്ഥാന കാല്‍നട ജാഥയുടെയും ഭാഗമായി പുളിമ്പറമ്പ് കരിപ്പൂലില്‍ പതിച്ച പോസ്റ്ററുകളും കൊടിമരവും നശിപ്പിച്ചതിനെ തുടര്‍ന്നാണ് ഇരുവിഭാഗം പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തത്.

ഇന്നലെ രാത്രി സി.പി.ഐ കരിപ്പൂല്‍ ബ്രാഞ്ച് സെക്രട്ടെറി രാജീവ് കുമാറും സി.പി.എം പ്രവര്‍ത്തകരുമായി വാക്കേറ്റവും നടന്നു.

ഇന്നലെ കരിപ്പൂലില്‍ ഇ.കെ.നായനാര്‍ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം നടന്നിരുന്നു.

മുന്‍മന്ത്രി കെ.കെ.ശൈലജടീച്ചറാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

കരിപ്പൂലില്‍ സി.പി.ഐ പ്രവര്‍ത്തനം ഇപ്പോള്‍ ശക്തിപ്പെട്ടിട്ടുണ്ട്.

ഇതിന്റെ ഭാഗമായി പോസ്റ്ററുകളും കൊടികളും സ്ഥാപിച്ചിരുന്നു.

ഇവിടെ സി.പി.എം മാത്രമേ ഉള്ളൂ എന്ന് കാണിക്കാനാണ് സി.പി.ഐ കൊടികളും പോസ്റ്ററുകളും നശിപ്പിച്ചതെന്ന് ലോക്കല്‍ സെക്രട്ടറി സി.ലക്ഷ്മണന്‍ ആരോപിച്ചു.

വെള്ളിയാഴ്ച്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് കരിപ്പൂല്‍ പ്രദേശത്തെ ജിഷ്ണു, അഖില്‍രാജ് എന്നിവര്‍ ചേര്‍ന്ന് പോസ്റ്ററുകളും കൊടിമരവും നശിപ്പിച്ചതെന്ന് സി.പി.ഐ കരിപ്പൂല്‍ ബ്രാഞ്ച് സെക്രട്ടരി എം.രാജീവ് കുമാര്‍ തളിപ്പറമ്പ് പോലിസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് നല്കിയ പരാതിയില്‍ പറയുന്നു.

പോസ്റ്റര്‍ ബോര്‍ഡ് പിഴുതെടുത്ത് കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങള്‍ സഹിതമാണ് പോലിസില്‍ പരാതി നല്‍കിയത്.

സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ രാത്രി കരിപ്പൂലില്‍ ജില്ലാ കൗണ്‍സില്‍ അംഗം കോമത്ത് മുരളീധരന്റെ നേതൃത്വത്തില്‍ സി.പി.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.

സി.ലക്ഷമണന്‍, എം.രഘുനാഥ്, എം.രാജീവ് കുമാര്‍, പി.പി.ശ്രീനിവാസന്‍ എന്നിവര്‍ പങ്കെടുത്തു.